World
Israeli Airstrikes in South Lebanon; Two soldiers were killed, latest news തെക്കൻ ലബനാനിൽ ഇസ്രായേൽ വ്യോമാക്രമണം; രണ്ട് സൈനികർ കൊല്ലപ്പെട്ടു
World

ഹിസ്ബുല്ല നേതാവിന്റെ പ്രഭാഷണത്തിനിടെ തെക്കൻ ലബനാനിൽ ഇസ്രായേൽ വ്യോമാക്രമണം

Web Desk
|
19 Sep 2024 6:09 PM GMT

ലബനാൻ അതിർത്തിയിൽ ഹിസ്ബുല്ലയുടെ ആക്രമണത്തിൽ 2 സൈനികർ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ

ബെയ്‌റൂത്ത്: തെക്കൻ ലബനാനിൽ ഇസ്രായേൽ വ്യോമാക്രമണം. ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ലയുടെ പ്രഭാഷണത്തിനിടെയാണ് ഇസ്രായേലി വിമാനങ്ങൾ ബോംബാക്രമണം നടത്തിയത്. ലബനാനിലെ പേജർ സ്ഫോടനം ഇസ്രായേലിന്റെ യുദ്ധപ്രഖ്യാപനമായാണ് കാണുന്നതെന്ന് ഹിസ്ബുല്ല നേതാവ് പറഞ്ഞു. ലബനാൻ അതിർത്തിയിൽ ഹിസ്ബുല്ലയുടെ ആക്രമണത്തിൽ 2 സൈനികർ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു.

ലബനാനിൽ പേജർ-വോക്കി ടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെയാണ് ഇസ്രായേൽ സേന വ്യോമാക്രമണം നടത്തിയത്. ഹിസ്ബുല്ല കേന്ദ്രങ്ങളിൽ വ്യാപക ആക്രമണം നടത്തിയെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. പേജർ-വോക്കി ടോക്കി സ്ഫോടനങ്ങളിൽ മരിച്ചവർക്ക് അനുശോചനമറിയിച്ച് സംസാരിക്കുകയായിരുന്നു ഹസൻ നസ്റുല്ല.

ഇസ്രായേൽ ആക്രമണങ്ങൾ കൂട്ടക്കൊലകളായാണ് കാണുന്നതെന്നും ഇസ്രായേലിന്റേത് യുദ്ധപ്രഖ്യാപനമാണെന്നും ഹസൻ നസ്റുല്ല പറഞ്ഞു. ഗസ്സയ്ക്ക് നൽകി വരുന്ന പിന്തുണ ഇനിയും തുടരും. ഇസ്രായേൽവിമാനങ്ങൾ അയൽരാജ്യമായ ലബനാനിലൂടെ താഴ്ന്ന് പറക്കുന്നത് മറക്കരുതെന്നും ഹിസ്ബുല്ല നേതാവ് മുന്നറിയിപ്പ് നൽകി.

ലബനാൻ അതിർത്തിയിൽ ഹിസ്ബുല്ല ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽസേന സ്ഥിരീകരിച്ചു. ഡ്രോൺ ആക്രമണത്തിൽ ഒരു ഓഫീസറും ഇസ്രായേൽ ടാങ്കുകൾക്ക് നേരെ ഹിസ്ബുല്ല അയച്ച മിസൈൽ പതിച്ച് ഒരു സൈനികനും കൊല്ലപ്പെട്ടു. അതിർത്തിയിലേക്ക് ഇസ്രായേൽ കൂടുതൽ സൈനികരെ വിന്യസിച്ചതിന് പിന്നാലെയാണ് രണ്ട് സൈനികർ കൊല്ലപ്പെട്ടത്.

Similar Posts