വഴങ്ങാതെ ഇസ്രായേൽ; ഗസ്സയിൽ റമദാന് മുമ്പ് വെടിനിർത്തൽ സാധ്യത മങ്ങി
|സൈനിക നടപടി മാത്രമാണ് ബന്ദികളുടെ മോചനത്തിനുള്ള മാർഗമെന്ന നിലപാടിലാണ് ഇസ്രായേൽ
ദുബൈ: ഇസ്രായേൽ വഴങ്ങാത്ത സാഹചര്യത്തിൽ വിശുദ്ധ റമദാനു മുമ്പ് ഗസ്സയിൽ താൽക്കാലിക വെടിനിർത്തൽ നടപ്പാകാനുള്ള സാധ്യത മങ്ങി. ഹമാസിനെ പൂർണമായും തുരത്തും വരെ യുദ്ധം തുടരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻറ് അറിയിച്ചു. അതേസമയം വടക്കൻ ഗസ്സയിൽ ഭക്ഷണവും വെള്ളവും മരുന്നും നിഷേധിക്കപ്പെട്ട ജനങ്ങൾ മരണം കാത്തുകഴിയുന്നതായി യു.എൻ ഏജൻസികൾ വ്യക്തമാക്കി.
ഏതു വിധേനയും ഗസ്സയിൽ താൽക്കാലിക വെടിനിർത്തലിനായി അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും മുൻകൈയെടുത്തു നടത്തിയ നീക്കങ്ങളും വിജയം കണ്ടില്ല. കൈറോയിലേക്ക് സംഘത്തെ അയക്കേണ്ടതില്ലെന്ന നിലപാടിൽ ഇസ്രായേൽ ഉറച്ചുനിൽക്കുകയാണ്.
സൈനിക നടപടി മാത്രമാണ് ബന്ദികളുടെ മോചനത്തിനുള്ള മാർഗമെന്ന നിലപാടിലാണ് ഇസ്രായേൽ രാഷ്ട്രീയ നേതൃത്വം. ഇസ്രായേൽ മന്ത്രി ഗാൻറ്സുമായി അമേരിക്കൻ നേതൃത്വം നടത്തിയ ചർച്ചകളും ഫലം കണ്ടില്ലെന്നാണ് റിപ്പോർട്ട്.
പ്രതികൂല ഘടകങ്ങൾക്കിടയിലും വെടിനിർത്തൽ കരാർ നിലവിൽ വരുമെന്നു തന്നെയാണ് പ്രതീക്ഷയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഗസ്സയിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണെന്നും ഭക്ഷ്യവസ്തുക്കൾ എയർഡ്രോപ്പ് ചെയ്യുന്ന രീതി തുടരുമെന്നും അമേരിക്ക പറഞ്ഞു. അതേസമയം, കടൽ മാർഗം ഗസ്സയിലേക്ക് സഹായം ഉറപ്പാക്കാൻ ഏകോപിത നീക്കം നടത്തുമെന്നും അമേരിക്ക അറിയിച്ചു.
ശുദ്ധജലം പോലും കിട്ടാതെ നരകിക്കുന്ന ഗസ്സയിലെ ജനങ്ങൾക്കായി ബ്രിട്ടൻ കൊടുത്തയച്ച വാട്ടർ ഫിൽട്ടറുകൾ ഇസ്രായേൽ തടഞ്ഞുവെച്ചു. ഇവ സുരക്ഷാ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അതിർത്തിയിൽ തടഞ്ഞതെന്ന് യു.കെ പാർലമെൻറംഗം റോസെന അല്ലിൻ ഖാൻ പറഞ്ഞു. 1,350 വാട്ടർ ഫിൽട്ടറുകളും 2560 സോളാർ ലൈറ്റുകളും ഒക്ടോബറിലാണ് യു.കെ സർക്കാർ ഗസ്സയിലേക്ക് അയച്ചത്.
പട്ടിണി രൂക്ഷമായ വടക്കൻ ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കളടക്കമുള്ള സഹായവുമായി പോകുന്ന ഐക്യരാഷ്ട്രസഭയുടെ വാഹനവ്യൂഹങ്ങൾ ഇസ്രായേൽ തടയുന്നത് തുടർക്കഥയായതോടെ ഇവിടേക്ക് പ്രവേശന കേന്ദ്രങ്ങൾ തുറക്കണമെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ കാൾ സ്കൗ ആവശ്യപ്പെട്ടു. വടക്കൻ ഗസ്സയിലെ പട്ടിണികിടക്കുന്ന ആളുകൾക്ക് ഭക്ഷ്യസഹായം ലഭിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും തന്റെ ഏജൻസി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഉപരോധത്തിലും യുദ്ധത്തിലും വലയുന്ന ഫലസ്തീനികൾക്ക് ഭക്ഷണവും മരുന്നും വിദ്യാഭ്യാസവും താമസ സൗകര്യവുമൊരുക്കുന്ന യു.എൻ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള ധനസഹായം പുനരാരംഭിക്കുമെന്ന് കാനഡ അറിയിച്ചു.
ചെങ്കടലിൽ സംഘർഷം കൂടുതൽ രൂക്ഷമായി. ഗൾഫ് ഓഫ് ഏദനിൽ ഹൂതികളുടെ മിസൈൽ ആക്രമണത്തിൽ രണ്ട് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു. ട്രൂകോൺഫിഡൻസ് എന്നു പേരുള്ള ബർബദോസ് പതാക വഹിച്ച കപ്പലിനു നേരെയാണ് ആക്രമണം. ബാലിസ്റ്റിക് മിസൈൽ ലക്ഷ്യം കണ്ടതായി ഹൂതി വക്താവ് അറിയിച്ചു. അപകടകരമായ നീക്കമാണിതെന്നും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും പെൻറഗൺ പ്രതികരിച്ചു.