World
ആണവ ഇറാനെ ചെറുക്കാൻ യുഎസ്സുമായി കൈകോർക്കുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി
World

ആണവ ഇറാനെ ചെറുക്കാൻ യുഎസ്സുമായി കൈകോർക്കുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി

Web Desk
|
27 March 2022 2:25 PM GMT

നിർണായക ഘട്ടത്തിൽ യുഎസ്സും ഇസ്രായേലും ഒന്നിച്ചു നിൽക്കുമെന്നും ഇറാൻ ഒരിക്കലും ആണവായുധം കൈക്കലാക്കില്ലെന്നും യുഎസ് സെക്രട്ടറി

ആണവ ആയുധങ്ങൾ നിർമിക്കുന്ന ഇറാനെ ചെറുക്കാൻ യുഎസ്സുമായി കൈകോർക്കുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി യയെർ ലാപിഡ്. അവരുമായുള്ള ആണവ കരാർ വിഷയത്തിൽ തങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നും എന്നാൽ സത്യസന്ധമായ സംവാദം നല്ല ചങ്ങാത്തത്തിന്റെ ശക്തിയാണെന്നും അദ്ദേഹം യുഎസ് സെക്രട്ടറി ആൻറണി ബ്ലിങ്കനൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇസ്രായേലും തങ്ങളും സംയുക്തമായി ഇറാനെ പ്രതിരോധിക്കുമെന്നും ആണവ കരാറാണ് അവരെ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാർഗമെന്നും ആൻറണി ബ്ലിങ്കൻ പറഞ്ഞു. 2015 ലെ ഇറാൻ ആണവ കരാർ നവീകരിക്കുന്ന വിഷയത്തിൽ ഇസ്രായേലുമായി അഭിപ്രായ വ്യത്യാസമുണ്ടെന്നത് അദ്ദേഹം സ്ഥിരീകരിച്ചു.


എന്നാൽ കരാർ പൂർണമായി നടപ്പാക്കുന്നതാണ് അവരെ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല വഴിയെന്ന് ഇപ്പോഴത്തെ യുഎസ് പ്രസിഡൻറ് ജോ ബൈഡൻ കരുതുന്നുവെന്നും 2018ൽ മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് കരാറിൽനിന്ന് പിന്മാറിയത് മൂലം ഇറാൻ രക്ഷപ്പെടുകയായിരുന്നുവെന്നും ബ്ലിങ്കൻ പറഞ്ഞു. ബില്യൺ കണക്കിന് ഡോളർ സഹായം നൽകി ജോയിൻറ് കോംപ്രഹെൻസീവ് പ്ലാൻ ഓഫ് ആക്ഷൻ (ജെസിപിഒഎ) വഴി ബൈഡൻ ഭരണകൂടം കരാർ പുതുക്കാൻ ശ്രമിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.


എന്നാൽ ഇറാന്റെ ഭീഷണി പ്രതിരോധിക്കാൻ പഴയ കരാർ പുതുക്കിയാൽ പോരെന്ന നിലപാടിലാണ് ഇസ്രായേൽ. എന്നാൽ നിർണായക ഘട്ടത്തിൽ യുഎസ്സും ഇസ്രായേലും ഒന്നിച്ചു നിൽക്കുമെന്നും ഇറാൻ ഒരിക്കലും ആണവായുധം കൈക്കലാക്കില്ലെന്നും ബ്ലിങ്കൻ വ്യക്തമാക്കി. എന്നാൽ തങ്ങളുടെ ആണവ പദ്ധതി സിവിലിയൻ ഉപയോഗത്തിന് മാത്രമാണെന്നാണ് ഇറാൻ വാദിക്കുന്നത്.



2020 ൽ ഇസ്രായേൽ നയതന്ത്ര ബന്ധം സ്ഥാപിച്ച നാലു അറബ് രാജ്യങ്ങളുമായി ചർച്ച നടക്കാനിരിക്കെയാണ് ബ്ലിങ്കന്റെ പ്രസ്താവന. ചർച്ചയിൽ ആണവ കരാർ സുപ്രധാന അജണ്ടയാകുമെന്നാണ് കരുതപ്പെടുന്നത്. ഇസ്രായേലും ഇറാന്റെ ഇതര അയൽരാജ്യങ്ങളും അവരെ ശക്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ആണവ കരാറിനെ എതിർക്കുകയാണ്. മേഖലയിൽ ഇറാൻ നിഴൽ യുദ്ധം നടത്തുകയാണെന്നും ഇവർ ആരോപിക്കുന്നുണ്ട്. എന്നാൽ ഇറാൻ ആരോപണം നിഷേധിക്കുകയാണ്.

Israeli Foreign Minister Yair Lapid has said he will work with the United States to fight Iran, which builds nuclear weapons.

Similar Posts