ഹമാസിനെ തകർക്കാനാവില്ലെന്ന് ഇസ്രായേൽ സൈനിക വക്താവ്, എതിർത്ത് നെതന്യാഹു; ഭിന്നത രൂക്ഷം
|‘ഹമാസിനെ ഇല്ലാതാക്കുമെന്ന് വാഗ്ദാനം നൽകുന്നവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്’
തെൽ അവീവ്: ഹമാസിനെ ഉൻമൂലനം ചെയ്യുകയെന്ന ലക്ഷ്യം കൈവരിക്കാനാകില്ലെന്ന് ഇസ്രായേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗേരി. ഹമാസ് ഒരു ആശയമാണ്. അവരെ ഇല്ലാതാക്കമെന്ന് കരുതുന്നത് വെറുതെയാകും. ഈ വാഗ്ദാനം നൽകുന്നവർ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇസ്രായേൽ സർക്കാർ ബദൽ മാർഗങ്ങൾ കണ്ടെത്തിയില്ലെങ്കിൽ ഹമാസ് ഗസ്സയിൽ തുടരുമെന്നും ഹഗേരി പറഞ്ഞതായി ഇസ്രായേലി ചാനൽ 13 റിപ്പോർട്ട് ചെയ്തു.
അതേസമയം, ഹഗേരിയുടെ പ്രസ്താവനക്കെതിരെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തുവന്നു. ഹമാസിന്റെ സൈനിക, ഭരണശേഷി നശിപ്പിക്കുക എന്നത് യുദ്ധലക്ഷ്യങ്ങളിലൊന്നാണെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. ഇസ്രായേൽ അധിനിവേശ സേന ഈ ലക്ഷ്യത്തിൽ പ്രതിജ്ഞാബദ്ധരാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ഗസ്സയിലുള്ള എല്ലാ ബന്ദികളെയും സൈനിക നടപടിയിലൂടെ തിരികെ കൊണ്ടുവരാനാകില്ലെന്ന് ഹഗേരി കഴിഞ്ഞ ശനിയാഴ്ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ പുതിയ പ്രസ്താവന വരുന്നത്. എന്നാൽ, ഇതിനെതിരെ പ്രധാനമന്ത്രിയുടെ ഓഫിസ് തന്നെ രംഗത്തുവന്നത് ഭിന്നത രൂക്ഷമാണെന്നതിന്റെ തെളിവാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ഹമാസിനെ ഇല്ലാതാക്കാനാവില്ലെന്നും ഇസ്രായേൽ തോൽവിയുടെ വക്കിലാണെന്നും ഇസ്രായേലിനകത്തുനിന്ന് തന്നെ പലരും വാദിക്കുന്നുണ്ട്. ഇസ്രായേൽ സമ്പൂർണ വിജയത്തിന്റെ സമീപത്തല്ലെന്ന് ഇസ്രായേലി പത്രമായ ഹാരെറ്റ്സിന്റെ സൈനികകാര്യ വിദഗ്ധനായ അമോസ് ഹാരേൽ ചൂണ്ടിക്കാട്ടി. ഗസ്സയിലെ ബന്ദികളെ മോചിപ്പിക്കണമെങ്കിൽ ഇളവുകളോടെയുള്ള കരാറിലെത്തിയാൽ മാത്രമേ സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു.
ഗസ്സയിൽ ഇസ്രായേൽ സൈന്യം കനത്ത തിരിച്ചടി നേരിടുന്നുണ്ട്. റഫയിൽ നിലയുറപ്പിച്ചിരിക്കുന്ന ഇസ്രായേൽ സൈന്യത്തിനെതിരെ വൻ ആക്രമണമാണ് ഹമാസ് അഴിച്ചുവിടുന്നത്. തെൽ അൽ സുൽത്താൻ മേഖലയിൽ മോട്ടോർ ഷെല്ലുകൾ ഉപയോഗിച്ച് അൽ ഗസ്സാം ബ്രിഗേഡ്സ് കഴിഞ്ഞദിവസം ആക്രമണം നടത്തി. റഫയിലെ അൽ ജവാസാത്ത് റൗണ്ട്എബൗട്ടിന് സമീപം അൽ യാസീൻ 105 റോക്കറ്റ് ഉപയോഗിച്ച് ഇസ്രായേലി മെർകാവ ടാങ്കിന് നേരെയും ആക്രമണം അഴിച്ചുവിട്ടു. നെറ്റ്സാരിമിൽ ഇസ്രായേലി സൈന്യത്തെ ആക്രമിക്കുന്നതിന്റെ വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
ഇതിന് പുറമെ ഫലസ്തീനിയൻ ഇസ്‍ലാമിക് ജിഹാദ് പ്രസ്ഥാനത്തിന്റെ സായുധ വിഭാഗമായ അൽ ഖുദുസ് ബ്രിഗേഡ്സും ഇസ്രായേൽ സൈന്യത്തിനെതിരെ ആക്രമണം ശക്തമാക്കി. നെറ്റ്സാരിം മേഖലയിൽ മോട്ടോർ ഷെല്ലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. റഫയുടെ കിഴക്കുള്ള കരീം അബു സലേം, സൂഫ എന്നിവിടങ്ങളിലെ ഇസ്രായേൽ സൈനിക കേന്ദ്രങ്ങളിലേക്കും മോട്ടോർ ഷെല്ലുകൾ വിക്ഷേപിച്ചു. ദിവസങ്ങൾക്ക് മുമ്പ് അൽ ഖസ്സാം ബ്രിഗേഡ്സിന്റെ ആക്രമണത്തിൽ എട്ട് ഇസ്രായേലി സൈനികരാണ് റഫയിൽ കൊല്ലപ്പെട്ടത്.
ഒക്ടോബർ ഏഴിന് ശേഷമുള്ള യുദ്ധത്തിൽ ഇതുവരെ 662 സൈനികരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ അധിനിവേശ സൈന്യം ബുധനാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം പറയുന്നത്. 3860 പേർക്ക് പരിക്കേറ്റു. ഇതിൽ 1947 പേർക്ക് കരയാക്രമണത്തിലാണ് പരിക്കേറ്റത്. 378 പേരുടെ പരിക്ക് ഗുരുതരമാണ്. 239 പേർ ഇപ്പോഴും ചികിത്സയിലുണ്ട്. ഇതിൽ 25 കേസുകൾ അതിഗുരുതര വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
അതേസമയം, നാശനഷ്ടങ്ങൾ സംബന്ധിച്ച് ഇസ്രായേൽ അധികൃതർ പുറത്തുവിടുന്ന റിപ്പോർട്ടുകളിൽനിന്ന് തികച്ചും വ്യത്യസ്തമായ കണക്കാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒക്ടോബർ ഏഴിന് ശേഷം 20,000ത്തോളം സൈനികർക്ക് പരിക്കേറ്റതായി ഇസ്രായേലി ചാനൽ 12ന്റെ റിപ്പോർട്ടിൽ പറയുന്നു.
വലിയ പ്രത്യാക്രമണം നേരിടുന്നതിനാൽ പലരും സൈന്യത്തിനോടൊപ്പം ചേരാൻ മടിക്കുന്നുവെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. കൂടാതെ യുദ്ധത്തിൽനിന്ന് മടങ്ങി വന്നവരും യുദ്ധത്തിൽ പോകാൻ നിർദേശിച്ചവരും ആത്മഹത്യ ചെയ്ത സംഭവങ്ങളും നിരവധിയാണ്. ഗസ്സയിൽനിന്ന് തിരികെയെത്തി 24 മണിക്കൂറിനുള്ളിൽ സൈനികൻ ആത്മഹത്യ ചെയ്ത വിവരം കഴിഞ്ഞ തിങ്കളാഴ്ച ഇസ്രായേൽ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. കൂടാതെ ഗസ്സയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട സൈനികൻ ആത്മഹത്യ ചെയ്തത് ദിവസങ്ങൾക്ക് മുമ്പാണ്.
ഗസ്സയിൽ യുദ്ധം ചെയ്യുന്ന സൈനികർ കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ദെ ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. പതിനായിരത്തിലധികം കരുതൽ സൈനികരാണ് മാനസികാരോഗ്യ ചികിത്സ തേടിയതെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ‘നഫ്ഗാസിം’ എന്ന സംഘടന ചൂണ്ടിക്കാട്ടുന്നു.
ഗസ്സക്ക് പുറമെ വടക്കൻ ഇസ്രായേലിലും സൈന്യത്തിന് കനത്ത തിരിച്ചടിയാണ് ലഭിക്കുന്നത്. ലെബനാനിലെ സായുധ വിഭാഗമായ ഹിസ്ബുല്ലയാണ് ഇവിടെ നിരന്തരം ആക്രമണം നടത്തുന്നത്. ഇസ്രായേലിന്റെ വിഖ്യാത പ്രതിരോധ സംവിധാനമായ അയേൺ ഡോമിനെ വരെ ഇവർ ആക്രമിച്ച് തകർത്തിരുന്നു.