ഹമാസ് സൈനിക മേധാവി മുഹമ്മദ് ദൈഫിനെ വധിച്ചെന്ന് ഇസ്രായേൽ
|ഖാൻ യൂനിസിൽ ജൂലൈ 13ന് നടത്തിയ ആക്രമണത്തിൽ ദൈഫിനെ കൊലപ്പെടുത്തിയെന്നാണ് വാദം.
ജെറുസലേം: ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ് മേധാവി മുഹമ്മദ് ദൈഫിനെ വധിച്ചെന്ന് ഇസ്രായേൽ. ഖാൻ യൂനിസിൽ ജൂലൈ 13ന് നടത്തിയ ആക്രമണത്തിൽ കൊലപ്പെടുത്തിയെന്നാണ് വാദം.
ഹമാസ് മേധാവി ഇസ്മാഈൽ ഹനിയ്യയെ ബുധനാഴ്ച തെഹ്‌റാനിൽ ഇസ്രായേൽ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദൈഫിനെ കൊലപ്പെടുത്തിയെന്ന അവകാശവാദവുമായി ഇസ്രായേൽ രംഗത്തെത്തിയിരിക്കുന്നത്. ഹനിയ്യയുടെ അന്ത്യകർമങ്ങൾ തെഹ്‌റാനിൽ നടക്കുകയാണ്.
ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് മുഹമ്മദ് ദൈഫ് ആണെന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്. ജൂലൈ 13ന് ഖാൻ യൂനിസിൽ നടന്ന ആക്രമണത്തിൽ 90 ആളുകൾ കൊല്ലപ്പെട്ടതായി ഹമാസ് പറഞ്ഞിരുന്നു. എന്നാൽ ദൈഫിന്റെ കൊലപാതകം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല.
1965ൽ ഖാൻ യൂനിസിലെ അഭയാർഥി ക്യാമ്പിലാണ് മുഹമ്മദ് ദൈഫ് ജനിച്ചത്. മുഹമ്മദ് മസ്‌രി എന്നാണ് യഥാർഥ നാമം. 1987ൽ ഒന്നാം ഇൻതിഫാദയുടെ സമയത്ത് ഹമാസിൽ ചേർന്നതോടെയാണ് മുഹമ്മദ് ദൈഫ് എന്ന പേര് സ്വീകരിച്ചത്. ഗസ്സ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽനിന്ന് സയൻസിൽ ബിരുദം നേടിയിട്ടുണ്ട്.
1990ൽ ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ് രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ആളാണ് ദൈഫ്. 20 വർഷത്തോളമായി അൽ ഖസ്സാം ബ്രിഗേഡിന്റെ തലവനും ദൈഫാണ്.