അഞ്ച് ബ്രിഗേഡുകള്‍ നാട്ടിലേക്കു മടങ്ങുന്നു; ഗസ്സയിൽനിന്ന് സൈനികരെ തിരിച്ചുവിളിച്ച് ഇസ്രായേൽ
|ഹമാസിനെ നേരിടാൻ കൂടുതൽ ശക്തി സംഭരിക്കാനും വിശ്രമത്തിനുമായി ആയിരക്കണക്കിനു സൈനികരെ തിരിച്ചുവിളിക്കുകയാണെന്ന് സൈനിക വക്താവ്
ഗസ്സ സിറ്റി: ഹമാസിനെതിരെ പോരാട്ടം ജയിക്കാൻ മാസങ്ങളെടുക്കുമെന്ന ബെഞ്ചമിൻ നെതന്യാഹുവിന്റെ തുറന്നുപറച്ചിലിനു പിന്നാലെ ഗസ്സയിൽനിന്നു സൈനികരെ പിൻവലിക്കാൻ ഇസ്രായേൽ. ആയിരക്കണക്കിനു സൈനികരെ തിരിച്ചുവിളിച്ചതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ്(ഐ.ഡി.എഫ്) വക്താവ് റിയർ അഡ്മിറൽ ഡാനിയേൽ ഹഗാരി മാധ്യമങ്ങളോട് വെളിപ്പെടുത്തി. വിശ്രമത്തിനും പരിശീലനത്തിനുമായാണ് ഇവരെ നാട്ടിലേക്ക് അയയ്ക്കുന്നതെന്നാണു വിശദീകരണം.
അടുത്ത ആഴ്ചകളിലായി അഞ്ച് ബ്രിഗേഡുകളെ പൂർണമായും പിൻവലിക്കാനാണു നീക്കമെന്ന് ഒരു സൈനിക വൃത്തം അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഹമാസിനെതിരെ കൂടുതൽ ആസൂത്രിതമായ ആക്രമണത്തിനു സൈന്യത്തെ സജ്ജമാക്കുകയാണു ലക്ഷ്യമായി പറയുന്നത്. ഇതോടൊപ്പം റിസർവ് സേനയിലുള്ള സിവിലിയന്മാരെ സാധാരണ ജീവിതത്തിലേക്കു തിരിച്ചയയ്ക്കും. യുദ്ധത്തെ തുടർന്നു തകർന്നുകിടക്കുന്ന രാജ്യത്തെ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
റിസർവ് സേനയെ നാട്ടിലേക്ക് അയയ്ക്കുന്നതോടെ സമ്പദ്ഘടനയിലെ വലിയൊരു ഭാരം കുറഞ്ഞുകിട്ടുമെന്നാണ് സൈനിക വക്താവ് ഡാനിയേൽ ഹഗാരി മാധ്യമങ്ങളോട് വിശദീകരിച്ചത്. ഈ വർഷം നടക്കാനുള്ള സൈനിക നടപടികൾക്കുള്ള ശക്തി സംഭരിക്കാനും ഇത് ഇവരെ സഹായിക്കും. യുദ്ധം തുടരുന്നതിനാൽ ഇവരുടെ സഹായം ഇനിയും വേണ്ടിവരുമെന്നും ഇദ്ദേഹം അറിയിച്ചു.
ഹമാസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഗസ്സയിൽ ആക്രമണം തുടരുമെന്നും സൈനികവൃത്തം വ്യക്തമാക്കി. എന്നാൽ, പിൻവലിക്കുന്ന അഞ്ച് സേനാ വിഭാഗങ്ങളെ ലബനാൻ അതിർത്തിയിൽ ഹിസ്ബുല്ലയ്‌ക്കെതിരായ യുദ്ധത്തിനായി വിന്യസിക്കുമെന്നും ഇദ്ദേഹം അറിയിച്ചു.
അതിനിടെ, പുതുവത്സരദിനത്തിലും മധ്യ ഗസ്സയിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ബോംബ് വർഷിച്ചുകൊണ്ടിരിക്കുകയാണ്. ഖാൻ യൂനിസിലാണ് ആക്രമണം കടുപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന 13 ആക്രമണങ്ങളിൽ 156 ഫലസ്തീനികൾ കൊല്ലപ്പെട്ടു. 246 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അൽജസീറ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 21,978 ആയിട്ടുണ്ട്. പരിക്കേറ്റവരുടെ എണ്ണം 57,697ഉം ആയി.
Summary: Israel withdraws thousands of troops from Gaza: Reports