ഗസ്സയിൽ ബന്ദികളെ താമസിപ്പിച്ച പുതിയ തുരങ്കം കണ്ടെത്തിയെന്ന് ഇസ്രായേൽ സേന
|അഞ്ചു വയസ്സുകാരി എമിലിയ അലോണി വരച്ച ചിത്രങ്ങളും മറ്റു തെളിവുകളും സൈനികർ കണ്ടെത്തി
ഗസ്സയിൽ ബന്ദികളെ താമസിപ്പിച്ച പുതിയ തുരങ്കം കണ്ടെത്തിയെന്ന് ഇസ്രായേൽ സേന. ഹമാസ് പിടികൂടിയ ബന്ദികളെ താമസിപ്പിച്ച തുരങ്കത്തിന്റേതെന്ന് അവകാശപ്പെട്ട് ചില ചിത്രങ്ങളും ഇസ്രായേൽ സൈന്യം പുറത്തുവിട്ടു. ഖാൻ യൂനിസിലെ ഹമാസ് കമാൻഡറുടെ വീടിന് താഴെയുള്ള വിശാലമായ തുരങ്ക ശൃംഖല സൈനികർ കണ്ടെത്തിയെന്നാണ് ഐ.ഡി.എഫ് വക്താവ് ഡാനിയേൽ ഹഗാരി അവകാശപ്പെട്ടത്.
തുരങ്കത്തിൽ പ്രവേശിച്ചപ്പോൾ ഹമാസിന്റെ ഭാഗത്തുനിന്ന് ചെറുത്തുനിൽപ്പ് ഉണ്ടായതായും അവരെ കൊലപ്പെടുത്തിയതായും ഹഗാരി അറിയിച്ചു. അതേസമയം, തുരങ്കത്തിൽ ബന്ദികളൊന്നും ഉണ്ടായിരുന്നില്ല. സൈന്യം എത്തിയപ്പോഴേക്കും ഇവിടെയുണ്ടായിരുന്നവരെ മാറ്റിയെന്നാണ് കരുതുന്നത്.
'സ്ഫോടക വസ്തുക്കളും സ്ഫോടന വാതിലുകളും ഉപയോഗിച്ചാണ് തുരങ്കം ക്രമീകരിച്ചിരുന്നത്. ഒരു കിലോമീറ്ററോളം നടന്ന ശേഷം ഏകദേശം 20 മീറ്റർ ഭൂമിക്കടിയിലായിട്ടാണ് തുരങ്കത്തിന്റെ കേന്ദ്രഭാഗം. നേരത്തെ ഇസ്രായേലിലേക്ക് തിരിച്ചെത്തിയ ബന്ദികൾ പറഞ്ഞതനുസരിച്ച്, അവർ കൂടുതൽ സമയവും ഇവിടെ ചെലവഴിച്ചുവെന്നാണ് മനസ്സിലാകുന്നത്'- ഹഗാരി പറഞ്ഞു
നവംബറിൽ മോചിതയായ അഞ്ചു വയസ്സുകാരി എമിലിയ അലോണി വരച്ച ചിത്രങ്ങളും മറ്റു തെളിവുകളും സൈനികർ കണ്ടെത്തി. തുരങ്കത്തിനുള്ളിൽ അഞ്ച് ഇടുങ്ങിയ മുറികളുണ്ട്. ഇതിൽ കിടക്കയും ടോയ്ലെറ്റും സജ്ജീകരിച്ചിട്ടുണ്ട്. 20ഓളം ബന്ദികൾ ഈ തുരങ്കത്തിൽ വിവിധ സമയങ്ങളിൽ പകൽ വെളിച്ചമില്ലാതെയും മതിയായ ഓക്സിജനില്ലാതെയും കഠിനമായ സാഹചര്യങ്ങളിൽ കഴിഞ്ഞിരുന്നുവെന്നാണ് മനസ്സിലാകുന്നതെന്നും ഐ.ഡി.എഫ് വക്താവ് പറഞ്ഞു.
ബന്ദികളെ മോചിപ്പിക്കാൻ സൈന്യം പരമാവധി ശ്രമിക്കുന്നുണ്ട്. ഇസ്രായേലിന്റെ സാങ്കേതികവിദ്യകളും ഇന്റലിജൻസ് സംവിധാനങ്ങളുമെല്ലാം ഒരുമിച്ച് ചേർന്നാണ് പ്രവർത്തിക്കുന്നതെന്നും ഹഗാരി കൂട്ടിച്ചേർത്തു.
ഈ മാസം ഇത് രണ്ടാം തവണയാണ് ഹമാസിന്റെ തുരങ്കം കണ്ടെത്തിയതായി സൈന്യം പറയുന്നത്. ജനുവരി 10ന് ഖാൻ യൂനിസിലെ മറ്റൊരു തുരങ്കത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടിരുന്നു. ഹമാസിന്റെ തുരങ്ക ശൃംഖല 350-450 മൈൽ നീളമുള്ളതാണെന്നാണ് ഇസ്രായേലി പ്രതിരോധ സേനയുടെ വിലയിരുത്തൽ. ഇത് ഇസ്രായേലിന്റെ കണക്കുകൂട്ടലിനേക്കാൾ വളരെ കൂടുതലാണ്.
ഒക്ടോബർ ഏഴിന് 240ഓളം പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. തുടർന്ന് നവംബറിൽ 105 പേരെ വെടിനിർത്തൽ കരാറിന്റെ അടിസ്ഥാനത്തിൽ മോചിപ്പിച്ചു. എട്ട് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മൂന്ന് ബന്ദികളെ ഇസ്രായേൽ സൈന്യം അബദ്ധത്തിൽ കൊലപ്പെടുത്തുകയും ചെയ്തു. കൂടാതെ ഹമാസിന്റെ കൈവശമുള്ള 27 പേർ കൂടി മരിച്ചിട്ടുണ്ടെന്നാണ് ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഐ.ഡി.എഫ് പറയുന്നത്.
അതേസമയം, ഹമാസിന്റെ തടവിലുള്ള നൂറിലധികം ബന്ദികളെ ഇനിയും മോചിപ്പിക്കാൻ സാധിക്കാത്തതിൽ പ്രതിഷേധിച്ച് ഇസ്രായേലിൽ സർക്കാറിനെതിരെ പ്രക്ഷോഭങ്ങൾ അരങ്ങേറുകയാണ്. എത്രയും പെട്ടെന്ന് കരാറുണ്ടാക്കി ബന്ദികളെ മോചിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.