ഗസ്സയിൽ ആക്രമണം കടുപ്പിക്കാൻ ഇസ്രായേൽ; കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഹമാസ്
|ലബനാനിൽ ഹിസ്ബുല്ല കേന്ദ്രങ്ങൾക്കു നേരെയും ആക്രമണം കടുത്തതോടെ യുദ്ധം കൂടുതൽ വ്യാപ്തിയിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമായി.
ഗസ്സ സിറ്റി: ഗസ്സക്കുമേൽ ആക്രമണം വ്യാപിപ്പിക്കാനുറച്ച് ഇസ്രായേൽ. കൂടുതൽ ഏകോപിച്ച കര, വ്യോമ, നാവിക ആക്രമണത്തിന് മുന്നോടിയായി വടക്കൻ ഗസ്സ വിടാൻ ജനങ്ങൾക്ക് ഇസ്രായേൽ സൈന്യത്തിന്റെ അന്ത്യശാസനം. ലബനാനിൽ ഹിസ്ബുല്ല കേന്ദ്രങ്ങൾക്കു നേരെയും ആക്രമണം കടുത്തതോടെ യുദ്ധം കൂടുതൽ വ്യാപ്തിയിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമായി.
കൂട്ട പലായനവും ദുരിതവും മൂലവും ഗസ്സയിലെ ജനജീവിതം അക്ഷരാർഥത്തിൽ നരകതുല്യമാണ്. ഇന്നലെ മാത്രം മുന്നൂറോളം പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള ആക്രമണവും ശക്തമാണ്. 15 ആശുപത്രികൾക്ക് നേരെ ആക്രമണം നടന്നു. രണ്ടെണ്ണം പ്രവർത്തനം നിർത്തി. കുടിവെള്ളവും ഭക്ഷണവും മരുന്നും ഗസ്സയിലെത്തിക്കാനുള്ള അന്തർദേശീയ സംഘടനകളുടെയും യു.എൻ ഏജൻസികളുടെയും നീക്കം വിജയം കണ്ടില്ല. അറബ്, മുസ്ലിം രാജ്യങ്ങളുടെ ഇടപെടലും ഫലം കണ്ടില്ല.
അതേസമയം, ഗസ്സയിൽ നിന്ന് ഇസ്രായേൽ സൈന്യത്തിന് നേരെയുള്ള റോക്കറ്റാക്രമണം ഇന്നും തുടർന്നു. തെൽ അവീവ്, അസ്ദോദ്, അഷ്കലോൺ, അൽ അംഖ് ഉൾപ്പെടെ നിരവധി ഇസ്രായേൽ പ്രദേശങ്ങൾക്കു നേരെ ഇന്ന് വെളുപ്പിന് റോക്കറ്റാക്രമണം ഉണ്ടായി. കരയുദ്ധത്തിലൂടെ ഗസ്സ പിടിക്കാൻ വരുന്ന സൈനികരെ കാത്തിരിക്കുന്നത് കടുത്ത പ്രത്യാക്രമണമായിരിക്കുമെന്ന് തെളിയിക്കുന്ന വീഡിയോ ഹമാസ് സൈനികനേതൃത്വം പുറത്തുവിട്ടു. തങ്ങളുടെ പിടിയിലുള്ള സൈനികരിൽ ഒരാൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു.
അതിനിടെ, ബന്ദികളുടെ മോചനം വൈകുന്നതിൽ പ്രതിഷേധിച്ച് തെൽ അവീവിലെ പ്രതിരോധ മന്ത്രാലയത്തിനു മുമ്പാകെ നെതന്യാഹുവിരുദ്ധ മുദ്രാവാക്യങ്ങളുമായി ജനങ്ങൾ പ്രകടനം നടത്തി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അബൂദബിയിൽ യു.എ.ഇ നേതാക്കളുമായി ചർച്ച നടത്തി. ഗസ്സയിൽ അടിയന്തര വെടിനിർത്തലും സഹായം ഉറപ്പാക്കലും വൈകരുതെന്ന് യു.എ.ഇ ആവശ്യപ്പെട്ടു. ചൈന തങ്ങളുടെ സ്വാധീനം പ്രയോജനപ്പെടുത്തി യുദ്ധം വ്യാപിക്കുന്നത് തടയണമെന്ന് ആൻറണി ബ്ലിങ്കൻ നിർദേശിച്ചു.