‘ഗസ്സയിൽ യുദ്ധം നിർത്തില്ല’, വെടിനിർത്തൽ പ്രമേയം തള്ളി ഇസ്രായേൽ
|വീറ്റോ ചെയ്യാതിരുന്ന അമേരിക്ക രാഷ്ട്രീയ താൽപര്യങ്ങൾക്ക് കീഴടങ്ങിയെന്ന് ഇസ്രായേൽ
ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ പാസാക്കിയ പ്രമേയത്തെ തള്ളി ഇസ്രായേൽ. യുദ്ധം നിർത്തില്ലെന്നും ഹമാസിനെ തുരത്തുംവരെ യുദ്ധം തുടരുമെന്നും ഇസ്രായേൽ. അവസാന ബന്ദിയും തിരിച്ചെത്തും വരെ സൈനിക നടപടി തുടരുമെന്നും ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ബെൻ ഗവീർ പറഞ്ഞു.
ആക്രമണം വ്യാപിപ്പിക്കണമെന്നാണ് ഇസ്രായേലിന്റെ നിലപാട്. വീറ്റോ ചെയ്യാതിരുന്ന അമേരിക്ക രാഷ്ട്രീയ താൽപര്യങ്ങൾക്ക് കീഴടങ്ങിയെന്നും ബെൻ ഗവീർ പറഞ്ഞു.
യു.എൻ രക്ഷാ കൗൺസിലിലെ 14 അംഗങ്ങളാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. രക്ഷാകൗൺസിലിലെ താൽക്കാലിക അംഗങ്ങളാണ് പ്രമേയം അവതരിപ്പിച്ചത്.നേരത്തെ നിരവധി തവണ വെടിനിർത്തൽ പ്രമേയം അംഗരാജ്യങ്ങൾ കൊണ്ടുവന്നപ്പോൾ യു.എസ് വീറ്റോ ചെയ്യുകയായിരുന്നു. ഇസ്രായേലിന് അനുകൂലമായി യു.എസ് കൊണ്ടുവന്ന പ്രമേയങ്ങൾ റഷ്യയും ചൈനയും വീറ്റോ ചെയ്തിരുന്നു. ഇതാദ്യമായാണ് സുരക്ഷാ കൗൺസിലിൽ വെടിനിർത്തൽ പ്രമേയം പാസാകുന്നത്. .
10 അംഗങ്ങൾ ചേർന്ന് തയ്യാറാക്കിയ പ്രമേയം മൊസാംബിക്കിന്റെ പ്രതിനിധിയാണ് നിർദേശിച്ചത്. അതിനിടെ, പ്രമേയം വീറ്റോ ചെയ്തില്ലെങ്കിൽ യു.എസിലെ നയതന്ത്ര പ്രതിനിധകളെ തിരിച്ചുവിളിക്കുമെന്ന് ഇസ്രായേൽ ഭീഷണി മുഴക്കിയിരുന്നു.