ഹിസ്ബുല്ല ആക്രമണത്തിൽ ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടു; തെൽഅവീവിലെ സൈനികതാവളത്തിലേക്കും റോക്കറ്റ് വർഷം
|അയേൺ ഡോമിൽ തട്ടിച്ചിതറിയ ബോംബിന്റെ അവശിഷ്ടങ്ങൾ പതിച്ചാണു സൈനികൻ കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്
ബെയ്‌റൂത്ത്/തെൽഅവീവ്: ലബനാന്‍ അതിർത്തിയിൽ യുദ്ധസമാന സാഹചര്യം നിലനില്‍ക്കെ ഇസ്രായേലിലേക്ക് വീണ്ടും ഹിസ്ബുല്ല ആക്രമണം. പ്രാദേശിക സമയം ഇന്നു രാവിലെയുണ്ടായ ആക്രമണത്തിൽ ഒരു നാവിക സൈനികൻ കൊല്ലപ്പെട്ടതായി 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്തു. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തെൽഅവീവിലെ ഇസ്രായേൽ സൈനികതാവളത്തിനുനേരെയും ഹിസ്ബുല്ല ആക്രമണം നടന്നതായി റിപ്പോർട്ടുണ്ട്.
ഇസ്രായേൽ നാവികസേനയിൽ ഫസ്റ്റ് ക്ലാസ് പെറ്റി ഓഫിസറായ ഡേവിഡ് മോഷെ ബെൻ ഷിത്രിത് ആണു കൊല്ലപ്പെട്ടത്. ഇസ്രായേൽ അധിനിവിഷ്ട പ്രദേശമായ ഗേവ ബിന്യാമിനിനും ആഡമിനുമിടയിൽ പട്രോളിങ് നടത്തുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി ഹിസ്ബുല്ലയുടെ വ്യോമാക്രമണമുണ്ടായത്. ഇതേ സേനാ ബോട്ടിലുണ്ടായിരുന്ന രണ്ടു സൈനികർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
വടക്കൻ ഇസ്രായേൽ തീരത്താണു സംഭവം. ഇസ്രായേലിന്റെ മിസൈൽ പ്രതിരോധ സംവിധാനമായ അയേൺ ഡോമിൽ തട്ടിച്ചിതറിയ ബോംബിന്റെ അവശിഷ്ടങ്ങൾ പതിച്ചാണു സൈനികൻ കൊല്ലപ്പെട്ടതെന്നും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതുവഴി രണ്ട് ഹിസ്ബുല്ല ഡ്രോണുകൾ എത്തിയതായാണ് ഇസ്രായേൽ സൈന്യം പറയുന്നത്. ഇതിനെ നിർവീര്യമാക്കുന്നതിനിടെയാണ് സ്‌ഫോടകവസ്തു ചിതറിത്തെറിക്കുകയായിരുന്നുവെന്നാണു വിശദീകരണം.
തെൽഅവീവിലെ ഇസ്രായേൽ സൈനിക താവളം ലക്ഷ്യമിട്ട് ഹിസ്ബുല്ല ഡ്രോണുകളും റോക്കറ്റുകളും എത്തിയതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇക്കാര്യം അവകാശപ്പെട്ട് ഹിസ്ബുല്ല മേധാവി ഹസൻ നസ്‌റുല്ലയും രംഗത്തെത്തിയിട്ടുണ്ട്. അതിർത്തിയിൽനിന്ന് 100 കി.മീറ്റർ അകലെയുള്ള വ്യോമതാവളത്തിനുനേരെയായിരുന്നു ആക്രമണം. ഗ്ലിലോട്ടിൽ സ്ഥിതി ചെയ്യുന്ന ഇസ്രായേൽ സൈന്യത്തിന്റെ രഹസ്വാന്വേഷണ വിഭാഗത്തിന്റെ താവളമാണു ലക്ഷ്യമിട്ടത്. കിഴക്കൻ അതിർത്തിയിലെ ബെകായിൽനിന്ന് ഇതാദ്യമായാണ് ഇസ്രായേലിനുനേരെ ആക്രമണം നടക്കുന്നതെന്നും നസ്‌റുല്ല പറഞ്ഞു.
അതിനിടെ, തെക്കൻ ലബനാനിൽ ഇസ്രായേലും ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. കെയ്‌റോയിൽ ഈജിപ്തിന്റെ മധ്യസ്ഥതയിൽ നടന്ന ഹമാസ്-ഇസ്രായേൽ അനുരഞ്ജന ചർച്ചയിൽ പുരോഗതിയില്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് ലബനാൻ അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നത്.
Summary: Israeli Navy soldier killed in clashes with Lebanon’s Hezbollah after Hezbollah targeted military base near Tel Aviv