ഇസ്രായേൽ ആക്രമണത്തിൽ ഒരു ബന്ദി കൂടി കൊല്ലപ്പെട്ടു; നെതന്യാഹുവിന്റെ വസതിക്ക് മുന്നിൽ പ്രതിഷേധം
|ഇസ്രായേൽ ആക്രമണത്തിൽ ഒരു ബന്ദി കൂടി കൊല്ലപ്പെട്ടതിന്റെ ദ്യശ്യങ്ങൾ ഹമാസ് അനുകൂല സായുധ സംഘടന പുറത്തുവിട്ടു
ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ ഒരു ബന്ദി കൂടി കൊല്ലപ്പെട്ടു. ഇസ്രായേലിൽ ബന്ദികളുടെ കുടുംബാംഗങ്ങളുടെ പ്രതിഷേധം തുടരുന്നു. ഗസ്സയിൽ ഓരോ മണിക്കൂറിലും രണ്ട് അമ്മമാർ വീതം കൊല്ലപ്പെടുന്നതായി യു.എൻ അറിയിച്ചു.
അതിർത്തിയിൽ സംഘർഷം തുടർന്നാൽ യഥാർഥ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇസ്രായേലിന് ഹിസ്ബുല്ലയുടെ മുന്നറിയിപ്പ്. ഇസ്രായേൽ "മനഃപൂർവ്വം" യുദ്ധക്കുറ്റങ്ങൾ നടത്തിയതിന് തെളിവുകളില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ബന്ദി കൈമാറ്റത്തിന് ഹമാസുമായി ഉടൻ കരാറിലേർപ്പെടണമെന്ന് ആവശ്യപ്പെട്ട് രാത്രി വൈകിയും ഇസ്രായേലിൽ പ്രതിഷേധമുണ്ടായി. ബന്ദികളുടെ കുടുംബാംഗങ്ങൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് മുന്നിലാണ് പ്രതിഷേധിക്കുന്നത്. ഇതിനിടെ ഇസ്രായേൽ ആക്രമണത്തിൽ ഒരു ബന്ദി കൂടി കൊല്ലപ്പെട്ടതിന്റെ ദ്യശ്യങ്ങൾ ഹമാസ് അനുകൂല സായുധ സംഘടന പുറത്തുവിട്ടു.
ഗസ്സയിൽ ഓരോ മണിക്കൂറിലും രണ്ട് അമ്മമാർ വീതം കൊല്ലപ്പെടുന്നതായി സ്ത്രീകൾക്കായുള്ള യു.എൻ ഏജൻസി അറിയിച്ചു. ദ്വിരാഷ്ട്ര പരിഹാരത്തെ നെതന്യാഹു എതിർക്കുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അവകാശപ്പെട്ടു. ഗസയിൽ ഇസ്രായേൽ "മനഃപൂർവ്വം" യുദ്ധക്കുറ്റങ്ങൾ നടത്തിയതിന് തെളിവുകളില്ലെന്നും വൈറ്റ് ഹൗസ് അറിയിച്ചു. എന്നാൽ ഇസ്രായേൽ ആക്രമണത്തിൽ റാമല്ലയിൽ അമേരിക്കൻ പൗരത്വമുള്ള പതിനേഴ്കുകാരൻ കൊല്ലപ്പെട്ടതിൽ ആശങ്കയും അറിയിച്ചു.
തെക്കൻ ലെബനൻ അതിർത്തിയിൽ ഹിസ്ബുല്ലയുമായുള്ള സംഘർഷം രൂക്ഷമാകുമെന്ന ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ പ്രസ്താവനക്ക് മറുപടി നൽകി ഹിസ്ബുള്ള. അതിർത്തിയിൽ സംഘർഷം തുടർന്നാൽ യഥാർഥ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഹിസ്ബുല്ല കമാൻഡർ വ്യക്തമാക്കി. ഇറാഖിൽ അമേരിക്കൻ ഡ്രോൺ തകർത്തതായി ഇസ്ലാമിക് റെസിസ്റ്റൻസ് ഗ്രൂപ്പ് അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 142 കടന്നു. 278 പേർക്ക് പരിക്കേറ്റു.
ഫലസ്തീൻ തടവുകാരോട് ഇസ്രായേൽ ക്രൂരമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഗസ്സ മുന്പിൽ വ്യാമാക്രമണം ശക്തമായി തുടരുകയാണ്. ഖാൻ യൂനിസിൽ ജോർദാൻ-അൽനാസർ ആശുപത്രി പരിസരങ്ങളിലും കനത്ത ബോംബാക്രമണമാണുണ്ടായത്.