ഹമാസിനെ തകര്‍ക്കുന്നതുവരെ ഇസ്രായേൽ സൈന്യം പിന്നോട്ടില്ല; പുടിനോട് നെതന്യാഹു
|നെതന്യാഹുവുമായുള്ള സംഭാഷണത്തില്‍ ഗസ്സ മുനമ്പിലെ രക്തച്ചൊരിച്ചില്‍ വര്‍ധിക്കുന്നത് തടയാന്‍ റഷ്യ സ്വീകരിക്കുന്ന നടപടികളെ പുടിന്‍ പ്രത്യേകം പരാമര്‍ശിച്ചുവെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം
തെല്‍ അവിവ്: യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിന്‍റെ വിശദാംശങ്ങള്‍ നെതന്യാഹുവിന്‍റെ ഓഫീസ് പുറത്തുവിട്ടു. ഹമാസിനെ ഉന്മൂലനം ചെയ്യുന്നതുവരെ ഇസ്രായേൽ സൈന്യം പിന്മാറില്ലെന്ന് പ്രധാനമന്ത്രി നെതന്യാഹു റഷ്യൻ പ്രസിഡന്‍റിനോട് പറഞ്ഞതായി എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.
''ക്രൂരവും വെറുപ്പുളവാക്കുന്നതുമായ കൊലയാളികളാൽ ഇസ്രായേൽ ആക്രമിക്കപ്പെട്ടുവെന്നും ദൃഢനിശ്ചയത്തോടെയും ഐക്യത്തോടെയും യുദ്ധത്തിനിറങ്ങിയെന്നും ഹമാസിന്‍റെ സൈന്യത്തെയും അധികാരത്തെയും നശിപ്പിക്കുന്നത് ഇസ്രായേല്‍ പിന്നോട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി'' ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗിക എക്സ് ഹാന്‍ഡില്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ നെതന്യാഹുവുമായുള്ള സംഭാഷണത്തില്‍ ഗസ്സ മുനമ്പിലെ രക്തച്ചൊരിച്ചില്‍ വര്‍ധിക്കുന്നത് തടയാന്‍ റഷ്യ സ്വീകരിക്കുന്ന നടപടികളെ പുടിന്‍ പ്രത്യേകം പരാമര്‍ശിച്ചുവെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. “റഷ്യൻ പ്രസിഡന്‍റ് വ്‌ളാദിമിർ പുടിൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചു,” റഷ്യയുടെ വിദേശകാര്യ മന്ത്രാലയം എക്‌സിൽ പോസ്റ്റ് ചെയ്തു.
"ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തം രൂക്ഷമായ സാഹചര്യത്തിലുണ്ടായ പ്രതിസന്ധിയെ" കേന്ദ്രീകരിച്ചായിരുന്നു സംഭാഷണമെന്ന് മോസ്കോ വ്യക്തമാക്കി. ഫലസ്തീൻ, ഈജിപ്ത്, ഇറാൻ, സിറിയ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി നടന്ന ടെലിഫോൺ കത്തിടപാടുകളുടെ വിശദാംശങ്ങളെക്കുറിച്ചു ഇസ്രായേൽ പക്ഷത്തെ പ്രത്യേകം അറിയിച്ചിരുന്നുവെന്ന് റഷ്യന്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ ക്രെംലിന്‍റെ പ്രസ്താവനയെ ഉദ്ധരിച്ച് മോസ്കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.അതോടൊപ്പം "സാഹചര്യം സാധാരണ നിലയിലാക്കുന്നതിനും അക്രമം കൂടുതൽ വർധിക്കുന്നത് തടയുന്നതിനും ഗസ്സ മുനമ്പിൽ മാനുഷിക ദുരന്തം തടയുന്നതിനും" റഷ്യ സ്വീകരിച്ച നടപടികളെക്കുറിച്ച് പുടിന്‍ ഇസ്രായേലി നേതാവിനെ അറിയിച്ചു.
പ്രതിസന്ധി അവസാനിപ്പിക്കാനും രാഷ്ട്രീയവും നയതന്ത്രപരവുമായ മാർഗ്ഗങ്ങളിലൂടെ സമാധാനപരമായ ഒത്തുതീർപ്പുണ്ടാക്കാനും ലക്ഷ്യമിട്ടുള്ള പ്രവർത്തനം തുടരാനുള്ള തന്‍റെ രാജ്യത്തിന്‍റെ ആഗ്രഹത്തെക്കുറിച്ചു റഷ്യൻ പ്രസിഡന്‍റ് നെതന്യാഹുവിനോട് പറഞ്ഞതായി മോസ്കോ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.