World
Iran,Israel, missile attacks, Israel’s war on Gaza ,ഇറാന്‍ ആക്രമണം,ഇസ്രായേല്‍,ഗസ്സ യുദ്ധം,
World

അമേരിക്കൻ സമ്മർദം; ഇറാനെതിരായ പ്രത്യാക്രമണനീക്കത്തിൽ നിന്ന്​ തൽക്കാലം പിൻവാങ്ങാനുറച്ച്​ ഇസ്രായേൽ

Web Desk
|
15 April 2024 1:17 AM GMT

ഇസ്രായേൽ തിരിച്ചടിച്ചാൽ മേഖലയിൽ പ്രത്യാഘാതം ഭയാനകമായിരിക്കുമെന്ന്​ ഇറാൻ, റഷ്യ വിദേശകാര്യ മന്ത്രിമാരുടെ മുന്നറിയിപ്പ്

ദുബൈ: അമേരിക്കൻ സമ്മർദവും മന്ത്രിസഭാംഗങ്ങൾക്കിടയിലെ അഭിപ്രായഭിന്നതയും മുൻനിർത്തി ഇറാനെതിരായ പ്രത്യാക്രമണനീക്കത്തിൽ നിന്ന്​ തൽക്കാലം പിൻവാങ്ങാനുറച്ച്​ ഇസ്രായേൽ. യുദ്ധവ്യാപനത്തിന്​ തുനിയരുതെന്ന്​ അമേരിക്ക സ്വിസ്​ ഇടനിലക്കാർ മുഖേന ഇറാൻ നേതൃത്വത്തെ അറിയിച്ചു. ഇസ്രായേൽ തിരിച്ചടിച്ചാൽ മേഖലയിൽ പ്രത്യാഘാതം ഭയാനകമായിരിക്കുമെന്ന്​ ഇറാൻ, റഷ്യ വിദേശകാര്യ മന്ത്രിമാരും മുന്നറിയിപ്പ് നല്‍കി.

ഗസ്സയിലും ദക്ഷിണ ലബനാനിലും ആക്രമണം കടുപ്പിച്ച്​ ഇസ്രായേൽ ഇന്നലെ പലവട്ടം യുദ്ധകാര്യ മന്ത്രിസഭാ യോഗം ചേർന്നെങ്കിലും ഇറാൻ ആക്രമണത്തിനുള്ള തിരിച്ചടി സംബന്ധിച്ച്​ തീരുമാനത്തിലെത്താൻ ഇസ്രായേലിനായില്ല. അമേരിക്ക നൽകിയ കർശന മുന്നറിയിപ്പാണ്​ പ്രത്യാക്രമണ നീക്കം സംബന്ധിച്ച്​ തീരുമാനം കൈക്കൊള്ളുന്നതിൽ പ്രധാന വിലങ്ങുതടിയായത്​. മേഖലയെ അപ്പാടെ ബാധിക്കുന്ന ഗുരുതര സാഹചര്യം സൃഷ്​ടിക്കുന്നത്​ ഇസ്രായേലിന്‍റെയും അമേരിക്കയുടെയും താൽപര്യങ്ങൾക്ക്​ തിരിച്ചടിയാകുമെന്ന്​ യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ നെതന്യാഹുവിനെ അറിയിച്ചിരുന്നു.

അതേസമയം, മുന്നൂറോളം റോക്കറ്റുകളും മിസൈലുകളും അയച്ച്​ ഇസ്രായേലിന്‍റെ പരമാധികാരത്തിനു നേരെ നടന്ന ഇറാന്‍റെ ആദ്യ ​ആക്രമണത്തിന്​ കനത്ത മറുപടി നൽകണമെന്ന്​ മന്ത്രിമാരായ ഗാൻറ്​സ്​, ഈസൻകോട്ട്​ എന്നിവർ യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ നഗേവ്​ ഉൾപ്പെടെ സൈനിക​കേന്ദ്രത്തിൽ സംഭവിച്ച നഷ്​ടം വിലയിരുത്തി കരുതലോടെയുള്ള പ്രതികരണവും പ്രത്യാക്രമണവും മതിയെന്ന്​ യു.എസ്​ പ്രതിരോധ സെക്രട്ടറി ലോയ്​ഡ്​ ഓസ്​റ്റിൻ ഇസ്രായേലിനെ അറിയിച്ചു. കൂടുതൽ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കി ഇറാന്‍റെ ഇസ്​ലാമിക്​ റവലൂഷനറി ഗാർഡിനെ ഭീകരപട്ടികയിൽ ഉൾപ്പെടുത്തുന്നതുൾപ്പെടെയുള്ള ആവശ്യം നേടിയെടുക്കാൻ അമേരിക്കയും ഇസ്രായേലും തീരുമാനിച്ചു.

ഇസ്രായേൽ ആക്രമണത്തിൽ ഇറാന്‍ തക്കസമയത്ത് മറുപടി നൽകുമെന്ന് മന്ത്രി ബെന്നി ഗാന്റ്സ്​ അറിയിച്ചു. പ്രാദേശികമായി ഇറാനെതിരെ സഖ്യമുണ്ടാക്കിയാകും തുടർ നീക്കങ്ങളെന്നും മന്ത്രി പറഞ്ഞു. സ്വിസ്​ ഇടനിലക്കാർ മുഖേന യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ ഇറാൻ നേതൃത്വവുമായും ആശയവിനിമയം നടത്തിയെന്നാണ്​ റിപ്പോർട്ട്​. പ്രത്യക്ഷ യുദ്ധത്തിന്​ തങ്ങളില്ലെന്ന്​ അമേരിക്ക ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

സൈനികമായി തിരിച്ചടിക്കരുതെന്ന് ഇസ്രായേലിനും സഖ്യകക്ഷികൾക്കും ഇറാൻ മുന്നറിയിപ്പ് നൽകി. പ്രത്യാക്രമണം നടത്തിയാൽ യുദ്ധം കനത്തതാകുമെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി അറിയിച്ചു. ആക്രമണം നടത്തിയ സൈന്യത്തെ ഇറാൻ പ്രസിഡൻറ്​ അഭിനന്ദിച്ചു. ഇസ്രായേലിനെതിരായ ആക്രമണം അവസാനിപ്പിച്ചതായും അദ്ദേഹം പ്രഖ്യാപിച്ചു. ആക്രമണം അതിൻ്റെ എല്ലാ ലക്ഷ്യങ്ങളും നേടിയെന്ന്​ സൈനിക മേധാവി മുഹമ്മദ് ബാഖരി അറിയിച്ചു. ജി 7 കൂട്ടായ്​മയും വിവിധ യൂറോപ്യൻ രാജ്യങ്ങളും ഇറാനെതിരെ രംഗത്തുവന്നു. ഇരുപക്ഷവും പ്രകോപന നടപടികളിൽ നിന്ന്​ പിൻവാങ്ങണമെന്ന്​ അറബ്​, ഒ.ഐ.സി കൂട്ടായ്​മകൾ ആവശ്യപ്പെട്ടു. ഗസ്സയിൽ ഇന്നലെയും ആറിടങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം തുടർന്നു. 43 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 33,729 ആയി. ഗൗരവത്തിലും യാഥാർഥ്യബോധത്തോടെയുമുള്ള വെടിനിർത്തൽ ചർച്ചക്ക്​ ഒരുക്കമാണെന്ന്​ ഹമാസ്​ മധ്യസ്​ഥ രാജ്യങ്ങളായ ഖത്തറിനെയും ഈജിപ്​തിനെയും അറിയിച്ചു. ആക്രമണം നിർത്തുക, സൈന്യം ഗസ്സ വിടുക, അഭയാർഥികളുടെ തിരിച്ചുവരവ്​ ഉറപ്പാക്കുക എന്നീ ഉപാധികൾക്കൊപ്പം കൈമാറേണ്ട ഫലസ്​തീൻ തടവുകാരുടെ എണ്ണത്തിലും ഹമാസ്​ തങ്ങളുടെ ആവശ്യം മുന്നോട്ടു വെച്ചിട്ടുണ്ട്​.

Related Tags :
Similar Posts