പിന്തുടർന്ന് വെടിവച്ചു, മൃതദേഹം മോഷ്ടിച്ചു; ഫലസ്തീനി ബാലനോട് ഇസ്രായേലിന്റെ കണ്ണില്ലാ ക്രൂരത
|14 വയസ്സുകാരന് വദീഅ് ഷാദി സഅദ് ഇൽയാൻ എന്ന ബാലനോടാണ് ഇസ്രായേലിന്റെ ക്രൂരത
വെസ്റ്റ് ബാങ്ക്: പിഞ്ചു കുഞ്ഞുങ്ങളടക്കം ഗസ്സയിലെ മനുഷ്യരോട് ഇസ്രായേൽ സേന നടത്തുന്ന കണ്ണില്ലാ ക്രൂരതകളുടെ വാർത്തകൾ ലോക മനസാക്ഷിയെ പിടിച്ചുലക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. മരണത്തുരുത്തായി മാറിയ ഫലസ്തീനിൽ യുദ്ധമവാസിനിപ്പിക്കാൻ ഒരുക്കമല്ലെന്ന് വീണ്ടും വീണ്ടും പ്രഖ്യാപിച്ച് കൊണ്ടേയിരിക്കുകയാണ് ബെഞ്ചമിൻ നെതന്യാഹു.
ഇപ്പോഴിതാ ഇസ്രായേൽ ക്രൂരതയുടെ കൂടുതൽ ഭീതിപ്പെടുത്തുന്ന ചിത്രങ്ങൾ ലോക മനസ്സാക്ഷിക്ക് മുന്നിൽ വെളിപ്പെടുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച ഒരു ഫലസ്തീനി ബാലനെ വെടിവച്ച് കൊന്ന ശേഷം ഇസ്രായേൽ സൈന്യം മൃതദേഹം തട്ടിക്കൊണ്ടു പോയി. 14 വയസ്സുള്ള വദീഅ് ഷാദി സഅദ് ഇൽയാൻ എന്ന ബാലനോടാണ് ഇസ്രായേലിന്റെ ക്രൂരത.
തിങ്കളാഴ്ച ഉച്ചക്ക് 12.30 ഓടെ കിഴക്കൻ ജറുസലേമിലെ ഇസ്രായേൽ കുടിയേറ്റ കേന്ദ്രമായ മആലെ അദുമിയിലാണ് സംഭവം. ഇസ്രായേൽ സേന വദീഇന്റെ പിന്തുടർന്ന് വെടിവക്കുകയായിരുന്നു. ആദ്യം വെടിയേറ്റപ്പോൾ അഞ്ച് മീറ്ററോളം പരിക്കുകളോടെ ഓടിയ വദീഇനെ പുറകെ കൂടി തുരുതുരെ വെടിവച്ചു. ശേഷം സേന മൃതദേഹം തട്ടിക്കൊണ്ടു പോയി.
കഴിഞ്ഞ ദിവസം ഇസ്രായേലി രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ ബാലന്റെ പിതാവിനെ ഇസ്രായേലി സൈനിക ചെക്ക് പോസ്റ്റിലേക്ക് വിളിപ്പിച്ച് മരണവിവരം അറിയിച്ചു. എന്നാൽ മൃതദേഹം കാണാനോ കൊണ്ടുപോകാനോ സമ്മതിക്കില്ലെന്ന് അറിയിച്ച് തിരിച്ചയക്കുകയായിരുന്നു.
ഇതാദ്യമായല്ല ഇസ്രയേൽ മൃതദേഹങ്ങൾ മോഷ്ടിച്ച് കൊണ്ടു പോകുന്നത് എന്ന് ഡിഫൻസ് ഫോർ ചിൽഡ്രൻസ് ഇന്റർനാഷണൽ എന്ന സംഘടന അറിയിച്ചു. ഫലസ്തീനി കുട്ടികളുടെ മൃതദേഹങ്ങളെ പോലും ഇസ്രായേൽ സേന വെറുതെ വിടാനൊരുക്കമല്ല. ബന്ധുമിത്രാദികൾക്ക് മൃതദേഹങ്ങൾ നൽകാതെ മോഷ്ടിച്ച് കൊണ്ടു പോകുന്നൊരു സൈന്യം മറ്റെവിടെയുണ്ടാകും. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണ് ഇസ്രായേൽ നടത്തുന്നതെന്നും ഡി.സി.ഐ.പി പ്രസ്താവനയിൽ അറിയിച്ചു.