World
Israeli forces tie another Palestinian to jeep as human shield
World

ഫലസ്തീൻ യുവാവിനെ ജീപ്പിന്റെ ബോണറ്റിൽ കെട്ടിവച്ച് മനുഷ്യകവചമാക്കി ഇസ്രായേൽ സേന

Web Desk
|
24 July 2024 4:26 PM GMT

പ്രദേശത്ത് ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെടുകയും ചെയ്തു.

വെസ്റ്റ്ബാങ്ക്: വീണ്ടും ഫലസ്തീൻ യുവാവിനെ ജീപ്പിന്റെ ബോണറ്റിൽ കെട്ടിവച്ച് മനുഷ്യകവചമാക്കി ഇസ്രായേൽ സേനയുടെ ക്രൂരത. തുൽകറമിൽ നിന്ന് അധിനിവേശ സേന പിടികൂടി തടവിലാക്കിയവരിൽ ഒരാളെയാണ് സൈനിക വാഹനത്തിൻ്റെ മുൻവശത്ത് കിടത്തി മനുഷ്യകവചമായി ഉപയോഗിച്ചതെന്ന് വഫ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ജൂലൈ 23ന് രാത്രി അഭയാർഥി ക്യാമ്പിൽ നിന്ന് പിന്മാറി ഒമ്പത് മണിക്കൂറിന് ശേഷം തിരിച്ചെത്തിയ ശേഷമായിരുന്നു സംഭവം. ഇവിടെ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെടുകയും ചെയ്തു.

വീടുകൾ റെയ്ഡ് ചെയ്ത ശേഷം അധിനിവേശ സേന നിരവധി യുവാക്കളെ കസ്റ്റഡിയിലെടുത്തതായി വഫ ലേഖകൻ റിപ്പോർട്ട് ചെയ്തു. തുടർന്ന് ഇവരിൽ ഒരാളെ സൈനിക വാഹനത്തിൻ്റെ മുൻവശത്ത് കെട്ടിയ ശേഷം സൈന്യം മനുഷ്യകവചമായി ഉപയോഗിക്കുകയായിരുന്നു. സൈന്യത്തിന്റെ അതിക്രമം നടന്ന വീടിനുള്ളിൽ രക്തം തളംകെട്ടി കിടപ്പുണ്ടെന്നും വെടിയുണ്ടകൾ കാണാമെന്നും റിപ്പോർട്ടിൽ പറയുന്നു.

ജൂൺ 22ന് അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിലും സമാന ക്രൂരത അരങ്ങേറിയിരുന്നു. ഇവിടെ നടത്തിയ റെയ്ഡിനു പിന്നാലെ ഇസ്രായേൽ സൈന്യം പരിക്കേറ്റ പലസ്തീൻ യുവാവിനെ സൈനിക ജീപ്പിൻ്റെ ബോണറ്റിൽ കെട്ടിയിട്ട് മനുഷ്യകവചമാക്കി ഉപയോ​ഗിക്കുകയായിരുന്നു.

വെസ്റ്റ് ബാങ്കിലെ ജെനിൻ സ്വദേശിയായ മുജാഹിദ് അസ്മി എന്ന യുവാവിനെയാണ് രണ്ട് ആംബുലൻസുകൾക്ക് മുന്നിൽ പോകുന്ന സൈനിക ജീപ്പിൽ കെട്ടിവച്ചത്. ജെനിനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് യുവാവിന് പരിക്കേറ്റത്. ആശുപത്രിയിലെത്തിക്കാൻ കുടുംബം ആംബുലൻസ് ചോദിച്ചപ്പോൾ സൈനികർ കൈകൾ ബന്ധിച്ച് ജീപ്പിന്റെ മുൻ ഭാഗത്ത് കെട്ടിവച്ച് യാത്ര ചെയ്യുകയായിരുന്നു.

യുവാവിനെ ഇസ്രായേൽ സേന മനുഷ്യകവചമാക്കുകയായിരുന്നെന്ന് അധിനിവിഷ്ട ഫലസ്തീൻ പ്രദേശത്തെ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോർട്ടറായ ഫ്രാൻസെസ്‌ക അൽബനീസ് പറഞ്ഞിരുന്നു.



Similar Posts