World
travel israel
World

40 രാജ്യങ്ങളിലേക്ക് യാത്ര വേണ്ട; പൗരന്മാർക്ക് നിർദേശം നൽകി ഇസ്രായേൽ

abs
|
3 Aug 2024 7:11 AM GMT

'ജൂത വ്യക്തിത്വം പ്രദർശിപ്പിക്കുന്നത് ഒഴിവാക്കണം'

തെൽ അവീവ്: നാൽപ്പത് രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാർക്ക് ഇസ്രായേൽ ഭരണകൂടത്തിന്‍റെ നിര്‍ദേശം. ഏറിയും കുറഞ്ഞും സുരക്ഷാഭീഷണി നിലനിൽക്കുന്ന രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കാണ് നിയന്ത്രണമുള്ളത്. സഞ്ചാരം അത്യാവശ്യമായി വന്നാൽ മുൻകരുതൽ സ്വീകരിക്കണമെന്നും ജൂത-ഇസ്രായേൽ വ്യക്തിത്വമുള്ള ഒരടയാളവും പ്രദർശിപ്പിക്കരുത് എന്നും സർക്കാർ ആവശ്യപ്പെട്ടു. ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിനു പിന്നാലെയാണ് ഇസ്രായേൽ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയത്.

'ഈയിടെയുണ്ടായ സംഭവങ്ങൾക്ക് പിന്നാലെ, ഹമാസ് രാഷ്ട്രീയ നേതാവ് ഇസ്മായിൽ ഹനിയ്യയുടെയും ഹിസ്ബുല്ലയുടെ സ്ട്രാറ്റജിക് യൂണിറ്റ് തലവൻ ഫുആദ് ഷുക്‌റിന്റെയും മരണത്തിന് പ്രതികാരം വീട്ടുമെന്ന് ഇറാൻ, ഹിസ്ബുല്ല, ഹമാസ് എന്നിവർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനും അതിന്റെ നിഴൽ സംഘടനകളും എംബസികൾ, സിനഗോഗുകൾ, ജൂത കമ്യൂണിറ്റി സെന്ററുകൾ തുടങ്ങി വിദേശത്തുള്ള ജൂത കേന്ദ്രങ്ങളെ ആക്രമിക്കാൻ സാധ്യതയുണ്ട്. ഛബാദ് ഹൗസ്, കോഷർ റസ്റ്ററൻഡുകൾ, ഇസ്രായേലി വ്യാപാരസ്ഥാപനങ്ങൾ എന്നിവയും ലക്ഷ്യം വയ്ക്കാൻ സാധ്യതയുണ്ട്.'- എന്നാണ് ദേശീയ സുരക്ഷാ കൗൺസിൽ ഹീബ്രു, ഇംഗ്ലീഷ് ഭാഷകളിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

പൊതുസ്ഥലങ്ങളിൽ ജാഗ്രതയോടെ ഇരിക്കണമെന്നും വ്യക്തിത്വം പ്രദർശിപ്പിക്കരുതെന്നും സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടു. 'പൊതുസ്ഥലങ്ങളിൽ അതീവ ജാഗ്രത കാണിക്കണം. ഇസ്രായേൽ-ജൂത അസ്തിത്വം ഇവിടങ്ങളിൽ പ്രദർശിപ്പിക്കരുത്. പ്രാദേശിക ഭരണകൂടങ്ങളുടെ സുരക്ഷയില്ലാത്ത വലിയ പരിപാടികളിൽ പങ്കെടുക്കരുത്. പ്രതിഷേധങ്ങളുടെ ഭാഗമാകുകയും അരുത്' - കൗൺസിൽ വ്യക്തമാക്കി.

ചൊവ്വാഴ്ചയാണ് ഫുആദ് ഷുക്‌റിനെ ഇസ്രായേൽ കൊലപ്പെടുത്തിയത്. മണിക്കൂറുകൾക്ക് ശേഷം ബുധനാഴ്ച പുലർച്ചെ ഹനിയ്യയെയും വകവരുത്തി. ഇറാൻ പ്രസിഡണ്ട് മസൂദ് പെസേഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ തെഹ്‌റാനിലെത്തിയ വേളയിലാണ് ഹനിയ്യയെ കൊലപ്പെടുത്തിയത്. ഹനിയ്യയെ സയണിസ്റ്റുകൾ ചതിപ്രയോഗം നടത്തി ക്രൂരമായി കൊന്നു എന്നാണ് ഹമാസ് പ്രതികരിച്ചിട്ടുള്ളത്.

അതിനിടെ, ഹനിയ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പന്ത്രണ്ടോളം പേരെ ഇറാൻ അറസ്റ്റു ചെയ്തു. തലസ്ഥാനമായ തെഹ്‌റാനിലാണ് അറസ്റ്റു രേഖപ്പെടുത്തിയത്. ഇറാനിയൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരും സൈനികരും അറസ്റ്റിലായവരിൽ ഉണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഹനിയ്യയെ കൊലപ്പെടുത്താൻ ഇറാൻ റവല്യൂഷണറി ഗാർഡുകളെ മൊസാദ് വിലയ്‌ക്കെടുത്തതായി കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പത്രമായ ടെലഗ്രാഫ് റിപ്പോർട്ടു ചെയ്തിരുന്നു.


Similar Posts