ഗസ്സയിൽ സഹായം കാത്തുനിന്നവർക്ക് നേരെയും ഇസ്രായേൽ ആക്രമണം; 10 പേർ കൊല്ലപ്പെട്ടു
|നെതന്യാഹു സർക്കാറിനെതിരെ തെൽഅവീവിൽ കൂറ്റൻ മാർച്ച് പ്രഖ്യാപിച്ച് ബന്ദികളുടെ ബന്ധുക്കൾ
ദുബൈ: ഗസ്സയിൽ സഹായം കാത്തുനിന്ന ദുരിതബാധിതരെയും കൊന്നുതള്ളി ഇസ്രായേലിന്റെ കൊടുംക്രൂരത. ആക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സ സിറ്റിയിൽ സഹായ ട്രക്കുകൾക്കായി വരിനിന്നവർക്കു നേരെയാണ് ഇസ്രായേൽ ആക്രമണം. ആയിരങ്ങളാണ് ഭക്ഷണത്തിനായി ഇവിടെ കാത്തുനിന്നിരുന്നത്. 10 പേർ കൊല്ലപ്പെടുകയും 15 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
അതേസമയം, ഗസ്സയിലേക്ക് സഹായ ട്രക്കുകൾ വരുന്നതും ഇസ്രായേൽ സേന തടയുകയാണ്. പ്രതിദിനം 500ലേറെ ഭക്ഷണ ട്രക്കുകൾ ആവശ്യമായിടത്ത് 100ൽ ചുവടെ മാത്രമാണ് അനുവദിക്കുന്നത്. എന്നാൽ പട്ടിണി ആയുധമാക്കി ഫലസ്തീനികളെ തളർത്താനുള്ള ഇസ്രായേൽ ലക്ഷ്യം വിജയിക്കില്ലെന്ന് ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ പറഞ്ഞു.
യു.എൻ ഏജൻസിയുടെ പിൻമാറ്റം കാരണം വടക്കൻ ഗസ്സയിൽ പട്ടിണി മൂലം വലയുകയാണ് ലക്ഷങ്ങൾ. 22 ലക്ഷം ഫലസ്തീനികൾക്ക് ഭക്ഷണം മുടങ്ങിയതായി ഗസ്സയിലെ യു.എൻ പ്രത്യേക പ്രതിനിധി മൈക്കൽ ഫഖ്രി കുറ്റപ്പെടുത്തി.
ദാഹവും പട്ടിണിയും മരുന്ന് നിഷേധവും ഇസ്രായേൽ യുദ്ധത്തിനുള്ള ആയുധമാക്കുകയാണെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് മാൽക്കി. ജനീവയിൽ യു.എൻ മനുഷ്യാവകാശ കൗൺസിൽ 55-ാമത് ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വംശഹത്യയിൽ തനിക്കു പങ്കില്ലെന്ന് വ്യക്തമാക്കി ഇസ്രായേൽ എംബസിക്ക് മുന്നിൽ സ്വയം തീകൊളുത്തി മരിച്ച യു.എസ് സൈനികൻ ആരോൺ ബുഷ്‌നെല്ലിന്റെ ഓർമകളുണർത്തി അമേരിക്കയുടെ പല ഭാഗങ്ങളിലും യുദ്ധവിരുദ്ധ റാലികൾക്ക് ആഹ്വാനം.
അതിനിടെ, ഖത്തർ കേന്ദ്രമായി വെടിനിർത്തൽ ചർച്ച തുടരുകയാണ്. അധികം വൈകാതെ കരാർ യാഥാർഥ്യമാകുമെന്നാണ് അമേരിക്കയുടെ പ്രതികരണം. ബന്ദികൾക്ക് പകരം ഗുരുതര കുറ്റങ്ങൾ ആരോപിച്ച് ഇസ്രായേൽ തടവറയിലുള്ള മുതിർന്ന ഫലസ്തീൻ നേതാക്കളെ വിട്ടയക്കണമെന്ന ഹമാസ് ആവശ്യം ഇസ്രായേൽ അംഗീകരിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. എന്നാൽ വെടിനിർത്തൽ കരാർ ചർച്ചയെ കുറിച്ച് എന്തെങ്കിലും പ്രതികരിക്കാൻ ഹമാസ് തയാറായിട്ടില്ല.
അതേസമയം, നെതന്യാഹു സർക്കാറിനെതിരെ തെൽഅവീവിൽ കൂറ്റൻ മാർച്ച് പ്രഖ്യാപിച്ച് ബന്ദികളുടെ ബന്ധുക്കൾ രംഗത്തെത്തി. നാലുനാൾ നീണ്ടുനിൽക്കുന്ന മാർച്ച് ഗസ്സ അതിർത്തിയിൽനിന്ന് ആരംഭിച്ച് ജറൂസലമിൽ അവസാനിക്കും. ബുധനാഴ്ച തുടങ്ങുന്ന മാർച്ച് ശനിയാഴ്ചയാണ് സമാപിക്കുക.
അതിനിടെ, ലബനാനിലെ ബികാ താഴ്‌വരയിൽ ഇസ്രായേൽ പോർവിമാനങ്ങൾ നടത്തിയ ബോംബിങിൽ രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് തിരിച്ചടിയായി ഇസ്രായേൽ കേന്ദ്രങ്ങൾക്കു നേരെ ഹിസ്ബുല്ല വ്യാപക മിസൈൽ ആക്രമണം നടത്തി. യെമനിലെ ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്നലെ രാത്രിയും യു.എസ്, ബ്രിട്ടീഷ് സൈനികാക്രമണം നടന്നു.