ഹമാസ് ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണെന്ന് ഇസ്രായേൽ
|ഹമാസിന്റെ സൈനിക ശേഷി ഇല്ലാതാക്കാൻ ഇസ്രായേലിന് സാധിക്കില്ലെന്ന് യു.എസ് ഉദ്യോഗസ്ഥർ
ഇസ്രായേൽ 140 ദിവസമായി ഗസ്സയിൽ തുടരുന്ന ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. മരണസംഖ്യ 30,000ന് അടുത്തെത്തി. അതിനിരട്ടിയിലധികം ആളുകൾക്ക് പരിക്കേറ്റു. ഭൂരിഭാഗം പേരും ഭവനരഹിതരായി. എന്നാൽ, ഇത്രയും നാശനഷ്ടങ്ങൾ സൃഷ്ടിച്ചെങ്കിലും ഹമാസ് ഇപ്പോഴും തങ്ങൾക്ക് ഭീഷണിയായി തുടരുകയാണെന്ന് ഇസ്രായേൽ സുരക്ഷ ഉദ്യോഗസ്ഥർ പറയുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലിലെ നിലവിലെയും മുമ്പത്തെയും സുരക്ഷ ഉദ്യോഗസ്ഥർ, ഗസ്സ നിവാസികൾ എന്നിവരുമായി സംസാരിച്ചാണ് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്.
ഗസ്സക്ക് മേൽ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിന്റെ രീതിക്കെതിരെ ലോകരാജ്യങ്ങളുടെ ഭാഗത്തുനിന്ന് വലിയ വിമർശനങ്ങളാണ് വരുന്നത്. ഇത്‍ വകവെക്കാരെ ഇസ്രായേൽ സൈന്യം ഹമാസിന്റെ ശക്തിക്ക് കനത്ത പ്രഹരമേല്പിക്കുകയും കമാൻഡർമാരെ കൊല്ലുകയും തുരങ്കങ്ങൾ നശിപ്പിക്കുകയും ആയുധങ്ങൾ കണ്ടെത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ, ഹമാസിനെ നശിപ്പിക്കുക എന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലക്ഷ്യം അവ്യക്തമായി തുടരുകയാണെന്ന് നിലവിലെയും മുൻ ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു. ഹമാസിനെ പരാജയപ്പെടുത്താൻ ദീർഘകാലം നീണ്ടുനിൽക്കുന്ന യുദ്ധം തന്നെ വേണ്ടി വരുമെന്നാണ് അവർ കരുതുന്നത്.
ഹമാസിന്റെ സൈനിക ശക്തികൾ മനസ്സിലാക്കാനുള്ള സമഗ്രമായ ദൗത്യത്തിലാണ് ഇസ്രായേൽ ഏർപ്പെട്ടിരിക്കുന്നതെന്ന് ഇസ്രായേലി മിലിട്ടറി ഇന്റലിജൻസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഈ ദൗത്യം തന്റെ വരും തലമുറയിലേക്ക് നീണ്ടുപോകാൻ സധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേൽ സൈന്യത്തിന്റെ പ്രവർത്തനങ്ങൾ വഴി ഹമാസിന്റെ ശക്തിയെ പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, അവരുടെ സൈനിക ശേഷി ഇല്ലാതാക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ഇസ്രായേലിന് സാധിക്കില്ലെന്ന് യു.എസ് ഉദ്യോഗസ്ഥർ പറയുന്നു.
ഒക്ടോബർ ഏഴിനുശേഷം 10,000ത്തിലധികം ഹമാസ് പോരാളികളെ കൊലപ്പെടുത്തിയതായി ഇസ്രായേൽ അവകാശപ്പെടുന്നുണ്ട്. എന്നാൽ, എങ്ങനെയാണ് എണ്ണം തിട്ടപ്പെടുത്തിയതെന്ന് സംബന്ധിച്ച് വിശദീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ച് കൃത്യമായ കണക്ക് ലഭിക്കാൻ പ്രയാസമാണെന്ന് വിശകലന വിദഗ്ധർ പറയുന്നു.
ഹമാസിന്റെ 24 ഗസ്സ ബറ്റാലിയനുകളിൽ 18 എണ്ണത്തിന്റെ കമാൻഡ് ഘടന സൈന്യം തകർത്തതായി ഇസ്രായേൽ ഉദ്യോഗസ്ഥർ പറയുന്നു. കമാൻഡർമാരെയും ഡെപ്യൂട്ടി കമാൻഡർമാരെയും മറ്റു ഓഫീസർമാരെയും കൊല്ലുകയും യൂണിറ്റുകളെ നിഷ്പ്രഭമാക്കിയെന്നും അവർ ചൂണ്ടിക്കാട്ടി.
എന്നാൽ, ആയിരക്കണക്കിന് ഹമാസ് പോരാളികൾ ശേഷിക്കുന്ന ബറ്റാലിയനുകളിലായും സ്വതന്ത്രമായും പ്രവർത്തിക്കുന്നുണ്ട്. ഇതിൽ പലരും തുരങ്കത്തിലാണുള്ളതെന്നും ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.
രണ്ട് മുതിർന്ന കമാൻഡർമാരായ അയ്മാൻ നോഫൽ, അഹ്മദ് അൽ ഗന്ദൂർ എന്നിവർ കൊല്ലപ്പെട്ടതായി ഹമാസ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, മറ്റു നഷ്ടങ്ങളെക്കുറിച്ച് ഹമാസ് കാര്യമായൊന്നും വെളിപ്പെടുത്തിയിട്ടില്ല. മാത്രമല്ല, ഇസ്രായേൽ സൈനികരെ സ്ഥിരമായി ആക്രമിക്കുന്നതിന്റെ വിവരങ്ങൾ പുറത്തുവിടാറുമുണ്ട്.
ഇസ്രായേൽ സൈന്യവുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ ഹമാസ് ഒഴിവാക്കിയിട്ടുണ്ട്. ഇത് അവരുടെ ബലഹീനതയുടെ അടയാളമായാണ് ഇസ്രായേൽ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, ഇത് ഹമാസിന്റെ തന്ത്രമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നാശനഷ്ടങ്ങളുടെ എണ്ണം കുറക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഒക്ടോബർ അവസാനം ഇസ്രായേൽ സൈന്യത്തിന്റെ 401-ാമത്തെ ബ്രിഗേഡ് ഗസ്സ ആക്രമിച്ചപ്പോൾ, നഗരത്തിന്റെ വടക്കുപടിഞ്ഞാറൻ അറ്റത്ത് എത്താൻ ഒരാഴ്ചത്തെ യുദ്ധം വേണ്ടിവന്നിരുന്നു. എന്നാൽ, മൂന്നാഴ്ച മുമ്പ് സൈന്യം ഇത് രണ്ട് മണിക്കൂർ കൊണ്ട് സാധ്യമാക്കിയതായി ഇസ്രോയൽ ഉദ്യോഗസ്ഥർ പറയുന്നു. വടക്ക് ഹമാസിന്റെ ശക്തി കുറഞ്ഞതിന്റെ തെളിവാണിത്. ഇവിടെ ഹമാസ് പോരാളികൾ വിശാലമായ സൈനിക വിഭാഗത്തിന്റെ പിന്തുണയില്ലാതെ ഒറ്റപ്പെട്ട നിലയിലാണ് പ്രവർത്തിക്കുന്നതെന്ന് മിലിട്ടറി ഇന്റലിജൻസ് ഉദ്യോഗസ്ഥർ ന്യൂയോർക്ക് ടൈംസിനോട് വ്യക്തമാക്കുന്നു.
അതേസമയം, ആഴ്ചകൾക്കുമുമ്പ് ഇസ്രായേൽ സൈനികർ ഇവിടെനിന്ന് പിൻവാങ്ങിയ ശേഷം വീണ്ടും തിരിച്ചെത്തുകയുണ്ടായി. ഇത് ഹമാസ് ഇപ്പോഴും അവിടെ സജീവമാണെന്നതിനെ സൂചിപ്പിക്കുന്നു. കുറഞ്ഞത് 5000 ഹമാസ് പോരാളികളെങ്കിലും വടക്കൻ മേഖലയിൽ അവശേഷിക്കുന്നുണ്ടെന്ന് ഇസ്രായേൽ സൈന്യം വിശ്വസിക്കുന്നതായി ഇന്റലിജൻസ് ഓഫിസർ പറഞ്ഞു. ഇവർ ഇസ്രായേലിലേക്ക് റോക്കറ്റുകൾ വിക്ഷേപിക്കാനും കരസേനയെ ആക്രമിക്കാനും കഴിവുള്ള ശക്തിയായി തുടരുകയാണ്.
വടക്കൻ ഗസ്സയിൽ ഹമാസ് പൂർണമായും പരാജയപ്പെട്ടിട്ടില്ലെന്ന് വടക്ക് പ്രവർത്തിക്കുന്ന നഹാൽ ബ്രിഗേഡിന്റെ ചീഫ് ഓഫ് സ്റ്റാഫ് കേണൽ നോച്ചി മണ്ടൽ പറഞ്ഞു. തങ്ങൾ ഒരുപാട് പ്രവത്തനങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ ഇനിയും ചെയ്യാനുണ്ട്. നവംബറിൽ ഇസ്രായേൽ സൈന്യം ആക്രമിച്ച അൽ-ഷിഫ ആശുപത്രിയിലേക്കും വീണ്ടും സൈന്യം എത്തിയിട്ടുണ്ട്. വരും ആഴ്‌ചകളിൽ വടക്കിന്റെ മറ്റ് ഭാഗങ്ങളിലേക്കും നീങ്ങും. എന്നിരുന്നാലും, സൈന്യം മുമ്പത്തേത് പോലെ ശക്തമായ തിരിച്ചടി നേരിടുന്നില്ലെന്നും കേണൽ മണ്ടൽ ഊന്നിപ്പറഞ്ഞു.
വടക്കുഭാഗത്ത് ഇപ്പോഴും മൂന്ന് ലക്ഷത്തോളം ഫലസ്തീനികൾ കഴിയുന്നുണ്ട്. ഇവിടെ ഇസ്രായേൽ നടത്തുന്ന റെയ്ഡുകൾ സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. ഭക്ഷണമില്ലാതെ വലയുന്ന ജനത്തിന് പ്രദേശത്തുകൂടി സഞ്ചരിക്കാൻ സൈനിക നടപടികൾ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ഫലസ്തീനികൾ പറയുന്നു. കഴിഞ്ഞയാഴ്ച വീണ്ടും ആക്രമണം പൊട്ടിപ്പുറപ്പെട്ടതോടെ ജോലിക്കായി രണ്ട് മൈൽ അധികമായി നടക്കേണ്ടി വരുന്നതായി അൽ അഹ്‌ലി അറബ് ഹോസ്പിറ്റലിലെ ഡോക്ടറായ യഹ്‌യ അൽ മസ്‌രി പറഞ്ഞു.
ഇസ്രായേലും ഹമാസും തമ്മിലുള്ള ഹൃസ്വകാല വെടിനിർത്തൽ കരാർ ഇല്ലാതായതോടെ ഡിസംബർ ആദ്യം ഇസ്രായേൽ സൈന്യം തെക്കൻ നഗരമായ ഖാൻ യൂനിസിലും ആക്രമണം തുടങ്ങി. ഹമാസ് സൈനിക പ്രവർത്തനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് ഖാൻ യൂനിസെന്ന് ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥർ പറയുന്നു. നഗരത്തിലും പരിസരത്തുമുള്ള ഹമാസിന്റെ വിപുലമായ ഭൂഗർഭ തുരങ്ക ശൃംഖലയാണ് ഇസ്രായേൽ സേന ലക്ഷ്യമിടുന്നതെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പല പ്രധാന ഭൂഗർഭ കമാൻഡ് സെൻന്ററുകളും നശിപ്പിക്കപ്പെട്ടു. എന്നാൽ ഭൂരിഭാഗം തുരങ്ക ശൃംഖലയും കേടുകൂടാതെയിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഹമാസ് പോരാളികൾ തുരങ്കങ്ങളിൽ സുരക്ഷിതമായി കഴിയുന്നുണ്ട്. ഖാൻ യൂനിസിൽ സൈന്യവുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകൾ അവർ ഒഴിവാക്കിയിട്ടുണ്ടെന്നും സൈനിക വിശകലന വിദഗ്ധർ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു മാസമായി ഇസ്രായേൽ സൈന്യം ഖാൻ യൂനിസിന്റെ പടിഞ്ഞാറൻ അറ്റത്താണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. അതിൽ രണ്ട് പ്രധാന മെഡിക്കൽ കോംപ്ലക്സുകളും ഉൾപ്പെടുന്നു. അൽ-അമൽ, നാസർ മെഡിക്കൽ സെന്റർ എന്നിവയാണവ. പ്രദേശത്തെ സംഘടിത ഹമാസ് ചെറുത്തുനിൽപ്പിന്റെ അവസാന കേന്ദ്രങ്ങളാണ് ഇവയെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ ആരോപിക്കുന്നു.
ഇസ്രായേൽ സൈന്യം വ്യാഴാഴ്ചയും നാസർ ആശുപത്രി ആക്രമിച്ചിരുന്നു. കൂടാതെ ഹമാസുമായും മറ്റു സംഘടനകളുമായും ബന്ധമുണ്ടെന്ന് ആരോപിച്ച് നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു. ഇതോടെ ആശുപത്രി സമുച്ചയത്തിനുള്ളിൽ അഭയം പ്രാപിച്ച നിരവധി ഫലസ്തീനികൾ റഫയിലേക്ക് പലായനം ചെയ്തു.
തെക്കൻ ഗസ്സയിലെ റഫയിൽ നാല് ഹമാസ് ബറ്റാലിയനുകളാണുള്ളതെന്നാണ് ഇസ്രായേൽ നേതാക്കൾ പറയുന്നത്. ഏകദേശം 10,000 ഹമാസ് പോരാളികൾ പ്രദേശത്ത് അവശേഷിക്കുന്നുണ്ടെന്നും ഇസ്രായേൽ വിശ്വസിക്കുന്നു. അതേസമയം,റഫയിൽ ആക്രമണം രൂക്ഷമാക്കിയാൽ സ്ഥിഗതികൾ അതിഭീകരമാകും. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഏകദേശം പത്തുലക്ഷം ആളുകൾ ഇവിടെ അഭയം പ്രാപിച്ചിട്ടുണ്ട്.
റഫയിലെ ടെന്റുകളിലും അപ്പാർട്ട്‌മെന്റുകളിലും സ്‌കൂളുകളിലും കഴിയുന്ന ഫലസ്തീനികൾ പട്ടിണിയുടെ നടുവിലാണ്. ഇതോടൊപ്പം ഏത് നിമിഷവും ആക്രമണം ഉണ്ടാകുമെന്ന ഭീതിയും ഇവർക്കുണ്ട്. തങ്ങൾ രാവും പകലും ഭയചകിതരാണെന്ന് റഫയിൽ അഭയം പ്രാപിച്ച അഭിഭാഷകനായ സോബി അൽ ഖസന്ദർ പറയുന്നു. എല്ലാവരും വളരെ ആശയക്കുഴപ്പത്തിലാണ്. എന്തുചെയ്യണമെന്ന് അറിയില്ല. ഇവിടെ നിൽക്കണോ അതോ പോകാൻ മറ്റൊരു സ്ഥലം അന്വേഷിക്കണോ എന്നത് സംബന്ധിച്ച് ഒരു ധാരണയുമില്ലെന്നും അദ്ദേഹം പറയുന്നു.
യുദ്ധമേഖലകളിൽനിന്ന് സാധാരണക്കാരെ ഒഴിപ്പിക്കുമെന്നാണ് നെതന്യാഹു പറയുന്നത്. എന്നാൽ, റഫയെ ലക്ഷ്യം വെച്ചുള്ള ഓപ്പറേഷനെക്കുറിച്ച് ഐക്യരാഷ്ട്രസഭയിൽനിന്നും അമേരിക്കാൻ ഭരണകൂടത്തിൽ നിന്നും ഉയർന്നുവരുന്ന മുന്നറിയിപ്പുകളെ പരിഹരിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഹമാസിന്റെ ശേഷിക്കുന്ന സേനയെ വേരോടെ പിഴുതെറിയാനും ഈജിപ്തിനും ഗസ്സക്കുമിടയിൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന തുരങ്കങ്ങൾ തകർക്കാനും റഫ ഓപ്പറേഷൻ അനിവാര്യമാണെന്നാണ് ഇസ്രായേൽ ഉദ്യോഗസ്ഥർ പറയുന്നതെന്നും ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.