World
ഗസ്സയില്‍ ഏഴാംദിവസവും ഇസ്രായേൽ കുരുതി; 26 പേർ കൊല്ലപ്പെട്ടു
World

ഗസ്സയില്‍ ഏഴാംദിവസവും ഇസ്രായേൽ കുരുതി; 26 പേർ കൊല്ലപ്പെട്ടു

Web Bureau
|
16 May 2021 9:12 AM GMT

ഗസ്സയിലെ ഹമാസ് തലവൻ യഹ്‌യ അൽ സിൻവാറിന്റെ വസതിക്കുനേരെയും ഇസ്രായേൽ ആക്രമണം

തുടർച്ചയായ ഏഴാം ദിവസവും ഇസ്രായേൽ ഗസ്സയിൽ മനുഷ്യക്കുരുതി തുടരുന്നു. ഇന്ന് രാവിലെ ഗസ്സ മുനമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. 50ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിരവധി കുടുംബങ്ങൾ താമസിച്ചിരുന്ന രണ്ട് ഫ്‌ളാറ്റുകൾ പൂർണമായും തകർന്നു.

ഹമാസ് തലവൻ യഹ്‌യ അൽ സിൻവാറിന്റെ വസതിക്കുനേരെയും ഇസ്രായേൽ ആക്രമണമുണ്ടായതായി ഫലസ്ഥീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ആർക്കും ആളപായമില്ല. ഇത്തവണ ഇസ്രായേൽ നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് ഇന്ന് ഗസ്സ മുനമ്പിലുണ്ടായത്.

കഴിഞ്ഞ തിങ്കളാഴ്ച ഗസ്സയിൽ ഇസ്രായേൽ ആരംഭിച്ച നരനായാട്ടിൽ ഇതുവരെ 170 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതിൽ 41 പേരും കുട്ടികളാണ്. നിരവധി സ്ത്രീകളും ഉൾപ്പെടും. ആയിരത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ 13 ഫലസ്ഥീനികളെയും ഇസ്രായേൽ സൈന്യം വകവരുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ശാതിഅ് അഭയാർത്ഥി ക്യാംപിനു നേരെയും ഇസ്രായേൽ വ്യോമാക്രമണമുണ്ടായിരുന്നു. സംഭവത്തിൽ എട്ടുകുട്ടികളും രണ്ടു സ്ത്രീകളുമാണ് മരിച്ചത്. അൽജസീറ, അസോഷ്യേറ്റ് പ്രസ്, മിഡിലീസ്റ്റ് ഐ അടക്കമുള്ള വിദേശ മാധ്യമങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടവും കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം ബോംബിട്ടു തകർത്തിരുന്നു.

Related Tags :
Similar Posts