ബന്ദികളെ വിട്ടുകിട്ടാതെ വെടിനിർത്തലിനില്ലെന്ന് ഇസ്രായേൽ; ഗസ്സയില്‍ നരഹത്യ തുടർന്ന് സൈന്യം
|യു.എസ് വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ഇന്ന് ഗൾഫ് മന്ത്രിമാരെ കാണും
ഗസ്സ സിറ്റി: താൽക്കാലിക വെടിനിർത്തൽ നിർദേശം തള്ളി, ഗസ്സയിലെ സിവിലിയൻ കേന്ദ്രങ്ങൾക്കുനേരെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. അൽ ശിഫ ആശുപത്രിക്കും പരിക്കേറ്റവരെ കൊണ്ടു പോകുന്ന ആംബുലൻസുകൾക്കും നേരെ ഇന്നലെ നടന്ന ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഗസ്സയിൽ ആക്രമണം തുടർന്നാൽ ലബനാനിലും യെമനിലും പുതിയ യുദ്ധമുഖങ്ങൾ തുറക്കാൻ മടിക്കില്ലെന്ന് ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല മുന്നറിയിപ്പ് നല്‍കി. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം പുനഃപരിശോധിക്കണമെന്ന് ഇസ്രായേലിനോട് നിർദേശിച്ചതായി അമേരിക്ക അറിയിച്ചു.
ബന്ദികളെ വിട്ടുകിട്ടാതെ താൽക്കാലിക വെടിനിർത്തലിന് തയാറല്ലെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കനു മുമ്പാകെ വ്യക്തമാക്കിയ ഇസ്രായേൽ ഗസ്സയിൽ കൊടുംക്രൂരതകൾ ആവർത്തിക്കുകയാണ്. അൽ ശിഫാ ആശുപത്രിക്ക് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ 15 പേർ മരപ്പെട്ടു. 60 പേർക്ക് പരിക്കുണ്ട്. ആശുപത്രിയുടെ മുൻഭാഗത്താണ് മിസൈൽ പതിച്ചത്. യുദ്ധത്തിൽ പരിക്കേറ്റവരുമായി പോവുകയായിരുന്ന ആംബുലൻസുകൾക്ക് നേരെയും സൈന്യം ബോംബാക്രമണം നടത്തി. ഗുരുതരമായി പരിക്കേറ്റ ഇരുപതോളം പേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. ഹമാസ് പോരാളികളാണ് ആംബുലൻസിൽ ഉണ്ടായിരുന്നതെന്ന ഇസ്രായേൽ സൈന്യത്തിന്‍റെ വാദം ആരോഗ്യ മന്ത്രാലയം തള്ളി.
രക്ഷതേടി തെക്കൻ ഗസ്സയിലേക്ക് പോകുന്നവർക്കു നേരെയും ആക്രമണം ഉണ്ടായി. കുട്ടികൾ ഉൾപ്പെടെ 14 പേർ മരിച്ചു. ഗസ്സയിൽ ഇതുൾപ്പെടെ 967 കൂട്ടക്കുരുതികൾ ഇസ്രായേൽ നടത്തിയതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. ഇന്ധനം ഇല്ലാതായതോടെ പ്രധാന ആശുപത്രികളിൽ പലതിന്‍റെയും പ്രവർത്തനം നിലച്ചു. ലോകം അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ മാനുഷിക ദുരന്തം ഞെട്ടിക്കുന്നതായിരിക്കുമെന്ന് ഗസ്സയിലെ യു.എൻ ഏജൻസികൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ഗസ്സ സിറ്റി വളഞ്ഞ ഇസ്രായേൽ സൈന്യത്തെ തുരത്താൻ ശക്തമായ പ്രതിരോധം തുടരുന്നതായി ഹമാസ് അറിയിച്ചു. 25 സൈനികൾ കരയുദ്ധത്തിൽ കൊല്ലപ്പെട്ടതായും 160 പേർക്ക് പരിക്കേറ്റതായും ഇസ്രായേൽ അറിയിച്ചു. ഗസ്സയിൽ ആക്രമണം തുടർന്നാൽ ലബനാനിലും യെമനിലും യഥാർഥ യുദ്ധമുഖം തുറക്കുമെന്ന് ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല പ്രഖ്യാപിച്ചതോടെ യുദ്ധവ്യാപ്തി സംബന്ധിച്ച ആശങ്ക വർധിച്ചിരിക്കുകയാണ്.
മൂന്നാം തവണയും ഇസ്രായേലിൽ എത്തിയ യു.എസ് വിദേശകാര്യ നെതന്യാഹു ഉൾപ്പെടെയുള്ളവരുമായി യുദ്ധകാര്യങ്ങൾ ചർച്ച ചെയ്തു. ഇന്ന് ജോർദാൻ രാജാവുമായും ബ്ലിങ്കന്‍ ചർച്ച നടത്തും. ഈജിപ്ത്, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരെയും ബ്ലിങ്കന്‍ കാണും. ബന്ദികളെ കണ്ടെത്താൻ അയച്ച ആളില്ലാ വിമാനം ഗസ്സയിൽ നിരീക്ഷണം തുടരുകയാണെന്ന് അമേരിക്ക വ്യക്തമാക്കി.
Summary: Rejecting the temporary ceasefire, Israel intensified its attacks on civilian centers in Gaza