World
Israeli airstrikes continue in Palestine, talks to open human corridor for Gaza evacuees
World

വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ; ഗസ്സ വിടുന്നവർക്ക് മനുഷ്യ ഇടനാഴി തുറക്കാൻ ചർച്ച

Web Desk
|
12 Oct 2023 1:12 AM GMT

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ ഇന്ന് ഇസ്രായേലിൽ എത്തും

ജറുസലേം: ആറാം ദിവസമായ ഇന്നും ഫലസ്തീനിലെ ഗസ്സക്കുമേൽ നിരന്തര വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ. ഊർജ നിലയം അടച്ചതോടെ ഇരുട്ടിലായ ഗസ്സയിൽ ജനജീവിതം അക്ഷരാർഥത്തിൽ ദുരിതപൂർണം. ഇന്നലെ മാത്രം നൂറിലേറെ പേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. കരയുദ്ധത്തിനുള്ള തിരക്കിട്ട നീക്കം സജീവമാണ്. വിവിധ ഇസ്രായേൽ പ്രവിശ്യകൾക്കു നേരെ നൂറുകണക്കിന് റോക്കറ്റുകളയച്ച് പ്രതിരോധം അജയ്യമാണെന്ന് ഹമാസ് തെളിയിച്ചു. ദക്ഷിണ ലബനാൻ, സിറിയൻ അതിർത്തികളിലും സംഘർഷം പുകയുകയാണ്.

അതേസമയം സമ്പൂർണ ഉപരോധവും വ്യോമാക്രമണവും മൂലം ഗസ്സ വിടാൻ ആഗ്രഹിക്കുന്നവർക്ക് സുരക്ഷിത പാതയൊരുക്കാൻ അമേരിക്കയും ഈജിപ്തും ഇസ്രായേലും തമ്മിൽ ചർച്ച നടക്കും. ഗസ്സയിൽ നിന്ന് ഈജിപ്ത് മുഖേന മനുഷ്യ ഇടനാഴി തുറക്കാനുള്ള യു.എസ് നിർദേശത്തിന് കൂടുതൽ പ്രാമുഖ്യം ലഭിച്ചിരിക്കുകയാണ്. അമേരിക്കയും ഇസ്രായേലും ഈജിപ്തും ഇതു സംബന്ധിച്ച നിർണായക ചർച്ചയിലാണെന്ന് യു.എസ് ദേശീയ സുരക്ഷാ വിഭാഗം അറിയിച്ചു. അതിനിടെ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ ഇന്ന് ഇസ്രായേലിൽ എത്തും. സിവിലിയൻ കുരുതി ഒഴിവാക്കാൻ സാധ്യമായതൊക്കെ ചെയ്യുമെന്ന് ബ്ലിങ്കൻ പറഞ്ഞു. എന്നാൽ ആയിരങ്ങൾ നഷ്ടപ്പെട്ട ഇസ്രായേലിന് സുരക്ഷ ഉറപ്പാക്കാൻ ഏതറ്റം വരെയും പോകാൻ അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടി. ഹമാസ് പിടികൂടിയവരിൽ ഒരു ഇസ്രായേൽ വനിതയെയും രണ്ട് കുട്ടികളെയും വിട്ടയച്ചു. അമേരിക്കക്കാർ ഉൾപ്പെടെ തടവിലുള്ളവരുടെ മോചനത്തിന് അറബ് രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ചർച്ചയാരംഭിച്ചു.

നാളെ ചേരുന്ന യു.എൻ രക്ഷാസമിതി ഗസ്സയിലെ ഗുരുതര സാഹചര്യം ചർച്ച ചെയ്യും. മാനുഷികനീതി പോലും തങ്ങൾക്ക് നിഷേധിക്കപ്പെടുന്നതായി യു.എന്നിനു മുമ്പാകെ ഫലസ്തീൻ പ്രതിനിധി സംഘം ആരോപിച്ചു. യുദ്ധഭീതി വർധിച്ചതോടെ പല രാജ്യങ്ങളും പൗരൻമാരെ ഒഴിപ്പിക്കാൻ നീക്കം ശക്തമാക്കി. ഇന്ത്യക്കാരെയും വഹിച്ചുള്ള ആദ്യവിമാനം ഇന്ന് പുറപ്പെടും. 'ഓപറേഷൻ അജയ്' എന്നാണ് ഇന്ത്യ ഒഴിപ്പിക്കൽ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ബ്രിട്ടീഷ് എയർവേസ് ഉൾപ്പെടെ പ്രധാന വിമാന കമ്പനികളൊക്കെയും ഇസ്രായേൽ സർവീസ് നിർത്തി.

അതേസമയം, ഹമാസിനെയും ഇസ്‌ലാമിക് ജിഹാദിനെയും പിഴുതെറിയും വരെ പോരാട്ടം തുടരുമെന്ന് നെതന്യാഹു പറഞ്ഞു. എന്നാൽ ആക്രമണം വ്യാപിക്കുന്നത് തടയാൻ നയതന്ത്രനീക്കം ഊർജിതമാക്കിയിരിക്കുകയാണ് തുർക്കി ഉൾപ്പെടെ നിരവധി രാജ്യങ്ങൾ.


Israeli airstrikes continue in Palestine, talks to open human corridor for Gaza evacuees

Similar Posts