ആശുപത്രികൾക്കെതിരായ ഇസ്രായേൽ ആക്രമണം; യുഎൻ അന്വേഷണം വേണമെന്ന് ഖത്തർ
|അല്‍ ശിഫ ആശുപത്രിയിലെ സൈനിക കടന്നുകയറ്റം യുദ്ധക്കുറ്റമായി കാണണമെന്നും ഖത്തര്‍
ആശുപത്രികള്‍ക്കെതിരായ ഇസ്രായേല്‍ ആക്രമണത്തില്‍ യുഎന്‍ അന്വേഷണം വേണമെന്ന് ഖത്തര്‍. അല്‍ ശിഫ ആശുപത്രിയിലെ സൈനിക കടന്നുകയറ്റം യുദ്ധക്കുറ്റമായി കാണണമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
അല്‍ശിഫ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ഇസ്രായേല്‍ സൈന്യം നടത്തുന്ന ആക്രമണങ്ങളെ ഖത്തര്‍ ശക്തമായി അപലപിച്ചു. അല്‍ശിഫയിലെ കടന്നുകയറ്റം യുദ്ധക്കുറ്റമായി കാണണമെന്നും വിഷയത്തില്‍ ഉടന്‍ അന്താരാഷ്ട്ര അന്വേഷണം പ്രഖ്യാപിക്കണമെന്നും യുഎന്നിന്റെ സ്വതന്ത്ര അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.
"ജനീവ കണ്‍വെന്‍ഷന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ് ഇസ്രായേല്‍ നടത്തുന്നത്. അന്താരാഷ്ട്ര സമൂഹം ഇപ്പോള്‍ പുലര്‍ത്തുന്ന ഈ മൗനം ഫലസ്തീന് ജനതയ്ക്ക് നേരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ ഇസ്രായേലിന് പ്രേരണയാവുകയാണ്. മേഖലയില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് യുദ്ധവും അധിനിവേശവും വ്യാപിപ്പിക്കുമെന്ന് ഇസ്രായേല്‍ ഭീഷണി മുഴക്കുന്നു.ഇത് അന്താരാഷ്ട്ര സമൂഹത്തിലും കൂട്ടായ്മകളിലും മനുഷ്യര്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തും". ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.