'ഇസ്രായേൽ ആക്രമണം സ്വയംപ്രതിരോധമെന്ന് ന്യായീകരിക്കാനാവില്ല'; ഖത്തർ അമീർ
|ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്നും നീചമായ കുറ്റകൃത്യങ്ങൾ തുടരാൻ അനുവദിക്കുന്നത് അന്താരാഷ്ട്ര സമൂഹത്തിന് അപമാനമാണെന്നും ഖത്തർ അമീർ പറഞ്ഞു
ദോഹ: ഇസ്രായേൽ ആക്രമണം സ്വയംപ്രതിരോധമെന്ന് ന്യായീകരിക്കാനാവില്ലെന്ന് ഖത്തർ അമീർ. ഫലസ്തീൻ വിഷയത്തിൽ ശാശ്വത പരിഹാരം കാണാതെ മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജിസിസി ഉച്ചകോടിയിൽ സംസാരിക്കവെയാണ് ഖത്തർ അമീറിന്റെ പ്രതികരണം.
ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്നും നീചമായ കുറ്റകൃത്യങ്ങൾ തുടരാൻ അനുവദിക്കുന്നത് അന്താരാഷ്ട്ര സമൂഹത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീൻ പ്രശ്നം മതപരമല്ലെന്നും അധിനിവേശ വിരുദ്ധ പോരാട്ടമാണെന്നും ഖത്തർ അമീർ പറഞ്ഞു.
യുഎൻ ഉത്തരവാദിത്വം നിറവേറ്റണമെന്നും യുദ്ധം അവസാനിപ്പിക്കാനും ചർച്ചകൾക്കായി ഇസ്രായേലിൽ സമ്മർദ്ദം ചെലുത്തണമെന്നും ഖത്തർ ആവശ്യപ്പെട്ടു. ജിസിസി നേതാക്കൾക്കൊപ്പം തുർക്കി പ്രസിഡന്റ് ഉർദുഗാനും ജിസിസി യോഗത്തിൽ പങ്കെടുക്കുന്നു
അതിനിടെ ഗസ്സയിൽ ഉടനീളം കരയാക്രമണം വ്യാപിപ്പിക്കുമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. യുദ്ധം ആളപായം സൃഷ്ടിക്കുമെന്നും ജബലിയ, ശുജാഇയ ഉൾപ്പെടെ എല്ലായിടങ്ങളിലും വിജയിക്കുകയാണ് പ്രധാനമെന്നും ഇസ്രായേൽ സൈന്യം പറഞ്ഞു.
രണ്ട് ഓഫീസർമാർ ഉൾപ്പെടെ ഇന്ന് മാത്രം ഗസ്സയിൽ 5 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഒരു ഡെപ്യൂട്ടി കമ്പനി കമാന്ററും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും.അതേ സമയം ഗസ്സയിൽ ഇന്റർനെറ്റ് സംവിധാനം പൂർണമായും നിലച്ചതായി ഫലസ്തീൻ ടെലി കമ്യൂണിക്കേഷൻ കമ്പനി അറിയിച്ചു.