World
Israeli companies welcome if not involved in war, Says Euronaval organizers after France ban, Euronaval 2024, Euronaval ban, Israel companies ban, Gaza attack, Lebanon attack, France-Israel conflict,
World

'വിലക്ക് നീക്കാം; ഗസ്സ-ലബനാന്‍ ആക്രമണത്തിൽ പങ്കാളിയാകരുത്'-ഇസ്രായേൽ കമ്പനികളോട് ഫ്രാൻസ്

Web Desk
|
20 Oct 2024 3:37 PM GMT

ഗസ്സയിലെയും ലബനാനിലെയും ആക്രമണത്തിൽ പങ്കാളികളാകാത്ത ഒറ്റ പ്രതിരോധ കമ്പനിയും ഇസ്രായേലിൽ ഇല്ലെന്നാണ് പ്രാദേശിക മാധ്യമമായ 'വൈ നെറ്റ് ന്യൂസ്' പറയുന്നത്

പാരിസ്: ലോകത്തെ ഏറ്റവും വലിയ ആയുധ പ്രദർശനമേളയിൽനിന്ന് ഇസ്രായേൽ കമ്പനികളെ വിലക്കിയ നടപടിയിൽ പുതിയ വിശദീകരണവുമായി ഫ്രാൻസ്. ഗസ്സയിലും ലബനാനിലും ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ പങ്കാളികളാകുന്നില്ലെങ്കിൽ പ്രദർശനത്തിൽ പങ്കെടുക്കാമെന്നാണു സംഘാടകർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇസ്രായേൽ മാധ്യമമായ 'വൈ നെറ്റ് ന്യൂസ്' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതിനിടെ, വിലക്കിനെതിരെ ഫ്രാൻസിനെതിരെ നിയമപോരാട്ടം ആരംഭിക്കുകയാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത മാസം പാരിസിൽ നടക്കാനിരിക്കുന്ന പ്രതിരോധ വ്യാപാര പ്രദർശനമായ 'യൂറോനേവൽ 2024' ട്രേഡ് ഷോയിലാണ് ഇസ്രായേൽ കമ്പനികൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. എക്‌സിബിഷന്റെ 29-ാമത് എഡിഷനാണ് ഇത്തവണ പാരിസിലെ നോർഡ് വില്ലെപിന്റ് കൺവെൻഷൻ സെന്ററിൽ നവംബർ നാലു മുതൽ ഏഴുവരെ നടക്കാനിരിക്കുന്നത്. ഇസ്രായേൽ പ്രതിനിധികൾക്കു പ്രദർശനം കാണാനെത്താമെങ്കിലും കമ്പനികൾക്കും കരാറുകാർക്കും സ്റ്റാളുകൾ നൽകില്ല. ദിവസങ്ങൾക്കുമുൻപ് ഫ്രഞ്ച് ഭരണകൂടമാണ് വിലക്ക് പ്രഖ്യാപിച്ചത്. എന്നാൽ, ഇപ്പോൾ വിലക്കിൽ ഇളവ് നൽകാമെന്നു പറഞ്ഞു മുന്നോട്ടു പുതിയ നിബന്ധന തത്വത്തിൽ വ്യർഥമാണെന്നാണ് വൈ നെറ്റ് ന്യൂസ് റിപ്പോർട്ടിൽ പറയുന്നത്. ഇസ്രായേൽ സൈനിക നടപടിയുടെ ഭാഗമാകാതെ ഒറ്റ ഇസ്രായേൽ കമ്പനിയുമില്ലെന്നാണ് വാർത്തയിൽ വ്യക്തമാക്കുന്നത്.

ഇതിനെതിരെ ഇസ്രായേൽ കടുത്ത എതിർപ്പുമായി രംഗത്തെത്തിയതോടെ ഇപ്പോൾ സംഘാടകർ തന്നെ വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ഒക്ടോബർ 18ന് ഔദ്യോഗിക വിജ്ഞാപനത്തിലൂടെ വ്യക്തമാക്കിയ (ഫ്രഞ്ച്) ദേശീയ പ്രതിരോധ-സുരക്ഷാ കൗൺസിൽ തീരുമാനം എക്‌സിബിഷൻ സംഘാടകർ അംഗീകരിക്കുന്നുവെന്നു കുറിപ്പിൽ പറയുന്നു. എക്‌സിബിഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഇസ്രായേൽ കമ്പനികൾക്ക് തടസമില്ല. എന്നാൽ, ഗസ്സയിലും ലബനാനിലും നടക്കുന്ന സൈനികനടപടിയിൽ അവരുടെ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും സംഘടാകർ വ്യക്തമാക്കി.

അതിനിടെ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെ നിയമനടപടി ആരംഭിക്കുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് അറിയിച്ചു. അസ്വീകാര്യമായ ഉപാധികളുമായി പ്രഖ്യാപിച്ചിരിക്കുന്ന വിലക്ക് ജനാധിപത്യവിരുദ്ധമായ നടപടിയാണെന്ന് കാറ്റ്‌സ് കുറ്റപ്പെടുത്തി. സൗഹൃദരാജ്യങ്ങളായിട്ടുകൂടി ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് ഉൾക്കൊള്ളാനാകാത്തതാണ്. തീരുമാനത്തിൽനിന്ന് മാക്രോൺ പിന്മാറണം. ഇസ്‌ലാമിക ഭരണകൂടവുമായി ഏറ്റുമുട്ടിനിൽക്കുന്ന ഏക രാജ്യമാണ് ഇസ്രായേൽ. എതിരെ നിൽക്കുന്നതിനു പകരം, പടിഞ്ഞാറൻ രാജ്യങ്ങൾക്കൊപ്പം ഫ്രാൻസും തങ്ങൾക്കൊപ്പം നിൽക്കുകയാണു വേണതെന്നും ഇസ്രായേൽ കാറ്റ്‌സ് എക്‌സ് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

ഏതാനും മാസങ്ങൾക്കിടെ ഇതു രണ്ടാം തവണയാണ് ഇസ്രായേൽ ആയുധ കമ്പനികൾക്കെതിരെ ഫ്രാൻസിന്റെ നടപടിയുണ്ടാകുന്നത്. കഴിഞ്ഞ ജൂണിൽ നടന്ന ലോകത്തെ തന്നെ ഏറ്റവും വലിയ ആയുധ പ്രദർശനങ്ങളിലൊന്നായ 'യൂറോസാറ്ററി'യിലും ഇസ്രായേൽ കമ്പനികൾക്ക് ഫ്രാൻസ് വിലക്കേർപ്പെടുത്തിയിരുന്നു. നടപടി അവസാനനിമിഷം ഫ്രഞ്ച് കോടതി സ്റ്റേ ചെയ്തെങ്കിലും കമ്പനികൾക്ക് എക്സ്ബിഷനിൽ പങ്കെടുക്കാനായില്ല.

ഇത്തവണ എട്ട് മുൻനിര ഇസ്രായേൽ കമ്പനികളെയാണ് വിലക്ക് ബാധിക്കാൻ പോകുന്നത്. ഇസ്രായേലി പ്രതിരോധ സാങ്കേതിക കമ്പനികളായ റാഫേൽ, എൽബിറ്റ് സിസ്റ്റംസ്, ഇസ്രായേലിലെ ഏറ്റവും പ്രധാന ബഹിരാകാശ-വ്യോമയാന കമ്പനിയായ ഇസ്രായേൽ എയറോസ്പേസ് ഇൻഡസ്ട്രീസ് ഉൾപ്പെടെ പ്രദർശനത്തിന്റെ ഭാഗമാകുമെന്ന് നേരത്തെ യൂറോനേവൽ വെബ്സൈറ്റിൽ നൽകിയ വിശദാംശങ്ങളിൽ അറിയിച്ചിരുന്നു. ഐഡിഎഫിന്റെ പ്രധാന വ്യാപാര പങ്കാളികളാണ് ഈ കമ്പനികളെല്ലാം. അതിനാൽ, പ്രതിരോധ നിക്ഷേപരംഗത്തെ പുതിയ സാധ്യതകൾ തുറക്കുന്ന നേവൽ ഷോയിൽ ഇവർക്കൊന്നും ഭാഗമാകാനാകില്ലെന്ന് ഉറപ്പാണ്.

ബ്രിട്ടീഷ് ബഹുരാഷ്ട്ര ബഹിരാകാശ, പ്രതിരോധ കമ്പനിയായ ബിഎഇ സിസ്റ്റംസ്, ഫ്രാൻസിലെ ഏറ്റവും വലിയ നാവിക പ്രതിരോധ കമ്പനിയായ നേവൽ ഗ്രൂപ്പ്, ഇറ്റലിയിലെ ട്രിസ്റ്റെ ആസ്ഥാനമായുള്ള കപ്പൽ നിർമാണ കമ്പനിയായ ഫിൻകാന്റിയേരി, നെതർലൻഡ്സിലെ ആംസ്റ്റർഡാം ആസ്ഥാനമായുള്ള യൂറോപ്യൻ പ്രതിരോധ വ്യവസായ കമ്പനിയായ കെഎൻഡിഎസ് തുടങ്ങി ലോകത്തെ മുൻനിര കമ്പനികൾ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.

Summary: 'Israeli companies welcome if not involved in war', Says Euronaval organizers after France ban

Similar Posts