ബെയ്റൂത്തില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ആറ് പേര്‍ കൊല്ലപ്പെട്ടു
|വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു ബോംബാക്രമണം
ബെയ്റൂത്ത്: ലബനാനെതിരെ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍. തലസ്ഥാനമായ ബെയ്റൂത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു ബോംബാക്രമണം. ബെയ്റൂത്തില്‍ കൃത്യമായ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ അറിയിച്ചു.
സെന്‍ട്രല്‍ ബെയ്റൂത്തിലെ ബച്ചൗറക്ക് സമീപത്തെ പാർലമെൻ്റിന് സമീപമുള്ള ഒരു കെട്ടിടത്തെ ലക്ഷ്യമാക്കിയായിരുന്നു ഇസ്രായേല്‍ മിസൈലുകള്‍ കുതിച്ചെത്തിയത്. വന്‍സ്ഫോടനത്തിന്‍റെ ശബ്ദം കേട്ടതായി റോയ്ട്ടേഴ്സ് മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുറഞ്ഞത് ആറ് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞയാഴ്ച ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല കൊല്ലപ്പെട്ട ദഹിയെയുടെ തെക്കൻ പ്രാന്തപ്രദേശത്തും മൂന്ന് മിസൈലുകൾ പതിച്ചതായും വലിയ സ്ഫോടനങ്ങൾ കേട്ടതായും ലബനാൻ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. തെക്കൻ പ്രാന്തപ്രദേശങ്ങളില്‍ ബുധനാഴ്ച ഒരു ഡസനിലധികം ആക്രമണങ്ങളും ഉണ്ടായി. അതേസമയം ബുധനാഴ്ച ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലില്‍ എട്ട് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടതായി ഐഡിഎഫ് അറിയിച്ചു.
ദക്ഷിണ ലബനാൻ പട്ടണത്തിൽ കടന്നുകയറാനുള്ള ഇസ്രായേൽ സൈനികരുടെ ശ്രമത്തിനെതിരെ ശക്തമായി ചെറുത്തുനിൽക്കുന്നതായി ഹിസ്ബുല്ല വ്യക്തമാക്കി. ശക്തമായ പ്രതിരോധം ബോധ്യപ്പെട്ടതോടെ കൂടുതൽ സൈനികരെ അടിയന്തരമായി മേഖലയിൽ വിന്യസിക്കാനും ഇസ്രായേൽ നീക്കം തുടങ്ങി.കരയാക്രമണം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി കൂടുതൽ ഗ്രാമങ്ങളിൽനിന്ന് ആളുകളോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ നിർദേശിച്ചു. മേഖലയിൽ യുദ്ധഭീതികനത്തതോടെ ലബനാൻ, ഇസ്രയേൽ, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് പൗരൻമാരെ ഒഴിപ്പിക്കാനും ലോകരാജ്യങ്ങൾനീക്കം തുടങ്ങി. പല രാജ്യങ്ങളുടെയും വിമാന സർവീസുകളും പുനഃക്രമീകരിച്ചു.
യുദ്ധസാധ്യത മുൻനിർത്തി മേഖലയിൽ കൂടുതൽ സൈനികരെ അമേരിക്ക അടിയന്തരമായി വിന്യസിച്ചു . മൂവായിരത്തോളം സൈനികരെയാണ് പുതുതായി വിന്യസിച്ചത്. എഫ്-15, എഫ്-16, എഫ്-22, എ-10 എന്നിവയടക്കം വൻ യുദ്ധവിമാന ശേഖരം അധികമായി എത്തിക്കാനും പെന്‍റഗൺ തീരുമാനിച്ചു. മേഖലാ യുദ്ധം ഒഴിവാക്കാൻ നയതന്ത്ര പ്രശ്നപരിഹാരത്തിന് ഊന്നൽ നൽകണമെന്ന് യു.എൻ രക്ഷാസമിതി നിർദേശിച്ചു. എന്നാൽ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിക്കാൻ തയാറായില്ലെന്ന് ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസിന് രാജ്യത്ത് പ്രവേശിക്കുന്നതിന് ഇസ്രായേൽ വിലക്കേർപ്പെടുത്തി.