World
construction workers
World

ഇന്ത്യയില്‍ നിന്ന് വീണ്ടും 15000 തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ഇസ്രായേല്‍

Web Desk
|
11 Sep 2024 8:07 AM GMT

ഒക്ടോബര്‍ 7ലെ ആക്രമണത്തിന് പിന്നാലെ ഒരു ലക്ഷത്തോളം ഫലസ്തീന്‍ തൊഴിലാളികളെ ഇസ്രായേല്‍ പിരിച്ചുവിട്ടിരുന്നു

ജറുസലെം: ഗസ്സയുമായുള്ള യുദ്ധം രൂക്ഷമായി തുടര്‍ന്നുകൊണ്ടിരിക്കുന്നതിനിടെ ആരോഗ്യ-നിര്‍മാണ മേഖലയിലെ തൊഴിലാളികുടെ കുറവ് നികത്താന്‍ ഇന്ത്യയില്‍ നിന്ന് 15,000 പേരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ഇസ്രായേല്‍. 10,000 നിര്‍മാണ തൊഴിലാളികളെയും 5,000 ആരോഗ്യപ്രവര്‍ത്തകരെയും ആവശ്യമുണ്ടെന്ന് കാട്ടി ഇസ്രായേല്‍ അധികൃതര്‍ സമീപിച്ചതായി കേന്ദ്ര നൈപുണ്യ വികസന കോര്‍പറേഷന്‍ അറിയിച്ചു.

ഒക്ടോബര്‍ 7ലെ ആക്രമണത്തിന് പിന്നാലെ ഒരു ലക്ഷത്തോളം ഫലസ്തീന്‍ തൊഴിലാളികളെ ഇസ്രായേല്‍ പിരിച്ചുവിട്ടിരുന്നു. ഇത് തൊഴിലാളി ക്ഷാമത്തിന് ഇടയാക്കിയതോടെയാണ് മറ്റ് രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ നിയമിക്കാന്‍ ഇസ്രായേല്‍ തീരുമാനിച്ചത്. പ്ലാസ്റ്ററിംഗ്, സെറാമിക് ടൈലിംഗ് തുടങ്ങി നാല് വിഭാഗങ്ങളിലേക്കാണ് തൊഴിലാളികളെ ആവശ്യമുള്ളതെന്ന് ഇസ്രായേല്‍ പോപ്പുലേഷന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് ബോര്‍ഡര്‍ അതോറിറ്റി ( PIBA) വ്യക്തമാക്കുന്നു. ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിനായി പിഐബിഎയുടെ സംഘം ഇന്ത്യ സന്ദർശിക്കും. നിർമാണ തൊഴിലാളികൾക്കുള്ള റിക്രൂട്ട്‌മെൻ്റ് ക്യാമ്പ് സെപ്തംബര്‍ അവസാനം മഹാരാഷ്ട്രയിൽ നടക്കും.

ആരോഗ്യ പരിചരണ രംഗത്തും ജീവനക്കാരെ ആവശ്യമുണ്ട്. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. കൂടാതെ അംഗീകൃത ഇന്ത്യന്‍ സ്ഥാപനത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും വേണം. 990 മണിക്കൂർ പ്രായോഗിക പരിശീലനമുള്ള ഒരു കെയർഗിവിംഗ് കോഴ്സ് ഉണ്ടായിരിക്കണം.

2023 ഡിസംബറിനും 2014 മാര്‍ച്ചിനും ഇടയില്‍ നടന്ന റിക്രൂട്ട്മെന്‍റ് ക്യാമ്പില്‍ 16,832 ഉദ്യോഗാർഥികള്‍ പങ്കെടുത്തിരുന്നു. ഇതില്‍ 10,349 പേരെ തെരഞ്ഞെടുത്തു. ഇവര്‍ക്ക് പ്രതിമാസം ശമ്പളമായി 1.92 ലക്ഷം രൂപയും മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ആഹാരം, താമസം എന്നിവയും ലഭിക്കും. ബോണസായി 16,515 രൂപയും ലഭിക്കും. ഇസ്രയേലിലേക്ക് യാത്രതിരിക്കുന്നതിന് മുമ്പ് പ്രീ-ഡിപ്പാര്‍ച്ചര്‍ ഓറിയന്‍റേഷന്‍ ട്രെയിനിംഗും പൂര്‍ത്തിയാക്കണം.റിക്രൂട്ട്മെന്‍റ് സംബന്ധിച്ച് എന്‍എസ്‍ഡിസി എല്ലാം സംസ്ഥാനങ്ങളെയും അറിയിച്ചിട്ടുണ്ട്. ആദ്യഘട്ട റിക്രൂട്ട്‌മെൻ്റ് റൗണ്ട് ഉത്തർപ്രദേശ്, ഹരിയാന, തെലങ്കാന എന്നിവിടങ്ങളിലാണ് നടത്തിയത്.

Similar Posts