വടക്കൻ ഗസ്സയിൽനിന്ന് വീണ്ടും ഒഴിഞ്ഞുപോകാൻ ഉത്തരവിട്ട് ഇസ്രായേൽ
|ഇവിടെനിന്ന് റോക്കറ്റ് വിക്ഷേപിച്ചെന്ന് ആരോപിച്ചാണ് വീണ്ടും ആക്രമണത്തിന് ഇസ്രായേൽ തയാറെടുക്കുന്നത്
ഗസ്സ സിറ്റി: വടക്കൻ ഗസ്സയിലെ വലിയൊരു മേഖലയിൽനിന്ന് വീണ്ടും ഒഴിഞ്ഞുപോകാൻ ഉത്തരവിട്ട് ഇസ്രായേൽ സൈന്യം. കഴിഞ്ഞദിവസം ഈ ഭാഗത്തുനിന്ന് റോക്കറ്റ് ആക്രമണം ഉണ്ടായെന്ന് പറഞ്ഞാണ് വീണ്ടും ആക്രമണത്തിന് ഇസ്രായേൽ തയാറെടുക്കുന്നത്. വടക്കൻ ഗസ്സ മുനമ്പിലെ അൽ മൻഷിയ്യ, ഷെയ്ഖ് സായിദ്, ബയ്ത് ലാഹിയ എന്നിവിടങ്ങളിൽനിന്നാണ് പ്രദേശവാസികളോട് അവരുടെ വീടുകളിൽനിന്ന് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടത്. ഫലസ്തീൻ സായുധ വിഭാഗങ്ങൾ ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണങ്ങൾ നടത്തുകയാണെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ ആരോപണം.
നിലവിൽ ഒഴിപ്പിക്കാൻ നിർദേശം നൽകിയ പ്രദേശം അപകടകരമായ മേഖലയാണെന്ന് സൈനിക വക്താവ് അവിചയ് അദ്രയേ ആരോപിക്കുന്നു. അതേസമയം, ഇവിടത്തെ ആരോഗ്യ കേന്ദ്രങ്ങളെ ഒഴിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ചയാണ് വടക്കൻ ഗസ്സയിൽനിന്ന് രണ്ട് റോക്കറ്റുകൾ ഇസ്രായേലിന് നേരെ വിക്ഷേപിച്ചതെന്ന് സൈന്യം പറയുന്നു. ഇതിൽ ഒന്ന് കടലിൽ വീണതായും മറ്റൊന്ന് തെക്കൻ ഇസ്രായേലിലെ അഷ്കലോണിൽ തകർത്തുവെന്നും ഇസ്രായേൽ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഒഴിപ്പിക്കൽ ഉത്തരവ് ഇറക്കിയത്.
ഒക്ടോബർ ഏഴിന് ശേഷം ആരംഭിച്ച ആക്രമണത്തിനിടയിലും ലക്ഷക്കണക്കിന് പേരെ വടക്കൻ ഗസ്സയിൽനിന്ന് ഒഴിപ്പിച്ചിരുന്നു. മാസങ്ങൾ നീണ്ടുനിന്ന ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങളാണ് ഇവിടെ സംഭവിച്ചത്. ലക്ഷക്കണക്കിന് പേർ ഇവിടെനിന്ന് പലായനം ചെയ്തു.
അതേസമയം, വടക്കൻ ഗസ്സയിൽ ഹമാസിനെ പൂർണമായും തുരത്തിയെന്ന് കാണിച്ച് ഇവിടെനിന്ന് ഇസ്രായേലി സൈന്യം പിൻവാങ്ങിയിരുന്നു. ഇതിന് ശേഷം നിരവധി പേർ വടക്കൻ ഗസ്സയിലേക്ക് തിരിച്ചെത്തുകയുണ്ടായി. എന്നാൽ, ഇപ്പോൾ ഇവിടെനിന്ന് വീണ്ടും ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്നത് വലിയ ദുരിതം തന്നെയാകും സൃഷ്ടിക്കുക.
ഗസ്സയിലെ ഇസ്രായേലിന്റെ ആസൂത്രിത വംശഹത്യ 344 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതുവരെ 41,182 പേരാണ് കൊല്ലപ്പെട്ടത്. 95,280 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ 48 മണിക്കൂറിനിടെ 64 പേർ മരണത്തിന് കീഴടങ്ങി. 155 പേർക്ക് പരിക്കേറ്റു.