റഫയിൽ കരയാക്രമണത്തിന് ഒരുങ്ങി ഇസ്രായേൽ സേന; അനുമതി നൽകിയിട്ടില്ലെന്ന് അമേരിക്ക
|12 ലക്ഷത്തോളം പേർ തിങ്ങിത്താമസിക്കുന്ന റഫക്കു നേരെയുള്ള ആക്രമണം ആയിരങ്ങളുടെ കൂട്ടക്കുരുതിക്കാവും വഴിയൊരുക്കുക
ദുബൈ: തെക്കൻ ഗസ്സയിലെ റഫയിൽ ആക്രമണത്തിന് ഒരുങ്ങിയെന്നും ഇനി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അനുമതി മാത്രം മതിയെന്നും ഇസ്രായേൽ സേന. ആയിരക്കണക്കിന് സൈനികരെയാണ് റഫക്ക് നേരെയുള്ള കരയാക്രമണത്തിന് ഇസ്രായേൽ സജ്ജമാക്കി നിർത്തിയിരിക്കുന്നത്.
12 ലക്ഷത്തോളം പേർ തിങ്ങിത്താമസിക്കുന്ന റഫക്കു നേരെയുള്ള ആക്രമണം ആയിരങ്ങളുടെ കൂട്ടക്കുരുതിക്കാവും വഴിയൊരുക്കുക. എന്നാൽ, ഒഴിപ്പിക്കലും ആക്രമണവും ഒരേ സമയം മുന്നോട്ടുകൊണ്ടുപോകുമെന്ന് സൈന്യം വ്യക്തമാക്കി. റഫ ആക്രമണത്തിന് അനുമതി നൽകിയെന്ന വാർത്ത അമേരിക്ക തള്ളി. സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി പെൻറഗൺ അറിയിച്ചു. ഈജിപത് ഉൾപ്പെടെ മേഖലയുടെ സുരക്ഷക്ക് വൻഭീഷണിയാകും റഫ ആക്രമണമെന്ന് ഫലസ്തീൻ സംഘടനകളും മുന്നറിയിപ്പ് നൽകി.
ഇസ്രായേലിനുള്ള പുതിയ സൈനിക സഹായം അടുത്ത മണിക്കൂറുകളിൽ തന്നെ കപ്പൽ മാർഗം അയക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബെഡൻ. യു.എസ് കോൺഗ്രസ് പാസാക്കിയ പാക്കേജിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് തുടർ നടപടി.
വിവിധ അമേരിക്കൻ സർവകലാശാലകളിൽ പടരുന്ന ഫലസ്തീൻ ഐക്യദാർഢ്യവും യുദ്ധവിരുദ്ധ പ്രക്ഷോഭവും അമർച്ച ചെയ്യാൻ കടുത്ത നടപടികൾ സ്വീകരിച്ച് ഭരണകൂടം. സെമിറ്റിക് വിരുദ്ധ പ്രക്ഷോഭം എന്ന ലേബൽ ചാർത്തിയാണ് വിദ്യാർഥികൾക്കെതിരെ നടപടി തുടരുന്നത്. ടെക്സാസ് യൂനിവേഴ്സിറ്റിയിൽ 10 വിദ്യാർഥികൾ അറസ്റ്റിലായി. ഹാർവാർഡ് സർവകലാശാലയിൽ വിദ്യാർഥികൾ പ്രതിഷേധ ക്യാമ്പ് തുറന്നു.
ഇസ്രായേൽ വിദ്യാർഥികൾക്ക് അമേരിക്കയിൽ സുരക്ഷയില്ലാത്ത സാഹചര്യം പൊറുപ്പിക്കാനാവില്ലെന്ന് യു.എസ് പ്രതിനിധി സഭാ സ്പീക്കർ പറഞ്ഞു. ഹമാസ് അനുകൂല പ്രക്ഷോഭം അമർച്ച ചെയ്യണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും ആവശ്യപ്പെട്ടു.
ഗസ്സയിലെ നാസിർ, അൽ ശിഫ ആശുപത്രികളിൽ കണ്ടെത്തിയ കൂട്ടക്കുഴിമാടത്തിൽ സ്വതന്ത്രാന്വേഷണം വേണമെന്ന് യൂറോപ്യൻ യൂനിയനും ആംനസ്റ്റി ഇൻർനാഷനലും വ്യക്തമാക്കി. ഗസ്സ ഭക്ഷ്യക്ഷാമത്തിന്റെ പടിവാതിൽക്കലാണെന്ന് യു.എൻ ഏജൻസികൾ അറിയിച്ചു. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ പാകിസ്താൻ സന്ദർശനവേളയിൽ ഇരുരാജ്യങ്ങളും ഇസ്രായേലിനെതിരെ സംയുക്ത പ്രസ്താവന പുറത്തിറക്കി. ഇസ്രായേൽ, അമേരിക്കൻ ഉടമസ്ഥതയിലുള്ള മൂന്ന് കപ്പലുകൾക്കു നേരെ ആക്രമണം നടത്തിയെന്ന് യെമനിലെ ഹൂത്തികൾ അറിയിച്ചു.