സിൻവാറിന്റെ മൃതദേഹം വെച്ച് വിലപേശാൻ ഇസ്രായേൽ; ആക്രമണം നിർത്താതെ ബന്ദികളെ കൈമാറില്ലെന്ന് ഹമാസ്
|സിൻവാറിന്റെ മൃതദേഹം ഹമാസിന് വിട്ടുനൽകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് ഇസ്രായേൽ ഭയക്കുന്നതായി ഉദ്യോഗസ്ഥർ പറയുന്നു
തെൽ അവീവ്: ഹമാസ് തലവൻ യഹ്യ സിൻവാറിന്റെ മൃതദേഹം ബന്ദികളെ മോചിപ്പിക്കുന്നതിനു വേണ്ടിയുള്ള ചർച്ചകളിൽ ഉപയോഗിക്കാൻ ഇസ്രായേൽ നീക്കം. ഇസ്രായേലിലെ രഹസ്യകേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തൽക്കാലത്തേക്ക് ഹമാസിനോ ബന്ധുക്കൾക്കോ വിട്ടുനൽകേണ്ടതില്ലെന്നാണ് ഇസ്രായേൽ അധികൃതരുടെ തീരുമാനമെന്ന് സി.എൻ.എൻ, ടൈംസ് ഓഫ് ഇസ്രായേൽ തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2023 ഒക്ടോബർ ഏഴിന് ഹമാസ് തടവിലാക്കിയ ഇസ്രായേലി ബന്ദികളെ ഹമാസ് മോചിപ്പിക്കുകയാണെങ്കിൽ മൃതദേഹം വിട്ടുനൽകാം എന്നാണ് ഇസ്രായേലിന്റെ ധാരണയെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ഗസ്സയിൽ നിന്ന് സൈന്യത്തെ പൂർണമായും പിൻവലിക്കാതെ ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.
റഫയിലെ തെൽ സുൽത്താൻ പ്രദേശത്തു വെച്ചാണ് ഇസ്രായേൽ സൈന്യം യഹ്യ സിൻവാറിനെ കൊലപ്പെടുത്തിയത്. സിൻവാറിന്റെ മൃതദേഹം കൈക്കലാക്കിയ സൈന്യം വെള്ളിയാഴ്ച രാത്രി അബൂകബീർ ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ടിലെത്തിച്ച് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി. ശേഷം, ഇസ്രായേലിനകത്തുള്ള രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. തലയിൽ വെടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
സിൻവാറിന്റെ മൃതദേഹം ഹമാസിന് വിട്ടുനൽകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് ഇസ്രായേൽ ഭയക്കുന്നതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു കൊണ്ടുള്ള സി.എൻ.എൻ റിപ്പോർട്ടിൽ പറയുന്നു. സിൻവാറിന്റെ മരണാനന്തര ചടങ്ങുകൾ വലിയ സംഭവമാകുമെന്നും അദ്ദേഹത്തിന്റെ ശവകുടീരം തീർത്ഥാടന കേന്ദ്രമാകുമെന്നുമാണ് ഇസ്രായേൽ പേടിക്കുന്നത്. മൃതദേഹം എന്തുചെയ്യണമെന്ന കാര്യത്തിൽ ഉന്നത രാഷ്ട്രീയ നേതൃത്വമായിരിക്കും തീരുമാനമെടുക്കുക.