വികലാംഗരായ ഇസ്രായേല്‍ സൈനികര്‍ 70,000 പിന്നിട്ടു; ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്
|ഹമാസ് തിരിച്ചടിയില്‍ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ 35 ശതമാനം പേര്‍ക്കും പരിക്കേറ്റതായാണ് സൈന്യം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്
തെല്‍അവീവ്: ഒക്ടോബര്‍ ഏഴിനുശേഷം ഗസ്സയില്‍ ആരംഭിച്ച ആക്രമണത്തില്‍ ഇസ്രായേല്‍ സേനയ്ക്ക് കനത്ത തിരിച്ചടിയേറ്റതായി വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്ത്. ഹമാസ് തിരിച്ചടിയില്‍ പരിക്കേറ്റവര്‍ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ(ഐ.ഡി.എഫ്) 35 ശതമാനം വരുമെന്നാണ് സൈന്യം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. ഭൂരിഭാഗം പേരും കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയും പ്രശ്‌നങ്ങളിലൂടെയുമാണു കടന്നുപോകുന്നത്. അതിനിടെ, അംഗവിഹീനരോ വികലാംഗരോ ആകുന്ന ഐ.ഡി.എഫ് അംഗങ്ങള്‍ ചരിത്രത്തിലാദ്യമായി 70,000 കടന്നെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവന്നത്.
ഇസ്രായേല്‍ സൈനിക മന്ത്രാലയമാണു പുതിയ വിവരങ്ങള്‍ പുറത്തുവിട്ടതെന്ന് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോര്‍ട്ട് ചെയ്തു. മന്ത്രാലയത്തിനു കീഴിലുള്ള പ്രതിരോധ പുനരധിവാസ കേന്ദ്രത്തില്‍ പരിക്കേറ്റ സൈനികരെ കൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. ഒക്ടോബര്‍ ഏഴിനുശേഷം മാത്രം കേന്ദ്രത്തില്‍ 8,663 പേരെ പ്രവേശിപ്പിച്ചതാണ് ഔദ്യോഗികമായി സ്ഥിരീകരിച്ച കണക്ക്. ഇതില്‍ 35 ശതമാനം പേരും മാനസിക പ്രശ്‌നങ്ങളാണു നേരിടുന്നത്. 21 ശതമാനം പേര്‍ക്ക് ശാരീരികമായ പരിക്കുകളുമേറ്റിട്ടുണ്ട്.
2024ന്റെ അവസാനമാകുമ്പോഴേക്ക് പുതുതായി 20,000 സൈനികരെ കൂടി പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കേണ്ടിവരുമെന്നാണ് സൈന്യം കണക്കുകൂട്ടുന്നത്. ഒക്ടോബറിനുശേഷം ഓരോ മാസവും ആയിരത്തിലേറെ പേരെ ഇവിടെ പ്രവേശിപ്പിക്കുന്നുണ്ട്. ഇതില്‍ 95 ശതമാനം പേരും പുരുഷസൈനികരാണ്. ഇതില്‍ തന്നെ 70 ശതമാനം പേര്‍ റിസര്‍വ് സൈനികരുമാണ്. പരിക്കേറ്റവരില്‍ പാതിയും 18നും 30നും ഇടയില്‍ പ്രായമുള്ള യുവസൈനികരുമാണെന്നാണ് 'ഇസ്രായേല്‍ മെഡിക്കല്‍ കോണ്‍ഫറന്‍സ്' പുറത്തുവിട്ട കണക്ക്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന സൈനികരില്‍ 40 ശതമാനവും വിഷാദം, ഉത്കണ്ഠ, പോസ്റ്റ്-ട്രോമ പിരിമുറുക്കം, ആശയവിനിമയത്തില്‍ ബുദ്ധിമുട്ടുകള്‍ എന്നിവ നേരിടേണ്ടിവരുമെന്നാണ് വിദഗ്ധ സംഘം നടത്തിയ പരിശോധനയില്‍ വ്യക്തമാകുന്നതെന്ന് ഇസ്രായേല്‍ മാധ്യമമായ 'അറൂറ്റ്‌സ് ഷെവ' റിപ്പോര്‍ട്ട് ചെയ്തു. ആകെ വികലാംഗരായ 70,000 സൈനികരില്‍ മാനസിക പ്രശ്‌നങ്ങളും പോസ്റ്റ്-ട്രോമ മാനസിക പിരിമുറുക്കളും(പി.ടി.എസ്.ഡി) നേരിടുന്നവര്‍ 9,539 പേര്‍ വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന സൈനികര്‍ക്ക് അടിയന്തര പരിചരണങ്ങള്‍ നല്‍കിയിരുന്നു. ഇവരെ പരിചരിക്കാനായി പുതുതായി ഒന്‍പത് റിഹാബിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്കു മാത്രമായി മൊബൈല്‍ ഒബ്‌സര്‍വേഷന്‍ സംഘവും 400 തെറാപിസ്റ്റുകളും രാജ്യത്തൊന്നാകെ പ്രവര്‍ത്തനനിരതരാണ്. പി.ടി.എസ്.ഡി ഗൈഡ് ആപ്പും ഐ.ഡി.എഫ് പുറത്തിറക്കിയിട്ടുണ്ട്.
ഒക്ടോബര്‍ ഏഴിനുശേഷം ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്ന ആക്രമണത്തിനിടെ 2,000ത്തിലേരെ സൈനികര്‍ വികലാംഗരായതായി ഏപ്രില്‍ മാസത്തില്‍ ഇസ്രായേല്‍ സൈന്യം സമ്മതിച്ചിരുന്നു. സൈനികരും പൊലീസുകാരും റിസര്‍വ് സേനയുമെല്ലാം ഇതില്‍ ഉള്‍പ്പെടും. ഉറക്ക പ്രശ്‌നങ്ങള്‍ നേരിടുന്ന സൈനികരുടെ എണ്ണത്തില്‍ 101 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. 18.7ല്‍നിന്ന് 37.7 ശതമാനത്തിലേക്കാണ് ഇത് ഉയര്‍ന്നത്. വലിയ വിഷാദ-മാനസിക രോഗങ്ങള്‍ അനുഭവിക്കുന്നവര്‍ ശതമാനം 43.5 ശതമാനത്തിലേക്കും ഉയര്‍ന്നതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ദിവസങ്ങള്‍ക്കുമുന്‍പ് എട്ട് സൈനികര്‍ ഗസ്സയില്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സമ്മതിച്ചിരുന്നു. ഒക്ടോബര്‍ ഏഴിനുശേഷം ഒറ്റ ആക്രമണത്തില്‍ ഇത്രയും സൈനികര്‍ കൊല്ലപ്പെടുന്നത് ആദ്യത്തെ സംഭവമാണെന്നാണ് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സൈനികരുമായി തിരിച്ച വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടു നടന്ന ബോംബ് സ്‌ഫോടനത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കോംബാറ്റ് എന്‍ജിനീയറിങ് ബറ്റാലിയന്റെ ഭാഗമായ സൈനികര്‍ക്കാണു ജീവന്‍ നഷ്ടമായത്. 19നും 23നും ഇടയില്‍ പ്രായമുള്ള യുവാക്കളാണു കൊല്ലപ്പെട്ടവരെല്ലാമെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചിരുന്നു.
അതേസമയം, ഒക്ടോബര്‍ ഏഴിനുശേഷം ഗസ്സയിലെ ഇസ്രായേല്‍ നരഹത്യയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 37,343 ആയിട്ടുണ്ട്. പരിക്കേറ്റവര്‍ ഒരു ലക്ഷത്തോടടുക്കുകയാണ്. 85,372 ആണ് ഏറ്റവും പുതിയ കണക്ക്. വീടും കിടപ്പാടവും നഷ്ടപ്പെട്ടു മറ്റു പ്രദേശങ്ങളിലേക്ക് പലായനം ചെയ്തവര്‍ 17 ലക്ഷത്തോളവും വരുമെന്ന് യു.എന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
Summary: Number of Israeli disabled soldiers exceeds 70,000: IDF confirms