World
ഗസ്സയിലെ ആക്രമണം മാസങ്ങൾ നീളുമെന്ന് മുന്നറിയിപ്പ്; ഇസ്രായേലിന് പിന്തുണയുമായി ആറ് പശ്ചാത്യ രാജ്യങ്ങൾ
World

ഗസ്സയിലെ ആക്രമണം മാസങ്ങൾ നീളുമെന്ന് മുന്നറിയിപ്പ്; ഇസ്രായേലിന് പിന്തുണയുമായി ആറ് പശ്ചാത്യ രാജ്യങ്ങൾ

Web Desk
|
23 Oct 2023 8:54 AM GMT

ആശുപത്രികൾക്ക് മുമ്പിലും വ്യോമാക്രമണം നടത്തി ഭീഷണി മുഴക്കുകയാണ് ഇസ്രായേൽ

ജെറുസലേം: ഗസ്സയിലെ ആക്രമണം മാസങ്ങൾ നീളുമെന്ന് ഇസ്രായേലിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 400 പേർ ഗസ്സയിൽ കൊല്ലപ്പെട്ടു. ആശുപത്രികൾക്ക് മുമ്പിലും വ്യോമാക്രമണം നടത്തി ഭീഷണി മുഴക്കുകയാണ് ഇസ്രായേൽ. ഇസ്രായേലിന് പിന്തുണയുമായി ആറ് പാശ്ചാത്യരാജ്യങ്ങളും രംഗത്തെത്തി.

യുദ്ധം ആരംഭിച്ച ശേഷം ഏറ്റവും കൂടുതൽ ഇടങ്ങളിൽ ഇസ്രായേൽ ബോംബ് വർഷിച്ച രക്തരൂഷിത ദിനമാണ് കടന്നുപോയത്. 400 പേർ ഗസ്സയിൽ കൊല്ലപ്പെട്ടു. ഭൂരിഭാഗവും കുട്ടികൾ തന്നെ.

ജബലിയ്യ അഭയാർഥി ക്യാമ്പില്‍ മാത്രം 30 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ ആയിരങ്ങൾ കഴിയുന്ന ഗസ്സയിലെ പ്രധാന ആശുപത്രികൾ ഒഴിയണമെന്ന ഭീഷണി മുഴക്കുകയാണ് ഇസ്രായേൽ. ഗസ്സയിലെ അൽ ശിഫ, അൽ ഖുദ്സ് ആശുപത്രികൾക്കടുത്ത് ഇസ്രായേൽ വ്യോമാക്രമണം നടത്തി. രോഗികളെ ഒഴിപ്പിച്ചില്ലെങ്കിൽ ആശുപത്രികൾ തകർക്കുമെന്നാണ് ഇസ്രായേലിന്റെ ഭീഷണി. പല ആശുപത്രികളിലും ഇന്ധനം തീർന്നെന്നും അടിയന്തര ഇടപെടൽ ഇല്ലെങ്കിൽ നവജാത ശിശുക്കൾ അടക്കം മരണത്തിന് കീഴടങ്ങുമെന്നും യു.എൻ മുന്നറിയിപ്പ നൽകി.

വെസ്റ്റ് ബാങ്കിലും ഇസ്രായേൽ അതിക്രമം തുടരുകയാണ്. റാമല്ലയിലും നുബ്ലുസിലുമായി ഇരുപതോളം പേരെ ഇസ്രായേൽ അറസ്റ്റ് ചെയ്തു. ഇതിനിടെ ഇസ്രായേലിന്റെ ഗസ്സ ദൗത്യം മാസങ്ങൾ നീളുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റെ പറഞ്ഞു.

അതേസമയം ഇസ്രായേലിന് പിന്തുണയുമായി ആറ് പാശ്ചാത്യരാജ്യങ്ങൾ രംഗത്തെത്തി. യു.എസ്, യു.കെ, കാനഡ, ഫ്രാൻസ്, ജർമനി ഇറ്റലി എന്നീ രാജ്യങ്ങളാണ് ഇസ്രായേലിന് പിന്തുണയുമായി സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ഇസ്രായേലിന് ഭീകരതയ്‌ക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നാണ് പ്രസ്താവന. ലബനാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തിയതായി ഇസ്രായേൽ അറിയിച്ചു. ലബനാൻ അതിർത്തിയിൽ നിന്ന് ഇസ്രായേൽ പൗരന്മാരെ ഒഴിപ്പിക്കുന്നുണ്ട്.

Similar Posts