'ഇസ്രായേൽ ഗസ്സയിലും ലബനാനിലും വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചു'; സ്ഥിരീകരണവുമായി ഹ്യുമൻ റൈറ്റ്‌സ് വാച്ച്
|മാരകപ്രഹരശേഷിയുള്ള രാസായുധം ജനവാസ മേഖലയിൽ പ്രയോഗിക്കുന്നത് യു.എൻ വിലക്കിയിട്ടുണ്ട്
ഗസ്സ: ഇസ്രായേൽ ഗസ്സയിൽ വൈറ്റ് ഫോസ്ഫറസ് ബോംബുകൾ പ്രയോഗിച്ചെന്നു സ്ഥിരീകരിച്ച് ഹ്യുമൻ റൈറ്റ്‌സ് വാച്ച്(എച്ച്.ആർ.ഡബ്ല്യു). ഗസ്സയ്ക്കു പുറമെ ലബനാനിനുനേരെയും നിരോധിത ആയുധം പ്രയോഗിച്ചതായി മനുഷ്യാവകാശ സംഘം ആരോപിച്ചു. മാരകപ്രഹരശേഷിയുള്ളയാണ് വൈറ്റ് ഫോസ്ഫറസ് ബോംബുകൾ.
ഗസ്സ തുറമുഖത്തിലും ഇസ്രായേൽ-ലബനാൻ അതിർത്തിയിലുമാണ് വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചതിനു സ്ഥിരീകരണം ലഭിച്ചെന്ന് ഹ്യുമൻ റൈറ്റ്‌സ് വാച്ച് വെളിപ്പെടുത്തി. ഇവിടങ്ങളിൽനിന്നുള്ള അപകടദൃശ്യങ്ങളും അഭിമുഖങ്ങളും പരിശോധിച്ചാണ് ഇത്തരമൊരു സ്ഥിരീകരണത്തിലേക്ക് എത്തിയതെന്നും വിശദീകരണമുണ്ട്. ജനവാസമേഖലയിൽ ഈ നിരോധിത ബോംബിട്ടാൽ വീടുകൾ കത്തിച്ചാമ്പലാക്കുകയും സാധാരണക്കാർക്കു ഗുരുതരമായ പരിക്കുണ്ടാക്കുകയും ചെയ്യുമെന്ന് എച്ച്.ആർ.ഡബ്ല്യു പശ്ചിമേഷ്യൻ-ഉത്തരാഫ്രിക്കൻ ഡയരക്ടർ ലാമാ ഫകീഹ് വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.
അതേസമയം, ഗസ്സയിൽ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചിട്ടുണ്ടോ എന്നു വ്യക്തമല്ലെന്നാണ് ഇസ്രായേൽ സൈന്യം വ്യക്തമാക്കിയത്. ഹ്യുമൻ റൈറ്റ്‌സ് വാച്ചിന്റെ കണ്ടെത്തലിനോട് പ്രതികരിക്കാനും സൈന്യം വിസമ്മതിച്ചു. ഗസ്സയ്ക്കുമേൽ ഇസ്രായേൽ സൈന്യം വൈറ്റ് ഫോസ്ഫറസ് പ്രയോഗിക്കുന്നെന്ന പേരിലുള്ള ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
വിനാശകരമായ രാസായുധമാണ് വൈറ്റ് ഫോസ്ഫറസ്. ഒാക്‌സിജനുമായി ചേർന്നാൽ ആളിക്കത്തുന്ന ഇത് ശരീരത്തിൽ ശക്തമായ പൊള്ളലാണുണ്ടാക്കുക. കാഴ്ചശക്തിയെ ബാധിക്കുകയും ഇതിന്റെ പുക ശ്വസിച്ചാൽ ശ്വാസതടസം നേരിടുകയും ചെയ്യും. കെട്ടിടങ്ങൾ വരെ കത്തിച്ചാമ്പലാക്കാൻ ശേഷിയുണ്ടിതിന്. ജനവാസമേഖലയിൽ ആയുധം ഉപയോഗിക്കുന്നത് യു.എൻ നിരോധിച്ചിട്ടുണ്ട്.
Summary: Human Rights Watch says Israel used white phosphorus in Gaza and Lebanon