'ഗുഡ് ബൈ, ശുക്‌റൻ, മഅസ്സലാമ'; ഇസ്രായേൽ ബന്ദികൾ വീട്ടിൽ പോകുന്ന ദൃശ്യം വൈറൽ
|വെടിനിർത്തൽ കരാറിന്റെ ഭാഗമായുള്ള ആറാം ബാച്ച് ബന്ദിക്കൈമാറ്റമാണ് ബുധനാഴ്ച പൂർത്തിയായത്.
ഗസ്സ സിറ്റി: ഹമാസ് പോരാളികളോട് ഹൃദയപൂർവ്വം യാത്ര പറഞ്ഞു പോകുന്ന ഇസ്രായേൽ തടവുകാരുടെ ദൃശ്യങ്ങൾ വീണ്ടും വൈറൽ. ബുധനാഴ്ച റെഡ്‌ക്രോസ് വഴി മോചിപ്പിച്ച ബന്ദികളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗുഡ് ബൈ, ശുക്‌റൻ, മഅസ്സലാമ എന്നിങ്ങനെ ആഹ്ലാദത്തോടെ അഭിവാദ്യം ചെയ്താണ് ബന്ദികൾ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത്. വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ വീഡിയോ പങ്കുവച്ചു.
വെടിനിർത്തൽ കരാറിന്റെ ഭാഗമായുള്ള ആറാം ബാച്ച് ബന്ദിക്കൈമാറ്റമാണ് കഴിഞ്ഞ ദിവസം പൂർത്തിയായത്. പത്തു പേരെ മോചിപ്പിച്ചതായി ഇസ്രായേൽ സൈനിക റേഡിയോ അറിയിച്ചു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസും ഇക്കാര്യം സ്ഥിരീകരിച്ചു.
മോചിപ്പിച്ച ബന്ദികളെ അൽ ഖസ്സാം ബ്രിഗേഡ് സൈനികർ വാഹനത്തിൽ കയറ്റുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. ബന്ദികള്‍ ചിരിച്ച് ഹസ്തദാനം ചെയ്യുന്നതും ആശ്ലേഷിച്ച് യാത്ര പറയുന്നതും കാണാം. വാഹനത്തിലേക്കെത്തുന്ന ഒരു യുവതി ഗുഡ് ബൈ, ഗുഡ് ബൈ എന്നിങ്ങനെ ആവർത്തിച്ചു പറഞ്ഞാണ് യാത്ര ചോദിക്കുന്നത്. മറ്റൊരു യുവതി ഹമാസ് പോരാളികളുടെ കൈയിലടിക്കുന്നതും ശുക്‌റൻ, വി ഗോ ഹോം (നന്ദി, ഞങ്ങൾ വീട്ടിൽ പോകുന്നു) എന്ന് പറഞ്ഞ് കൈ വീശുന്നതും സല്യൂട്ട് ചെയ്യുന്നതും കാണാം. മഅസ്സലാമ (ഗുഡ്‌ബൈ) എന്ന് അറബിയിൽ കൂടി പറഞ്ഞാണ് ഒരു യുവതി യാത്ര ചോദിക്കുന്നത്.
കഴിഞ്ഞ ദിവസം വളർത്തുപട്ടിയെ അണച്ചുപിടിച്ച് ഇസ്രായേലിലേക്ക് തിരിച്ചു പോകുന്ന 17കാരി മിയ ലീംബെർഗിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഒക്ടോബർ ഏഴിലെ സൈനിക ഓപറേഷനിടെയാണ് മിയയും അമ്മ ഗബ്രിയേലയും ഹമാസിന്റെ പിടിയിലാകുന്നത്. ഹമാസ് പോരാളികൾക്കും അൽ ഖസ്സാം നേതൃത്വത്തിനും നന്ദി അറിയിച്ച് ഇസ്രായേൽ ബന്ദിയായ ഡാനിയേൽ അലോണി എഴുതിയ കത്തും ഏറെ ചർച്ചയായിരുന്നു.
ഹീബ്രു ഭാഷയിലെഴുതിയ കത്ത് ഹമാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. അതിങ്ങനെ;
കഴിഞ്ഞ ആഴ്ചകളിൽ എന്നെ അനുഗമിച്ച പടയാളികളോട്, നാളെ നമ്മൾ പിരിയുമെന്ന് തോന്നുന്നു. അതുകൊണ്ടു തന്നെ, എന്റെ മകൾ എമിലിയയോട് നിങ്ങൾ കാണിച്ച അസാധാരണമായ മനുഷ്യത്വത്തിന് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി അറിയിക്കുന്നു.
നിങ്ങൾ അവൾക്ക് രക്ഷാകർത്താക്കളെ പോലെയായിരുന്നു. ആഗ്രഹിക്കുമ്പോഴെല്ലാം നിങ്ങൾ അവളെ വീട്ടിലേക്ക് ക്ഷണിച്ചു. നിങ്ങൾ അവളുടെ സുഹൃത്തുക്കൾ മാത്രമല്ല, ഏറെ പ്രിയപ്പെട്ടവരാണെന്നും എമിലിയ സമ്മതിക്കുന്നു.
നന്ദി, നന്ദി, പോറ്റമ്മയെ പോലെ അവൾക്കൊപ്പം ചെലവഴിച്ച മണിക്കൂറുകൾക്ക് നന്ദി. അവളോട് ക്ഷമയോടെ പെരുമാറിയതിനും മധുരപലഹാരങ്ങൾ, പഴങ്ങൾ, അധികം ലഭ്യമല്ലെങ്കിൽപ്പോലും അവിടെ ഉണ്ടായിരുന്നതെല്ലാം കൊണ്ട് അവളെ ചേർത്തുവച്ചതിനും നന്ദി.
കുട്ടികളെ ബന്ദികളാക്കി പിടിക്കരുത്. എന്നാൽ നിങ്ങൾക്കും യാത്രയിലുടനീളം കണ്ടുമുട്ടിയ നല്ല മനുഷ്യർക്കും നന്ദി. എന്റെ മകൾ ഗസ്സയിലെ ഒരു രാജ്ഞിയായി സ്വയം കരുതി. ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാണ് അവളെന്ന് അവൾ സമ്മതിക്കുന്നു.
ഞങ്ങളുടെ അവിടത്തെ നീണ്ട യാത്രയിൽ താഴെ റാങ്കിലുള്ള പട്ടാളക്കാർ മുതൽ നേതാക്കൾ വരെ അവളോട് ദയയും അനുകമ്പയും സ്നേഹവും കാണിക്കാത്ത ഒരാളെ പോലും ഞങ്ങൾ കണ്ടുമുട്ടിയില്ല. ഞാനെന്നും നിങ്ങളുടെ മഹാമനസ്‌കതയുടെ തടവുകാരിയായിരിക്കും. ശാശ്വതമായ മാനസിക ആഘാതത്തോടെ അവൾ ഗസ്സ വിട്ടുപോകാത്തതു കൊണ്ട് നിങ്ങളോട് എന്നും നന്ദിയുള്ളവളായിരിക്കും.
ഗസ്സയിൽ നിങ്ങൾ അനുഭവിച്ച നഷ്ടം, അത്യാഹിതങ്ങൾ... ഇങ്ങനെ ദുഷ്‌കരമായ സാഹചര്യങ്ങൾക്കിടയിലും നിങ്ങൾ കാണിച്ച സദ് പ്രവൃത്തികൾ എന്നും ഓർത്തിരിക്കും. ഈ ലോകത്ത് നിങ്ങളുടെ യഥാർത്ഥ സുഹൃത്തുക്കളാകാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. നിങ്ങൾക്കെല്ലാവർക്കും സ്വാസ്ഥ്യം നേരുന്നു. നിങ്ങളുടെ കുട്ടികൾക്കും കുടുംബത്തിനും ആരോഗ്യവും ക്ഷേമവും ഉണ്ടാകട്ടെ. നിങ്ങൾക്ക് ഒരുപാട് നന്ദി.
ഡാനിയേലും എമിലിയയും.
അതിനിടെ, ഇരുവിഭാഗവും തമ്മിലുള്ള വെടിനിർത്തൽ ഒരു ദിവസത്തേക്ക് കൂടി നീട്ടിയതായി മധ്യസ്ഥ രാജ്യമായ ഖത്തർ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച താത്കാലിക വെടിനിർത്തൽ ഇന്നാണ് അവസാനിക്കേണ്ടിയിരുന്നത്. ഇത് രണ്ടാം തവണയാണ് വെടിനിർത്തൽ നീട്ടുന്നത്.