ലബനാനില്‍ മാധ്യമപ്രവര്‍ത്തകര്‍ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസുകള്‍ക്ക് നേരെ ഇസ്രായേല്‍ വ്യോമാക്രമണം; ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നു മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
|പ്രാദേശിക സമയം പുലര്‍ച്ചെ 3.30ഓടെയായിരുന്നു ആക്രമണം.
ബെയ്റൂത്ത്: തെക്കൻ ലബാനനിലെ ഹസ്ബയ്യ മേഖലയില്‍ മാധ്യമപ്രവര്‍ത്തകര്‍ താമസിച്ചിരുന്ന ഗസ്റ്റ്ഹൗസുകള്‍ക്ക് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്നു മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഗസ്റ്റ്ഹൗസുകളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം പുലര്‍ച്ചെ 3.30ഓടെയായിരുന്നു ആക്രമണം.
ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട വാര്‍ത്താ ഏജന്‍സികളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബെയ്റൂത്ത് ആസ്ഥാനമായുള്ള അൽ-മയദീൻ ടിവിയിലെ ക്യാമറ ഓപ്പറേറ്റർ ഗസ്സാൻ നജ്ജാർ, ടെക്നീഷ്യൻ മുഹമ്മദ് റിദ, അൽ-മനാർ ടിവി ക്യാമറ ഓപ്പറേറ്റർ വിസാം ഖാസിം എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരില്‍ ഈജിപ്തിലെ അൽ-ഖഹേറ ടിവിയുടെ ക്യാമറാമാൻ ഹുസൈൻ ഹോട്ടെയ്റ്റും ഉൾപ്പെടുന്നു.
ആക്രമണത്തെത്തുടര്‍ന്ന് യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിനായി വിവിധ മാധ്യമങ്ങൾ വാടകയ്ക്കെടുത്ത ഒരു കൂട്ടം ഗസ്റ്റ് ഹൗസുകൾ അപ്പാടെ തകര്‍ന്നു. ഗസ്റ്റ് ഹൗസുകള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന മാധ്യമങ്ങളുടെ വാഹനങ്ങളും പൂര്‍ണമായും തകര്‍ക്കപ്പെട്ടു. ആക്രമണത്തിന് മുന്നോടിയായി ഐഡിഎഫ് മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ലെന്നും അന്വേഷണം നടത്തുകയാണെന്നും എപി റിപ്പോര്‍ട്ട് ചെയ്തു.
തെക്കൻ ലബനാനിൽ നിന്ന് മാധ്യമങ്ങളെ അകറ്റി നിർത്താനാണ് ഇസ്രായേലിന്റെ ശ്രമമെന്ന് മാധ്യമ സംഘടനകള്‍ ചൂണ്ടിക്കാട്ടി. സിപിജെയും സംഭവത്തെ അപലപിച്ചു. ആക്രമണത്തെ കൊലപാതകമെന്നാണ് ലബനാൻ ഇൻഫർമേഷൻ മന്ത്രി സിയാദ് മക്കാരി വിശേഷിപ്പിച്ചത്. "ഏഴ് മാധ്യമസ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 18 മാധ്യമപ്രവർത്തകർ പ്രദേശത്ത് ഉണ്ടായിരുന്നതിനാൽ, നിരീക്ഷണത്തിനും ട്രാക്കിംഗിനും ശേഷം മുൻകൂട്ടി ആലോചിച്ചും ആസൂത്രണം ചെയ്തും നടപ്പിലാക്കിയ ഇതൊരു കൊലപാതകമാണ്," മക്കാരി എക്സിൽ കുറിച്ചു. എന്നാല്‍ ആക്രമണത്തെക്കുറിച്ച് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചിട്ടില്ല. യുദ്ധം തുടങ്ങിയതിനു ശേഷം ഗസ്സയിലും ലബനാനിലും ഇതുവരെ 128 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി സിപിജെ അറിയിച്ചു.