എതിർശബ്ദങ്ങളെ അടിച്ചമർത്തി ഇസ്രായേൽ; ജയിലിലടച്ചത് 19 മാധ്യമപ്രവർത്തകരെ
|പലരും അഡ്മിനിസ്ട്രേറ്റീവ് തടങ്കലിലാണ്
2023ൽ നിരവധി ഫലസ്തീൻ മാധ്യമപ്രവർത്തകരെ ഇസ്രായേൽ ജയിലിലടച്ചെന്ന് പ്രസ് ഫ്രീഡം വാച്ച്ഡോഗിന്റെ റിപ്പോർട്ട്. ലോകത്തിൽ തന്നെ ഏറ്റവുമധികം മാധ്യമപ്രവർത്തകരെ അഴിക്കുള്ളിലാക്കിയ രാജ്യങ്ങളിൽ ആറാം സ്ഥാനത്താണ് ഇസ്രായേലെന്നും റിപ്പോർട്ടിലുണ്ട്. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷം നിരവധി പേരെയാണ് പിടിച്ചുകൊണ്ടുപോയത്.
2023 ഡിസംബർ ഒന്ന് വരെ 17 പേരെ ഇസ്രായേൽ ജയിലുകളിൽ പാർപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. 2022ൽ ഇത് ഒരാൾ മാത്രമായിരുന്നു.
‘പ്രസ് ഫ്രീഡം വാച്ച്ഡോഗിന്റെ വാർഷിക കണക്കെടുപ്പിൽ ഇസ്രായേൽ നിരവധി തവണ വന്നിട്ടുണ്ട്. 1992 മുതലാണ് ഇത്തരത്തിൽ അറസ്റ്റുകളുടെ വിവരം ശേഖരിക്കാൻ തുടങ്ങിയത്. അതിന് ശേഷം ഏറ്റവും കൂടുതൽ ഫലസ്തീൻ മാധ്യമപ്രവർത്തകർ അറസ്റ്റിലാകുന്നതും ഇസ്രായേൽ പട്ടികയിൽ ആറാം സ്ഥാനത്ത് വരുന്നതും ഇതാദ്യമാണ്’ -റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഒക്ടോബർ ഏഴിന് ശേഷമാണ് മിക്ക മാധ്യമപ്രവർത്തകരെയും തടവിലാക്കിയത്. ഇതിൽ പലരും അഡ്മിനിസ്ട്രേറ്റീവ് തടങ്കലിലാണ്. ഇതുപ്രകാരം ഇസ്രായേൽ അധികൃതർക്ക് തടവുകാരെ ആറ് മാസം വരെ കുറ്റം ചുമത്താതെയും വിചാരണ ചെയ്യാതെയും തടവിലിടാം. തടവുകാരെയോ അവരുടെ അഭിഭാഷകരെയോ കാണാൻ അനുവദിക്കാത്ത ‘രഹസ്യ തെളിവുകളുടെ’ അടിസ്ഥാനത്തിൽ തടങ്കൽ നീട്ടാവുന്നതുമാണ്.
17 പേരെയും എന്തിനാണ് ജയിലിൽ അടച്ചതെന്ന വിവരം ലഭ്യമല്ല. സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളുടെ പേരിലാണ് അവരെ ജയിലിലടച്ചതെന്ന് കുടുംബങ്ങൾ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. ജനുവരി 17 വരെ കുറഞ്ഞത് 19 റിപ്പോർട്ടർമാരെങ്കിലും ഇപ്പോഴും ജയിലിലാണ്.
ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഗസ്സയിൽ ആക്രമണം തുടങ്ങിയശേഷം ഇതുവരെ 83 റിപ്പോർട്ടർമാർ കൊല്ലപ്പെട്ടു. ഇതിൽ 67 ഫലസ്തീനികൾ, നാല് ഇസ്രയേലികൾ, മൂന്ന് ലെബനീസുകൾ എന്നിവരുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 2024ൽ മാത്രം ആറ് മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്.
2023 ഡിസംബർ ഒന്ന് വരെ ലോകമെമ്പാടുമുള്ള 320 മാധ്യമപ്രവർത്തകർ ജയിലിലായിരുന്നുവെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 1992 മുതൽ ഇത്തരം അറസ്റ്റുകൾ രേഖപ്പെടുത്താൻ തുടങ്ങിയശേഷമുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ സംഖ്യയാണിത്. 2022ൽ 360ലധികം പേരെ അറസ്റ്റ് ചെയ്തതാണ് റെക്കോർഡ്.
കഴിഞ്ഞവർഷം 44 മാധ്യമപ്രവർത്തകരെ ജയിലിലടച്ച ചൈനയാണ് മുന്നിൽ. മ്യാൻമറും (43), ബെലാറസും (28) രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഇസ്രായേലിനൊപ്പം ഇറാനും ആറാം സ്ഥാനത്താണ്.
അറസ്റ്റിലായവരിൽ 65 ശതമാനത്തിലധികം പേരിലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന ആരോപണമാണ് ചുമത്തിയിരിക്കുന്നത്. 66 പേരോട് തങ്ങൾ ചെയ്ത കുറ്റമെന്താണെന്ന് അറിയിച്ചിട്ടില്ലെന്നും പ്രസ് ഫ്രീഡം വാച്ച്ഡോഗിന്റെ റിപ്പോർട്ടിലുണ്ട്.