ചെങ്കടലും കടന്ന് ഹൂതികൾ; തെൽ അവീവ് മാത്രമല്ല, ഇസ്രായേലി സൈനിക കേന്ദ്രങ്ങളും ഇനി ലക്ഷ്യസ്ഥാനങ്ങൾ
|തെൽ അവീവിലെ ഡ്രോൺ ആക്രമണത്തിൽ ഒരാൾ മരിക്കുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു
തെൽ അവീവ്: ഇസ്രായേലിന്റെ വിഖ്യാത സുരക്ഷാ സംവിധാനങ്ങളുടെ ബലഹീനത വീണ്ടും വെളിപ്പെടുത്തുകയാണ് വെള്ളിയാഴ്ചത്തെ ഹൂതികളുടെ ആക്രമണം. യെമനിൽനിന്ന് വിക്ഷേപിച്ച ഡ്രോൺ ഇസ്രായേലിലെ രണ്ടാമത്തെ വലിയ നഗരമായ തെൽ അവീവിനെ മാത്രമല്ല പ്രകമ്പനം കൊള്ളിച്ചത്, പ്രതിരോധ സംവിധാനങ്ങളുടെ അടിത്തറ ഇളക്കുന്ന ആക്രമണം കൂടിയായിരുന്നുവത്. തെൽ അവീവിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
യഫ എന്ന പേരിട്ട പുതിയ ഡ്രോൺ ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് ഹൂതികളുടെ സൈനിക വക്താവ് യഹ്‍യ സാരീ വ്യക്തമാക്കി. പുരാതന ഫലസ്തീൻ നഗരത്തിന്റെ പേരാണ് ഡ്രോണിനും നൽകിയിരിക്കുന്നത്. നിലവിൽ ഈ പ്രദേശം തെൽ അവീവിന്റെ ഭാഗമാണ്. ശത്രുവിന്റെ റഡാറടക്കമുള്ള പ്രതിരോധ സംവിധാനങ്ങളെ ഭേദിക്കാൻ തങ്ങളുടെ പുതിയ ഡ്രോണിന് കഴിവുണ്ടെന്ന് യഹ്‍യ സാരീ പറയുന്നു. ഇത്തരത്തിലുള്ള ആയുധങ്ങൾ ഹൂതികളുടെ കൈവശം നിരവധിയുണ്ടെന്നാണ് റിപ്പോർട്ട്.
നേരത്തേ ചെങ്കടലിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലുകളെ ആക്രമിച്ച് വലിയ തലവേദനയാണ് ഹൂതികൾ സൃഷ്ടിച്ചിരുന്നത്. ഇത് കൂടാതെ എയ്‍ലാത്ത് തുറമുഖ നഗരവും നിരവധി തവണ ആക്രമിച്ചു. പുതിയ ആക്രമണത്തോടെ തെൽ അവീവും ഇനി തങ്ങളുടെ ഒന്നാം നമ്പർ ലക്ഷ്യസ്ഥാനമാണെന്ന് ഉറപ്പിക്കുകയാണ് ഹൂതികൾ.
എവിടെയൊക്കെ ആക്രമിക്കണം എന്നതിന്റെ വ്യക്തമായ രൂപരേഖ തങ്ങളുടെ കൈവശമുണ്ടെന്ന് ഹൂതികൾ പറയുന്നു. ഇതിൽ പലതും ഇസ്രായേലിന്റെ അതിസുരക്ഷാ പ്രാധാന്യമുള്ള സൈനിക താവളങ്ങളാണ്. ഗസ്സയിലെ വംശഹത്യക്കും കൂട്ടക്കൊലകൾക്കും മറുപടിയായി ഇനിയും ആക്രമണങ്ങളുണ്ടാകുമെന്നും യഹ്‍യ സാരീ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഗസ്സയുടെ വീരോചിത ചെറുത്തുനിൽപ്പിനുള്ള പിന്തുണയും അദ്ദേഹം ആവർത്തിച്ചു പ്രഖ്യാപിച്ചു.
ഡ്രോൺ ആക്രമണത്തിന് പിന്നാലെ വലിയ വിമർശനങ്ങളാണ് ഇസ്രായേൽ നേതൃത്വത്തിനെതിരെ ഉയരുന്നത്. രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളുടെ ഫലപ്രാപ്തിയെ ഇസ്രായേലി മാധ്യമങ്ങൾ തന്നെ ചോദ്യം ചെയ്യുന്നു. രാജ്യാതിർത്തിയിലാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾ നേരത്തെയുണ്ടായിരുന്നത്. ഇപ്പോഴത് തെൽ അവീവിലുമെത്തിയിരിക്കുന്നു.
ഹൂതികൾ വിക്ഷേപിച്ച ഡ്രോൺ കടലിന്റെ ദിശയിൽനിന്നാണ് തെൽ അവീവിലെത്തിയത്. തുടർന്ന് ഷാലോം അലൈചം തെരുവിന് സമീപത്തെ യഹൂദ തെരുവിലെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സ്ഫോടനത്തിന്റെ പ്രതിധ്വനികൾ വെസ്റ്റ് ബാങ്ക് വരെയുണ്ടായതായി റിപ്പോർട്ടുണ്ട്. സംഭവം ഇസ്രായേലി ജനതയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇത്തരമൊരു സംഭവം ഇസ്രായേലെന്ന അധിനിവേശ രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യത്തേതാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
ഡ്രോണിനെ തിരിച്ചറിയാൻ കരയിലും കടലിലുമുള്ള റഡാറുകളുടെ കഴിവില്ലായ്മയുടെ തെളിവാണിതെന്ന വിമർശനവും ഉയരുന്നുണ്ട്. തെൽ അവീവിലെ യു.എസ് കോൺസുലേറ്റിന് സമീപമാണ് ആക്രമണമുണ്ടായത്. ഇവിടെ കനത്ത സുരക്ഷാസന്നാഹമാണുള്ളത്. എന്നിട്ടും എന്തുകൊണ്ട് ഡ്രോണിനെ തടയാനായില്ലെന്ന് മാധ്യമങ്ങൾ ചോദിക്കുന്നു.
പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ഉറക്കത്തിലാണെന്നും അദ്ദേഹത്തെ ആരെങ്കിലും ഉണർത്തണമെന്നും പലരും കുറ്റപ്പെടുത്തി. ഡ്രോൺ നേതാക്കളുടെ വീട്ടിലാണ് പതിച്ചിരുന്നതെങ്കിൽ അവർ ഉണർന്നുപ്രവർത്തിച്ചിരുന്നേയെന്നും ചിലർ വിമർശിച്ചു. രാജ്യസുരക്ഷ അപകടത്തിലായതിന് പിന്നാലെ സർക്കാറിനെതിരെ വലിയ ജനരോഷവും ഉയരുന്നുണ്ട്.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ പര്യടനം റദ്ദാക്കുമന്ന റിപ്പോർട്ടും വരുന്നുണ്ട്. സംഭവത്തിന്റെ തീവ്രതയാണ് അദ്ദേഹത്തിന്റെ തീരുമാനത്തിന് പിന്നിലെന്ന് പല വൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നു.
ഹൂതികൾക്കെതിരെ ശക്തമായ തിരിച്ചടി നൽകണമെന്ന ആവശ്യവും ഇസ്രായേലിൽ ഉയരുന്നുണ്ട്. സൈനിക വക്താവ് യഹ്‍യ സാരീയെ വകവരുത്തണമെന്നും പലരും ആവശ്യപ്പെടുന്നു. ഇതിലൂടെ സംഘടനയുടെ മനോവീര്യം തകർക്കാനാകുമെന്ന് സൈനിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇതുവരെ കണ്ടിട്ടില്ലാത്തെ സ്ഫോടനമാണ് തെൽ അവീവ് സാക്ഷ്യംവഹിച്ചതെന്ന് ഇസ്രായേലി ചാനൽ 12 റിപ്പോർട്ട് ചെയ്തു. ഇസ്രായേലിന്റെ സുരക്ഷാ സന്നാഹത്തിലെ വിള്ളലാണ് ഇതിലൂടെ വെളിവായതെന്നും ചാനൽ വ്യക്തമാക്കി.
തങ്ങളെ ആക്രമിച്ച എല്ലാവർക്കും തക്കതായ മറുപടി നൽകുമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ് പറഞ്ഞു. എന്നാൽ, നെതന്യാഹു സർക്കാർ ജനങ്ങൾക്ക് സുരക്ഷ നൽകുന്നതിൽ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് കുറ്റപ്പെടുത്തി.