അഭയാർത്ഥി ടെന്റിനുള്ളിലേക്ക് നായയെ അഴിച്ചുവിട്ട് ഇസ്രായേൽ സേന; ഉറങ്ങിക്കിടന്ന വയോധികയെ കടിച്ചുകീറി
|ഗസ്സയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിൽ നടത്തിയ സൈനിക ഓപ്പറേഷനിടെ അഭയാർത്ഥികൾ താമസിക്കുന്ന ടെന്റിലേക്ക് നായയെ അഴിച്ചുവിടുകയായിരുന്നു.
ഗസ്സ: അഭയാർത്ഥി ക്യാമ്പുകൾ ലക്ഷ്യമിടരുതെന്ന് നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട് ഇസ്രായേലിന്. അമേരിക്കയടക്കം വിലക്കിയിട്ടും അവസാനമില്ലാത്ത യുദ്ധം എന്ന് ലോകത്തെ തന്നെ വെല്ലുവിളിച്ചുകൊണ്ട് കണ്ണില്ലാത്ത ക്രൂരതകൾ തുടരുകയാണ് നെതന്യാഹുവിന്റെ ഭരണകൂടം. മഹാനാശത്തിന്റെ വക്കിലെത്തിയിരിക്കുന്നു ഫലസ്തീൻ. ഓരോ ദിവസം കഴിയുംതോറും കടുത്ത ക്രൂരതകൾ പുതിയ രീതിയിൽ നിസ്സഹായരായ മനുഷ്യർക്ക് നേരെ പ്രയോഗിക്കുകയാണ് ഇസ്രായേൽ.
ഗസ്സയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിൽ നടത്തിയ സൈനിക ഓപ്പറേഷനിടെ അഭയാർത്ഥികൾ താമസിക്കുന്ന ടെന്റിലേക്ക് നായയെ അഴിച്ചുവിട്ടു. ടെന്റുകൾ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടും ഫലസ്തീനികൾ കൂട്ടാക്കാത്തതിനാലായിരുന്നു ഈ ക്രൂരത. ഒരു ടെന്റിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെ നായ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ അൽ ജസീറ പുറത്തുവിട്ടു.
ദൗലത്ത് അബ്‌ദുള്ള അൽ താനാനി എന്ന വയോധികയെയാണ് ഇസ്രായേലിന്റെ സൈനിക നായ ആക്രമിച്ചത്. ടെന്റ് ഉപേക്ഷിച്ച് പോകാൻ ഇസ്രായേൽ സേന ഭീഷണിപ്പെടുത്തിയെങ്കിലും താനതിനു കൂട്ടാക്കിയില്ലെന്ന് ദൗലത്ത് പറയുന്നു. 'ആകെയുള്ള കിടപ്പാടം ഉപേക്ഷിച്ച് പോകാൻ ഞാൻ തയ്യാറായിരുന്നില്ല. അതുകൊണ്ട് ഇസ്രായേൽ സൈന്യം എന്റെ നേർക്ക് ഒരു നായയെ അഴിച്ചുവിട്ടു. ഉറങ്ങിക്കിടക്കുമ്പോഴാണ് അത് ടെന്റിലേക്ക് ചാടിക്കയറിയത്. എന്നെ കടിച്ചുവലിച്ച് ടെന്റിന് പുറത്തുകൊണ്ടുവന്നു.'; സംഭവം അൽ ജസീറയോട് വിവരിക്കുമ്പോൾ ഭയം ദൗലത്തിന്റെ കണ്ണുകളിൽ നിന്ന് വിട്ടുമാറിയിരുന്നില്ല.
നായയുടെ ആക്രമണത്തിൽ ദൗലത്തിന്റെ കൈക്ക് ഗുരുതരമായ പരിക്കുണ്ട്. എന്നാൽ, ചികിൽസിക്കാൻ യാതൊരു വഴിയുമില്ല. കാരണം, ആശുപത്രികളെല്ലാം എന്നേ അടച്ചുപൂട്ടിയിരുന്നു. ഉണങ്ങാത്ത മുറിവുമായി ഇടിഞ്ഞുപൊളിയാറായ ടെന്റിൽ തന്നെ തുടരുകയാണ് ദൗലത്ത്.
ഭയാനകമാണ് ഈ സ്ഥിതി. ജബലിയയിൽ അഭയാർത്ഥി ക്യാമ്പുകളുടെ ഭൂരിഭാഗവും ആഴ്ചകൾക്ക് മുൻപ് തന്നെ ഇസ്രായേൽ തകർത്തുകളഞ്ഞിരുന്നു. ഹമാസിന്റെ നിയന്ത്രണത്തിലാണെന്ന വാദം ഉന്നയിച്ചാണ് കണ്ണിൽകാണുന്നതൊക്കെ സൈന്യം നശിപ്പിച്ചുകളയുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഒരു കാലത്ത് ഒരു ലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന പ്രദേശമായിരുന്നു ഇത്. ഇന്ന് കരിഞ്ഞ അവശിഷ്ടങ്ങളുടെ കൂമ്പാരം മാത്രമാണ് ഇവിടുത്തെ തെരുവുകളിൽ കാണാനാവുക.
ഭൂരിഭാഗം ആളുകളും സ്വന്തം വീടടക്കം ഉപേക്ഷിച്ച് പോയി. വളരെ കുറച്ച് ആളുകൾ മാത്രം ഇവിടെ തുടരുന്നു. നിരന്തരം ഇസ്രായേലിന്റെ ഭീഷണികൾക്കും ക്രൂരതകൾക്കും ഇരയായിക്കൊണ്ട്. തൊട്ടടുത്ത നിമിഷം ജീവൻ നഷ്ടമായേക്കാമെന്ന പൂർണ ബോധ്യത്തോടെ.