World
israel attack
World

അൽ അഖ്‌സയിൽ വീണ്ടും ഇസ്രായേൽ ആക്രമണം; നിരവധി ഫലസ്‌തീനികൾക്ക് പരിക്കേറ്റു

Web Desk
|
5 April 2023 4:03 AM GMT

ചികിൽസിക്കാനെത്തിയ ഡോക്ടറെ ഇസ്രായേൽ സൈന്യം പള്ളിയിലേക്ക് കയറ്റിവിട്ടില്ലെന്നും ഫലസ്തീനികൾ പറയുന്നു

ജറൂസലം: ജറുസലേമിലെ അൽ-അഖ്‌സ മസ്‌ജിദ് കോമ്പൗണ്ടിൽ വിശ്വാസികൾക്ക് നേരെ ഇസ്രായേൽ പൊലീസിന്റെ ആക്രമണം. കലാപം നടത്തിയതിനുള്ള മറുപടിയാണ് വെടിവെപ്പെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ വെസ്റ്റ് ബാങ്കിലുടനീളം കനത്ത പ്രതിഷേധമാണ് ഉയരുന്നത്. ഗാസയിൽ നിന്ന് ഇസ്രായേലിലേക്ക് ഒമ്പത് റോക്കറ്റുകൾ തൊടുത്തുവിട്ടതായി ഇസ്രായേൽ സൈന്യം പറഞ്ഞു.

അധിനിവേശ വെസ്റ്റ് ബാങ്കിലും ജറുസലേമിലും കഴിഞ്ഞ ഒരു വർഷമായി അക്രമം വർധിച്ച് വരികയാണ്. റമദാനും ഈസ്റ്ററും ഒന്നിച്ചായതിനാൽ ഈ മാസം സംഘർഷം വർദ്ധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അൽ-അഖ്‌സ മസ്ജിദ് കോമ്പൗണ്ടിൽ ഇസ്രായേൽ പോലീസ് നടത്തിയ ആക്രമണത്തിനിൽ ഏഴ് ഫലസ്തീനികൾക്കാണ് പരിക്കേറ്റത്. ചികിൽസിക്കാനെത്തിയ ഡോക്ടറെ ഇസ്രായേൽ സൈന്യം പള്ളിയിലേക്ക് കയറ്റിവിട്ടില്ലെന്നും ഫലസ്തീനികൾ പറയുന്നു.

'ഞാനൊരു കസേരയിലിരുന്ന് ഖുർആൻ പാരായണം ചെയ്യുകയായിരുന്നു. അവർ മസ്ജിദിനകത്തേക്ക് പാറക്കല്ലുകൾ വലിച്ചെറിഞ്ഞു. അതിലൊന്ന് എന്റെ നെഞ്ചിലാണ് തട്ടിയത്'; ഒരു വയോധിക മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ, മുഖംമൂടി ധരിച്ചെത്തിയ പ്രക്ഷോഭകർ ആക്രമണം നടത്തിയതിനാലാണ് കോമ്പൗണ്ടിനുള്ളിലേക്ക് കടക്കാൻ നിർബന്ധിതരായതെന്ന് ഇസ്രായേൽ പോലീസ് പ്രസ്താവനയിൽ പറഞ്ഞു. പോലീസ് പ്രവേശിച്ചപ്പോൾ, അവർക്ക് നേരെ കല്ലെറിയുകയും ഒരു വലിയ സംഘം പ്രക്ഷോഭകർ പള്ളിക്കുള്ളിൽ നിന്ന് പടക്കം പൊട്ടിക്കുകയും ചെയ്തു. ആക്രമണത്തിൽ ഒരു പോലീസുകാരന്റെ കാലിന് പരിക്കേറ്റെന്നും ഇസ്രായേൽ പോലീസ് പറഞ്ഞു.

Similar Posts