World
avi dichter
World

ഐഡിഎഫ് ഗസ്സയില്‍ വര്‍ഷങ്ങളോളം തുടരുമെന്ന് ഇസ്രായേല്‍ മന്ത്രി

Web Desk
|
30 Nov 2024 3:17 AM GMT

ഉപരോധിക്കപ്പെട്ട പ്രദേശത്ത് ഐഡിഎഫിന്‍റെ ദീര്‍ഘകാല സാന്നിധ്യത്തെക്കുറിച്ച് സൂചന നല്‍കുന്നതാണ് ഡിച്ചറിന്‍റെ പ്രസ്താവന

തെല്‍ അവിവ്: ഇസ്രായേലി സൈന്യം ഗസ്സയില്‍ വര്‍ഷങ്ങളോളം തുടരുമെന്ന് ഇസ്രായേല്‍ ഭക്ഷ്യസുരക്ഷാ മന്ത്രി അവി ഡിച്ചര്‍. ഹമാസ് മേഖലയില്‍ തിരികെയെത്തുന്നത് തടയുകയും അവിടെ മാനുഷിക സഹായം എത്തിക്കുന്നതിനുള്ള ഉത്തരവാദിത്തം വഹിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹമാസിന്‍റെയോ ഫലസ്തീനിയന്‍ അതോറിറ്റിയുടെയോ ഭരണസാധ്യതകളെ തള്ളിപ്പറഞ്ഞുകൊണ്ട് ഉപരോധിക്കപ്പെട്ട പ്രദേശത്ത് ഐഡിഎഫിന്‍റെ ദീര്‍ഘകാല സാന്നിധ്യത്തെക്കുറിച്ച് സൂചന നല്‍കുന്നതാണ് ഡിച്ചറിന്‍റെ പ്രസ്താവന.

മെഡിറ്ററേനിയന്‍ തീരത്തിനും ഗാസയുടെ കിഴക്കന്‍ ചുറ്റളവിനുമിടയില്‍ സ്ഥാപിച്ചിട്ടുള്ള സൈനിക മേഖലയായ ഗസ്സയിലെ നെറ്റ്സാരിം ഇടനാഴിയില്‍, ഫലസ്തീന്‍ പ്രദേശത്ത്, പ്രത്യേകിച്ച് സൈനിക താവളങ്ങള്‍ സ്ഥാപിക്കുന്നതിന് ഐഡിഎഫ് നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണിത്. ''ഞങ്ങള്‍ ഗസയില്‍ ഇനിയും വളരെക്കാലം തുടരാന്‍ പോകുകയാണ്. വെസ്റ്റ്ബാങ്കിനെപ്പോലെ ഇസ്രായേല്‍ സൈന്യത്തിന് എപ്പോഴും പ്രവേശിക്കാനും പുറത്തേക്ക് പോകാനും കഴിയുന്ന തരത്തിലുള്ള സൈന്യത്തിന്‍റെ സാഹചര്യം ആളുകള്‍ മനസ്സിലാക്കുന്നുവെന്ന് ഞാന്‍ കരുതുന്നു, നെറ്റ്സരിം ഇടനാഴിയില്‍ സൈന്യം ഇനിയും തുടരും'' ഡിച്ചര്‍ വ്യക്തമാക്കി.

അതേസമയം വടക്കൻ ഗസ്സയിലെ ബൈത് ലാഹിയയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 75 ഫലസ്തീനികൾ കൊല്ലപ്പെട്ടു. രക്ഷാപ്രവർത്തകരെ പോലും പ്രദേശത്ത് അനുവദിക്കാത്തതിനാൽ മൃതദേഹങ്ങൾ തെരുവിൽ ചിതറിക്കിടക്കുകയാണ്. വെടിനിർത്തൽ നടപ്പാക്കാൻ ലബനാൻ സൈന്യവുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ഹിസ്ബുല്ല മേധാവി നഈം ഖാസിം പറഞ്ഞു.

നുസൈറാത്ത് അഭയാർഥി ക്യാമ്പിലുള്ളവരാണ് ഇസ്രായേൽ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടവരിൽ അധികം പേരും. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങൾ തെരുവിൽ ചിതറിക്കിടക്കുകയാണ്. അന്താരാഷ്ട്ര സന്നദ്ധ സംഘങ്ങളെ പോലും ഇവിടെ ഇസ്രായേൽ തടയുകയാണ്. ബെയ്ത് ലഹിയയിലെ കമാൽ അദ്‌വാൻ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗം മേധാവി അഹമ്മദ് അൽ കഹ്‌ലൂതും ആശുപത്രി പരിസരത്ത് നടന്ന ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.

Related Tags :
Similar Posts