World
സ്വന്തം പൗരന്മാരെയും ഇസ്രായേൽ സേന വെടിവെച്ചു; വെളിപ്പെടുത്തലുമായി യുവതി
World

'സ്വന്തം പൗരന്മാരെയും ഇസ്രായേൽ സേന വെടിവെച്ചു'; വെളിപ്പെടുത്തലുമായി യുവതി

Web Desk
|
16 Oct 2023 10:20 AM GMT

ഇസ്രായേല്‍ പ്രദേശങ്ങളില്‍ ഹമാസ് നടത്തിയ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെട്ട യാസ്മീൻ പോറാട്ട് എന്ന യുവതിയുടെതാണ്‌ വെളിപ്പെടുത്തല്‍

ജറുസലേം: ഹമാസിനെതിരായ നീക്കങ്ങളില്‍ സ്വന്തം പൗരന്മാരെയും ഇസ്രായേലി സുരക്ഷാ സേന വെടിവെച്ച് കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ. ഒക്ടോബർ ഏഴിന് ഇസ്രായേല്‍ പ്രദേശങ്ങളില്‍ ഹമാസ് നടത്തിയ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെട്ട യാസ്മീൻ പോറാട്ട് എന്ന യുവതിയുടെതാണ്‌ വെളിപ്പെടുത്തല്‍.

തെക്കൻ ഇസ്രായേലിലെ കിബറ്റ്സില്‍ ഹമാസുമായുള്ള പോരാട്ടത്തിനിടെയാണ് സ്വന്തം പൗരന്മാരെയും ഇസ്രായേലി സുരക്ഷാ സേന വെടിവെച്ചുവീഴ്ത്തിയതെന്ന് യാസ്മീന്‍ പറയുന്നത്.

''അവർ ബന്ദികളെ ഉൾപ്പെടെ ഇല്ലാതാക്കി, ശക്തമായ വെടിവെപ്പും ടാങ്ക് ആക്രണമങ്ങളും ഉണ്ടായി, മൂന്ന് മക്കളുടെ അമ്മയായ യാസ്മീന്‍ പൊറാട്ട് ഇസ്രായേലി റേഡിയയോട് പറഞ്ഞു. തങ്ങളെ മണിക്കൂറുകളോളം ഹമാസ് ബന്ദികളാക്കിയപ്പോൾ മാന്യമായാണ് പെരുമാറിയതെന്നും യാസ്മീന്‍ വെളിപ്പെടുത്തുന്നു.

ഇസ്രായേലി സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ കാനിൽ, ആര്യെ ഗോലൻ നടത്തുന്ന റേഡിയോ പ്രോഗ്രാമായ ഹബോക്കർ ഹസെ(''ഇസ് മോർണിംഗ്'')യിലൂടെയാണ് വെളിപ്പെടുത്തൽ. അഭിമുഖത്തിന്റെ റെക്കോർഡിംഗ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം ഹബോക്കർ ഹസെയുടെ ഓൺലൈൻ പതിപ്പിൽ അഭിമുഖം ഉൾപ്പെടുത്തിയിട്ടില്ല. ഒക്ടോബര്‍ 15ന് സംപ്രേഷണം ചെയ്ത എപ്പിസോഡാണ് തിരിച്ചടിയാകുമെന്ന് ഭയന്ന് ഇസ്രായേൽ ഉൾപ്പെടുത്താതിരിക്കുന്നത്.

ലെബനൻ അതിർത്തിക്കടുത്തുള്ള കാബ്രിയിലാണ് യാസ്മീന്റെ താമസം. രൂക്ഷമായ വെടിവെപ്പിൽ അവളുടെ പങ്കാളിയും കൊല്ലപ്പെട്ടു. എന്നിരുന്നാലും ഹമാസിന്റെ ആക്രണത്തെക്കുറിച്ച് ഇസ്രായേലിന്റെ ഔദ്യോഗിക കഥയെ യാസ്മീന്റെ വിവരണം ദുർബലപ്പെടുത്തുന്നുണ്ട്.

ഇസ്രായേൽ സുരക്ഷാ സേനയുടെ കനത്ത പ്രത്യാക്രമണത്തിൽ സ്വന്തം പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്ന് പറയുക മാത്രമല്ല, തന്നോടും ബന്ദികളാക്കിയ മറ്റുള്ളവരോടും, ഹമാസ് മാന്യമായി പെരുമാറിയെന്നും യാസ്മീന്‍ വ്യക്തമാക്കുന്നു. മിസൈലുകളും മോട്ടോറൈസ്ഡ് പാരാഗ്ലൈഡറുകളും ഉപയോഗിച്ച് ഹമാസ് ആക്രമണം ആരംഭിച്ചപ്പോൾ പോരാറ്റ് 'നോവ' സംഗീത നിശയിലായിരുന്നു യാസ്മിനും കുടുംബവും.

''ഞങ്ങളെ ബന്ദികളാക്കിയപ്പോള്‍ അവർ കുടിക്കാന്‍ തന്നു. ഞങ്ങൾ പരിഭ്രാന്തരാണെന്ന് കാണുമ്പോൾ അവർ ഞങ്ങളെ ശാന്തരാക്കി. ഇത് വളരെ ഭയാനകമായിരുന്നു, പക്ഷേ ആരും ഞങ്ങളോട് അക്രമാസക്തമായി പെരുമാറിയില്ല. ഭാഗ്യവശാൽ, മാധ്യമങ്ങളിൽ കേട്ടതുപോലെ എനിക്ക് ഒന്നും സംഭവിച്ചില്ല''- യാസ്മീന്‍ പറയുന്നു.

Summary-Israeli forces shot their own civilians, kibbutz survivor says


Similar Posts