World
gaza ceasefire
World

ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് സാധ്യത; മരണം 13,300 കവിഞ്ഞു

Web Desk
|
21 Nov 2023 12:45 AM GMT

ബന്ദികളുടെ മോചനത്തിനും താൽക്കാലിക വെടിനിർത്തലിനും സാധ്യമായ എല്ലാ നീക്കങ്ങളും തുടരുന്നതായി വൈറ്റ്​ ഹൗസ്​ വക്​താവും അറിയിച്ചു

തെല്‍ അവിവ്: ഒരു വിഭാഗം ബന്ദികളുടെ മോചനം ഉറപ്പാക്കി താൽക്കാലിക വെടിനിർത്തൽ കരാർ ഉടൻ നടപ്പായേക്കുമെന്ന്​ റിപ്പോർട്ട്​. കരാർ വൈകില്ലെന്ന്​ വൈറ്റ്​ ഹൗസും പ്രതികരിച്ചു. അതേ സമയം ആക്രമണം രൂക്ഷമായ ഗസ്സയിൽ മരണം 13,300 കവിഞ്ഞു. ഇസ്രായേലി ഉടമസ്​ഥതയിലുള്ള കപ്പൽ പിടിച്ചെടുത്ത ദൃശ്യങ്ങൾ പുറത്തുവിട്ട ഹൂത്തികൾ യെമൻ സമുദ്രാതിർത്തിയിലേക്കുള്ള വിദേശ ശക്​തികളുടെ ഏതൊരു ഇടപെടലും ശക്​തമായി ചെറുക്കുമെന്നും താക്കീത്​ നൽകി. അറബ്​, മുസ്​‍ലിം രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധി സംഘം ബീജിങിൽ ചൈനീസ്​ നേതാക്കളുമായി ചർച്ച നടത്തി.

ഖത്തർ മധ്യസ്​ഥതയിൽ ബന്ദികളുടെ കൈമാറ്റവും താൽക്കാലിക വെടിനിർത്തലും വ്യവസ്​ഥ ചെയ്യുന്ന കരാറിൽ ഇസ്രായേൽ ഒപ്പുവെച്ചതായും ഹമാസി​ന്‍റെ പ്രതികരണത്തിന്​ കാത്തിരിക്കുകയാണെന്നും ഇസ്രായേൽ ബ്രോഡ്​കാസ്​റ്റിങ്​ അതോറി​റ്റിയാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതിനു തൊട്ടുപിന്നാലെ കരാർ ഉടൻ യാഥാർഥ്യമാകുമെന്ന്​ അമേരിക്കൻ പ്രസിഡന്‍റ്​ ജോ ബൈഡനും പ്രതികരിച്ചു. ബന്ദികളുടെ മോചനത്തിനും താൽക്കാലിക വെടിനിർത്തലിനും സാധ്യമായ എല്ലാ നീക്കങ്ങളും തുടരുന്നതായി വൈറ്റ്​ ഹൗസ്​ വക്​താവും അറിയിച്ചു.

ഇസ്​‍ലാമിക് ജിഹാദ്​ നേതാവ്​ സിയാദ്​ അൽ നഖാലയും ഹമാസ്​ നേതാവ്​ ഇസ്മാഈൽ ഹനിയ്യയും തമ്മിൽ രാത്രി ചർച്ച​ നടത്തി. ഏതാണ്ട്​ ഒന്നര മാസ​ത്തോളമായി തുടരുന്ന യുദ്ധം കൂടുതൽ വ്യാപ്​തിയിലേക്ക്​ നീങ്ങുന്നതി​ന്‍റെ സൂചനകൾക്കിടെയാണ്​ താൽക്കാലിക വെടിനിർത്തൽ ചർച്ച വീണ്ടും സജീവമാകുന്നത്​. അ​തേ സമയം അഭയാർഥി ക്യാമ്പുകൾക്കും ആശുപത്രികൾക്കും നേരെയുള്ള ഇസ്രായേൽ സൈനികാക്രമണം കൂടുതൽ രൂക്ഷമായി. 5600 കുട്ടികൾ ഉൾപ്പെടെ മരണം 13,300 ആയി. 3550 സ്​ത്രീകളും മരിച്ചവരിൽ ഉൾപ്പെടും. പരി​ക്കേറ്റവരുടെ എണ്ണം മുപ്പത്തി ഒന്നായിരം കവിഞ്ഞു. ഇവരിൽ 75 ശതമാനവും കുട്ടികളും സ്​ത്രീകളുമാണ്​. യുദ്ധലക്ഷ്യം നേടുന്നതിൽ പരാജയപ്പെട്ടതാണ്​ കൂട്ടക്കുരുതികളിലേക്ക്​ ഇസ്രായേൽ സൈന്യത്തെ നയിക്കുന്നതെന്ന്​ ഹമാസ്​.

ഏഴ് സൈനികരെ കൊലപ്പെടുത്തിയതായും പിന്നിട്ട മൂന്നു നാളുകൾക്കുള്ളിൽ 60 സൈനിക വാഹനങ്ങൾ തകർത്തതായും അൽഖസ്സാം ബ്രിഗേഡ്​. കരയുദ്ധംആരംഭിച്ചതു മുതൽ ഗസ്സയിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 66 ആയെന്ന്​ ഇസ്രായേൽ. ലബനനിൽനിന്ന് ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണവും ഇസ്രായേലിനെ ഞെട്ടിച്ചു. 25 റോക്കറ്റുകൾ കിരിയത് ഷിമോണ നഗരത്തിൽ പതിച്ചതായും തങ്ങളുടെ സൈനികതാവളം തകർന്നതായും ഇസ്രായേൽ സേന അറിയിച്ചു.

രാത്രി ​ ഗസ്സയിൽ നിന്ന്​ നിരവധി റോക്കറ്റുകൾ തെൽഅവീവിനെ ലക്ഷ്യം വെച്ചെത്തി. അൽ-ശിഫ ആശുപത്രി പിടിച്ചെടുത്ത് രോഗികളെ ഒഴിപ്പിച്ചതിനു പിന്നാലെ ഗസ്സ ബൈത് ലാഹിയയിലെ ഇന്തോനേഷ്യൻ ആശുപത്രിയും ഇസ്രായേൽ അധിനിവേശ സേന വളഞ്ഞു. ആശുപത്രിക്കുനേരെ നടത്തിയ വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടു. 600ഓളം രോഗികളും 200 ജീവനക്കാരും 2000 അഭയാർഥികളുമടങ്ങുന്നവരുടെ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്​. ഗസ്സക്കുപുറമെ വെസ്റ്റ്ബാങ്കിലും ഫലസ്തീനുകൾക്കു നേരെ ഇസ്രായേലി കുടിയേറ്റക്കാരുടെ അതിക്രമം വ്യാപിക്കുകയാണ്. ഇത്​ ശക്​തമായി അമർച്ച ചെയ്യണമെന്ന്​ അമേരിക്ക ഇസ്രായേലിനെ അറിയിച്ചു.

ലബനൻ മേഖലയിലേക്ക്​ യുദ്ധം വ്യാപിക്കുന്നതും അമേരിക്ക ആശങ്കയോടെയാണ്​ കാണുന്നത്​. ഗസ്സയിലെ കുരുതി തുടർന്നാൽ കൂടുതൽ കട​ുത്ത ആക്രമണങ്ങൾ ഉണ്ടാകുമെന്ന്​ പിടിച്ചെടുത്ത ഇസ്രായേൽ കപ്പൽ ദൃശ്യങ്ങൾ പുറത്തുവിട്ട്​ യെമനിലെ ഹൂത്തികൾ മുന്നറിയിപ്പ്​ നൽകി. കപ്പൽ പിടിച്ചെടുത്തത്​ തങ്ങളുടെ നിർദേശപ്രകാരമല്ലെന്ന്​ ഇറാൻ വ്യക്​തമാക്കി.

Similar Posts