ദേർ എൽ- ബലാഹിൽനിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ ഭീഷണി; ഗസ്സയിൽ 24 മണിക്കൂറിനിടെ 50 പേർ കൊല്ലപ്പെട്ടു
|ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40,223 ആയി. ഇവരിൽ 16,500 പേരും കുട്ടികളാണ്.
ഗസ്സ: ഗസ്സയിൽ കൂട്ടക്കുരുതി തുടരുന്നതിനിടെ വീണ്ടും കുടിയൊഴിപ്പിക്കൽ ഭീഷണിയുമായി ഇസ്രായേൽ. നിരവധി ഫലസ്തീനികൾ തങ്ങുന്ന മധ്യ ഗസ്സയിലെ ദേർ എൽ- ബലാഹിൽനിന്ന് ഒഴിഞ്ഞുപോകാനാണ് ഇസ്രായേലിന്റെ പുതിയ നിർദേശം. തെക്ക് മുതൽ മധ്യ ഗസ്സ വരെ സൈന്യത്തിൻ്റെ കരപ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഒഴിപ്പിക്കൽ ഉത്തരവ്.
ദേർ എൽ-ബലാഹിലെ ജനത്തിരക്കേറിയ പ്രദേശത്ത് ഇസ്രായേൽ സൈന്യം ജനക്കൂട്ടത്തിലേക്ക് വെടിയുതിർക്കുകയും ഒരാളെ കൊല്ലുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞദിവസവും ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.
അതിനിടെ, 24 മണിക്കൂറിനുള്ളിൽ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 50 ഫലസ്തീനികൾ കൊല്ലപ്പെടുകയും 124 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ, ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40,223 ആയി. ഇവരിൽ 16,500 പേരും കുട്ടികളാണ്. 92,981 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
നൂറുകണക്കിന് ആളുകൾ അഭയം പ്രാപിച്ച ഗസ്സ സിറ്റിയിലെ സലാഹ് അൽ-ദിൻ സ്കൂളിനും സമീപത്തെ വീടിനും നേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സർക്കാർ മീഡിയ ഓഫീസ് അറിയിച്ചു.
തങ്ങൾ ആക്രമണം നടത്തിയതായി സമ്മതിച്ച ഇസ്രായേൽ സൈന്യം, ഹമാസിനെതിരായ ആക്രമണമാണെന്നും അവകാശപ്പെട്ടു. ഖാൻ യൂനിസിനു സമീപത്തെ ബാനി സുഹൈല പട്ടണത്തിൽ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ക്യാമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ ഏഴ് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇവരിൽ രണ്ട് പേർ കുട്ടികളും അഞ്ച് പേർ സ്ത്രീകളുമാണ്.
ഇതിനിടെ, കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തുന്ന നിയമലംഘനങ്ങൾ തടയാൻ ഫലപ്രദവും പ്രായോഗികവുമായ നടപടികൾ ആവശ്യമാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കനുമായുള്ള ഫോൺകോളിൽ ജോർദാൻ വിദേശകാര്യ മന്ത്രി അയ്മാൻ സഫാദി പറഞ്ഞു. വിശുദ്ധ സ്ഥലങ്ങളിലെ ആക്രമണങ്ങൾ തടയാൻ ആവശ്യമായ എല്ലാ നടപടികളും ജോർദാൻ സ്വീകരിക്കുമെന്നും ഈ ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര കോടതികളെ സമീപിക്കാൻ തയാറെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.