World
palestine migrants
World

ഗസ്സയില്‍ നിന്ന് പുറന്തള്ളുന്നവരെ സ്വീകരിക്കാൻ വിവിധ രാജ്യങ്ങളുമായി ചർച്ച നടത്തി ഇസ്രായേൽ

Web Desk
|
3 Jan 2024 12:15 PM GMT

ആക്രമണം തുടങ്ങി മൂന്ന് മാസമായിട്ടും ഇസ്രായേലിന് ഇതുവരെ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടാനായിട്ടില്ല

ജറൂ​സലേം: ഗസ്സയില്‍ നിന്ന് പുറന്തള്ളുന്നവര്‍ക്ക് താവളമൊരുക്കാൻ ഇസ്രായേൽ വിവിധ രാജ്യങ്ങളുമായി ചർച്ച നടത്തുകയാണെന്ന് റിപ്പോർട്ട്. ഫലസ്തീനി​കളെ മറ്റു രാജ്യങ്ങളിൽ പുനരധിവസിപ്പിക്കുന്നത് സർക്കാറിന്റെ ഔദ്യോഗിക നയമായി മാറിയിട്ടുണ്ടെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച് പല രാജ്യങ്ങളുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

ആഫ്രിക്കൻ രാജ്യമായ കോംഗോയിലേക്ക് ആയിരക്കണക്കിന് അഭയാർഥികളെ മാറ്റുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. ഗസ്സയില്‍ നിന്ന് പുറന്തള്ളുന്നവരെ സ്വീകരിക്കാന്‍ കോംഗോ തയാറാണെന്നും മറ്റു രാജ്യങ്ങളുമായി ചർച്ച നടത്തുകയാണെന്നും സുരക്ഷ കാബിനറ്റിലെ മുതിർന്ന വൃത്തങ്ങൾ അറിയിച്ചു.

മറ്റു രാജ്യങ്ങളിലേക്ക് ഗസ്സക്കാരുടെ ‘സ്വമേധയായുള്ള കുടിയേറ്റം’ സുഗമമാക്കാൻ താൻ പ്രവർത്തിക്കുന്നുണ്ടെന്ന് കഴിഞ്ഞ തിങ്കളാഴ്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഇന്റലിജൻസ് മന്ത്രി ഗില ഗാംലിയലും വ്യക്മാക്കി. ‘ഞങ്ങളുടെ പ്രശ്നം ഗസ്സക്കാരെ ഉൾക്കൊള്ളാൻ തയ്യാറുള്ള രാജ്യങ്ങളെ കണ്ടെത്തുക എന്നതാണ്, ഞങ്ങൾ അതിനായി പ്രവർത്തിക്കുന്നുണ്ട്” - ഗില ഗാംലിയൽ പറഞ്ഞു. യുദ്ധം അവസാനിച്ചശേഷം ഏറ്റവും മികച്ചതും യാഥാർത്ഥ്യബോധമുള്ളതുമായ പ്രവർത്തനമാകും ‘സ്വമേധയായുള്ള കുടിയേറ്റ’മെന്നും ഗില വ്യക്തമാക്കിയിരുന്നു.

ചൊവ്വാഴ്ച യുദ്ധാനന്തര ഗസ്സയുടെ സാധ്യതകൾ പരിശോധിക്കാൻ സെനറ്റിൽ ചേർന്ന കോൺഫറൻസിലും ഗില ഇക്കാര്യങ്ങൾ ആവർത്തിച്ചിരുന്നു. യുദ്ധത്തിനൊടുവിൽ ഹമാസ് ഭരണം തകരും. നഗരസഭ ഭരണങ്ങളുണ്ടാകില്ല. സിവിലിയൻ ജനതക്ക് പൂർണമായും മാനുഷിക പരിഗണന ലഭിക്കും.ഗസ്സയിലെ കൃഷിഭൂമിയുടെ 60 ശതമാനം സുരക്ഷ ബഫർ സോണുകളായി മാറുമെന്നും ഗില പറഞ്ഞിരുന്നു.

എന്നാൽ, ഫലസ്തീൻ ജനതയെ ഗസ്സയിൽനിന്ന് പുറന്തള്ളാനുള്ള ഇസ്രായേൽ മന്ത്രിമാരുടെ പ്രസ്താവനക്കെതിരെ അമേരിക്ക ​എതിർപ്പുമായി രംഗത്ത് വന്നിട്ടുണ്ട്. ഗസ്സയിൽനിന്ന് ഫലസ്തീനികളുടെ കൂട്ട കുടിയൊഴിപ്പിക്കൽ ഉണ്ടാവില്ലെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ വ്യക്തമാക്കി. ഗസ്സ ഫലസ്തീനികളുടെ മണ്ണാണ്, അത് ഫലസ്തീനികളുടേതായി തുടരുമെന്ന് തന്നെയാണ് തങ്ങളുടെ കൃത്യവും വ്യക്തവും അസന്നിഗ്ധവുമായ നിലപാട്. എന്നാണ് അതിന്റെ നിയന്ത്രണം ഹമാസിനായിരിക്കില്ല. ഇസ്രായേലിനെ ഭീഷണിപ്പെടുത്താൻ ഒരു തീവ്രവാദ സംഘടനയേയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഒക്ടോബർ ഏഴിന് ശേഷമുള്ള ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 22,185 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഏകദേശം 57,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഗസ്സയിലെ പകുതിയിലധികം കെട്ടിടങ്ങൾ തകരുകയും ചെയ്തു.

അതേസമയം, ഗസ്സയിൽ ആക്രമണം തുടങ്ങി ഏകദേശം മൂന്ന് മാസമായിട്ടും ഇസ്രായേലിന് ഇതുവരെ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടാനായിട്ടില്ല. ഹമാസിന്റെ ഭാഗത്തുനിന്ന് വലിയ തിരിച്ചടിയാണ് ഇസ്രായേൽ നേരിടുന്നത്. ഗസ്സയെ ആളില്ലാത്ത മരുഭൂമിയാക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതീക്ഷകൾക്ക് അപ്പുറമാണ് ഹമാസിന്റെ ചെറുത്തുനിൽപ്പ്.

പ്രഖ്യാപിത ലക്ഷ്യങ്ങളായ ബന്ദികളെ പുറത്തെത്തിക്കലും ഹമാസിനെ തകർക്കലും എവിടെയുമെത്താതെ തുടരുന്നതിനിടെ ഗസ്സയിൽനിന്ന് ആയിരക്കണക്കിന് സൈനികരെ ഇസ്രായേൽ പിൻവലിച്ചിരുന്നു. അഞ്ച് ബ്രിഗേഡുകളെയാണ് പിൻവലിച്ചത്. വടക്കൻ ഗസ്സയുൾപ്പെടെ മേഖലകളിൽനിന്നാണ് വൻതോതിൽ പിന്മാറ്റം.

ഇസ്രായേൽ ​സേനയുടെ മുൻ മേധാവികളടക്കം സമർഥിക്കുന്നത് യുദ്ധത്തിൽ ഇസ്രായേൽ പരാജയപ്പെട്ട് കൊണ്ടിരിക്കുകയാണെന്നാണ്. കൂടാതെ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ജനസമ്മിതിയിൽ രാജ്യത്ത് വലിയ കുറവും സംഭവിച്ചിട്ടുണ്ട്.

Related Tags :
Similar Posts