World
വടക്കൻ ഗസ്സയിൽ ഇസ്രായേൽ ആക്രമണം; 19 ദിവസത്തിനിടെ 770 പേർ മരിച്ചു
World

വടക്കൻ ഗസ്സയിൽ ഇസ്രായേൽ ആക്രമണം; 19 ദിവസത്തിനിടെ 770 പേർ മരിച്ചു

Web Desk
|
24 Oct 2024 2:20 AM GMT

ആയിരത്തിലേറെ പേർക്ക്​ പരിക്കേറ്റു

ടെൽ അവീവ്: ഉപരോധത്തിലമർന്ന ജബാലിയ, ദേർ അൽ ബലാഹ്​ ഉൾപ്പെടെ വടക്കൻ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 73 പേർ കൊല്ലപ്പെട്ടു. ഇതോടെ 19 ദിവസത്തിനിടെ പ്രദേശത്ത്​ കൊല്ലപ്പെടുന്ന ഫലസ്തീനികളടെ എണ്ണം 770 കവിയുകയും ആയിരത്തിലേറെ പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു.

ഗസ്സയിലും ലബനാനിലും വെടിനിർത്തലിന്​ ശ്രമം തുടരുമെന്ന്​ ഗൾഫ്​ ഭരണാധികാരികൾക്കു മുമ്പാകെ യുഎസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആന്‍റണി ബ്ലിൻകൻ ഉറപ്പ് നൽകി.​ എന്നാൽ നിലവിൽ വെടിനിർത്തൽ ചർച്ചകൾക്ക്​ സാധ്യത കുറവാണെന്ന്​ പെന്‍റഗൺ വക്താവ്​ ജോൺ കിർബി അറിയിച്ചു. ഇറാനെ ആക്രമിക്കാൻ വ്യോമസേന പരിശീലനം തുടരുന്നതായി ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞു.​

ഇന്നലെ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സിവിൽ ഡിഫൻസ്​ ജീവനക്കാർക്ക്​ നേരെയും വ്യോമാക്രമണം നടന്നു. സംഭവത്തിൽ നിരവധി ആളുകൾ മരിച്ചു. ആരോഗ്യ പ്രവർത്തകർക്ക്​ നേരെയും കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക ആക്രമണം നടന്നു. ജബാലിയയി​ലെ ഇസ്രായേൽ സൈനിക കേന്ദ്രത്തിനു നേരെ ആക്രമണം നടത്തിയതായി ഹമാസ്​ അറിയിച്ചു. ആക്രമണഭീതിയിൽ ആയിരങ്ങളാണ്​ പ്രദേശത്തു നിന്ന്​ ലക്ഷ്യമറിയാതെ പലായനം ചെയ്തത്​.

വടക്കൻ ഗസ്സയിൽ സഹായം എത്തിക്കാനും വെടിനിർത്തൽ സാധ്യത അറിയാനും ഇസ്രായേലിനോട്​ ആവശ്യപ്പെട്ടതായി ഇസ്രായേലിൽ നിന്ന്​ സൗദിയിലെത്തിയ ആന്‍റണി ബ്ലിൻകൻ പറഞ്ഞു. എന്നാൽ നിലവിലെ സാഹചര്യത്തിൽ വെടിനിർത്തൽ ചർച്ചകൾക്കുള്ള സാധ്യത വിരളമാണെന്ന്​ പെന്‍റഗൺ വക്​താവ്​ ജോൺ കിർബി അഭപ്രായപ്പെട്ടു.

ബെയ്​റൂത്ത്​ ഉൾപ്പെടെ ലബനാനിലും ഇസ്രായേൽ വ്യോമാക്രമണത്തിൽ മാറ്റമില്ല. ബെയ്​റൂത്തിലെ കെട്ടിടങ്ങളിൽ നിന്ന്​ ഒഴിയാൻ ഇസ്രായേൽ സേന മുന്നറിയിപ്പ്​ നൽകി. ​എന്നാൽ ഇസ്രയേലിന്റെ പ്രധാന കേന്ദ്രങ്ങൾക്കു നേരെ കൂടുതൽ ഡ്രോണുകൾ അയച്ച്​ ഹിസ്​ബുല്ല തിരിച്ചടിച്ചു. ഇതുവരെ 70 ഇസ്രായേൽ സൈനികരെ വധിക്കുകയും 600ൽ ഏറെ പേർക്ക്​ പരി​ക്കേൽക്കുകയും ചെയ്തതായി ഹിസ്​ബുല്ല അറിയിച്ചു. വ്യോമസേനയുടെ കരുത്ത്​ ഇറാൻ വൈകാതെ തിരിച്ചറിയുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ്​ ഗാലന്‍റിന്‍റെ മുന്നറിയിപ്പ്​ നൽകി.

Similar Posts