'ആറ്റം ബോംബും ഒരു സാധ്യതയാണ്'; ഭീഷണിയുമായി ഇസ്രായേൽ മന്ത്രി
|പ്രസ്താവന വിവാദമായതോടെ മന്ത്രിയെ കാബിനറ്റില്‍ നിന്ന് നീക്കി
തെൽ അവീവ്: ഗസ്സ കീഴടക്കാൻ ആണവായുധവും ഒരു സാധ്യതയാണെന്ന പ്രകോപന പ്രസ്താവനയുമായി ഇസ്രയേൽ പൈതൃക വകുപ്പു മന്ത്രി അമിഹൈ എലിയാഹു. കോൽ ബറാമ റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പരാമർശം. തീവ്ര നിലപാടുകൾ സ്വീകരിക്കുന്ന ഒസ്മ യെഹുദിത് പാർട്ടി നേതാവാണ് എലിയാഹു.
ഗസ്സയ്ക്ക് യാതൊരു വിധത്തിലുമുള്ള മാനുഷിക സഹായവും വേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീൻ ജനതയുടെ ഭാവിയെ കുറിച്ച് ചോദിച്ചപ്പോൾ അവർ അയർലാൻഡിലേക്കോ അല്ലെങ്കിൽ ഏതെങ്കിലും മരുഭൂമിയിലേക്കോ പോകട്ടെ എന്നായിരുന്നു എലിയാഹുവിന്റെ മറുപടി. ഗസ്സയിലെ ഭീകരർ അതിനൊരു വഴി കണ്ടെത്തും. ഫലസ്തീന്റെയോ ഹമാസിന്റെയോ പതാക വീശുന്നവർക്ക് ഈ ഭൂമിയിൽ തുടരാൻ അവകാശമില്ല- അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി എലിയാഹു രംഗത്തെത്തി. ആലങ്കാരിക പ്രയോഗമാണ് താൻ നടത്തിയത് എന്നാണ് വിശദീകരണം. 'അതൊരു ആലങ്കാരിക പ്രയോഗമാണ് എന്ന് എല്ലാവർക്കും മനസ്സിലാകുന്നതാണ്. എന്നാൽ ഭീകരവാദത്തിനെതിരെ ശക്തമായ മറുപടി വേണം. ബന്ദികളാക്കിയവരെ തിരിച്ചെത്തിക്കാൻ ഇസ്രായേൽ ഗവൺമെന്റ് ആവശ്യമായ എല്ലാ കാര്യവും ചെയ്യും' - അദ്ദേഹം പറഞ്ഞു.
പരാമര്‍ശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ഇസ്രായേൽ പ്രതിപക്ഷ നേതാവ് യൈർ ലാപിഡ് രംഗത്തെത്തി. ഒരു ഉത്തരവാദിത്വുമില്ലാത്ത മന്ത്രിയുടെ ഭ്രാന്തൻ പരാമർശം എന്നാണ് ലാപിഡ് പ്രസ്താവനയെ വിശേഷിപ്പിച്ചത്. മന്ത്രിസഭയിൽ നിന്ന് മന്ത്രിയെ നെതന്യാഹു ഉടൻ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എലിയാഹുവിന്‍റെ പ്രസ്താവന യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. നിരപരാധികളെ ഒഴിവാക്കി അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചാണ് ഗസ്സയിലെ ഓപറേഷൻ നടക്കുന്നത്. വിജയം വരെ ഇതു തുടരും- അദ്ദേഹം കൂട്ടിച്ചേർത്തു. എലിയാഹുവിനെ മന്ത്രിസഭയില്‍ നിന്ന് നീക്കിയതായി നെതന്യാഹുവിന്‍റെ ഓഫീസ് അറിയിച്ചു.