World
സുവർണാവസരം: യുക്രൈനിലെ ജൂതരെ ക്ഷണിച്ച് ഇസ്രായേൽ; അധിനിവിഷ്ട ഫലസ്തീനിൽ പുതിയ പാർപ്പിടങ്ങളൊരുങ്ങുന്നു
World

'സുവർണാവസരം': യുക്രൈനിലെ ജൂതരെ ക്ഷണിച്ച് ഇസ്രായേൽ; അധിനിവിഷ്ട ഫലസ്തീനിൽ പുതിയ പാർപ്പിടങ്ങളൊരുങ്ങുന്നു

Web Desk
|
4 March 2022 9:51 AM GMT

യുക്രൈനിൽനിന്ന് വരുന്ന ജൂതകുടുംബങ്ങൾക്കായി പുതുതായി 1,000 പാർപ്പിടങ്ങൾ നിർമിക്കുമെന്നാണ് വേൾഡ് സയണിസ്റ്റ് ഓർഗനൈസേഷൻ അറിയിച്ചത്

യുക്രൈനിലെ റഷ്യൻ സൈനികനടപടിക്കിടെ ജൂതവംശജർക്ക് പ്രത്യേക ഓഫറുമായി ഇസ്രായേൽ. ഫെബ്രുവരി 24ന് യുദ്ധം ആരംഭിച്ചതു മുതൽ യുക്രൈനിലെ ജൂതരോട് ഇസ്രായേലിലേക്ക് കുടിയേറാൻ ആവശ്യപ്പെടുകയാണ് നഫ്താലി ബെന്നറ്റ് ഭരണകൂടം. ജൂതജനസംഖ്യ കൂട്ടാനുള്ള 'സുവർണാവസര'മായാണ് യുദ്ധത്തെ ഇസ്രായേൽ ഭരണകൂടം കാണുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

യുക്രൈൻ ജൂതന്മാരോടെല്ലാം നിങ്ങളുടെ സ്വന്തം നാടായ ഇസ്രായേലിലേക്ക് കുടിയേറാൻ ആവശ്യപ്പെടുകയാണെന്ന് കുടിയേറ്റ മന്ത്രാലയം വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ കുടിയേറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം ലഘൂകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇസ്രായേലിന്റെ ക്ഷണത്തിന് നല്ല രീതിയിലുള്ള പ്രതികരണവും ലഭിക്കുന്നുണ്ട്. യുദ്ധം തുടങ്ങിയതിനുശേഷം ഇതുവരെയായി നൂറിലേറെ ജൂതന്മാരാണ് ഇസ്രായേലിലെത്തിയത്. കിയവിൽനിന്നും ഒഡേസയിൽനിന്നുമായി രണ്ട് പ്രത്യേക വിമാനങ്ങളിലാണ് ഇവരെ എത്തിച്ചത്. 300 പേർ മൂന്നു വിമാനങ്ങളിലായി ഞായറാഴ്ച ഇസ്രായേലിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്. വരുംദിവസങ്ങളിൽ 10,000ത്തോളം യുക്രൈൻ ജൂതന്മാർ എത്തുമെന്നാണ് ഇസ്രായേൽ ഭരണകൂടം കണക്കുകൂട്ടുന്നത്.

യുക്രൈൻ ജൂതന്മാർക്കായി 1,000 പുതിയ പാർപ്പിടങ്ങൾ

ഇസ്രായേൽ സർക്കാർ ഫണ്ട് ചെയ്യുന്ന അന്താരാഷ്ട്ര ജൂതസംഘടനയാണ് വേൾഡ് സയണിസ്റ്റ് ഓർഗനൈസേഷൻ. യുക്രൈനിൽനിന്ന് വരുന്ന ജൂതകുടുംബങ്ങൾക്കായി പുതുതായി 1,000 പാർപ്പിടങ്ങൾ നിർമിക്കുമെന്നാണ് സംഘടനയുടെ കുടിയേറ്റ വിഭാഗം അറിയിച്ചത്. ഇത് ഇസ്രായേലിലും ഫലസ്തീനിലെ അധിനിവിഷ്ട പ്രദേശങ്ങളിലുമാണ് ഒരുങ്ങുന്നതെന്നാണ് അൽജസീറ റിപ്പോർട്ട് ചെയ്തത്.

ഇസ്രായേലിലെ ജൂതജനസംഖ്യ കൂട്ടുന്നതിന്റെ ഭാഗമായി ജൂതന്മാരെ നാട്ടിലെത്തിക്കാനുള്ള സുവർണാവസരമായാണ് ഇസ്രായേൽ യുക്രൈൻ പ്രതിസന്ധിയെ കാണുന്നതെന്ന് ആസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് സർവകലാശാലാ പ്രൊഫസർ ലാനാ താത്തോർ പറഞ്ഞു. യുക്രൈനിൽ നിലനിൽക്കുന്ന കടുത്ത അഭയാർത്ഥി പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്. എന്നാൽ, ഇസ്രായേൽ എല്ലാവർക്കുമായി തങ്ങളുടെ അതിർത്തി തുറന്നുകൊടുക്കുന്നില്ല. പകരം ജൂതന്മാരെ മാത്രമാണ് അവർ സ്വാഗതം ചെയ്യുന്നതെന്നും അവർ പറഞ്ഞു.

Summary: the Israeli government has called on Ukrainian Jewish refugees to immigrate to Israel and removed bureaucratic hurdles to secure their arrival as quickly as possible.

Similar Posts