ഖുർആൻ കത്തിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് ഇസ്രായേലി സൈനികൻ; വ്യാപക പ്രതിഷേധം
|അന്വേഷണം ആരംഭിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു
ഗസ്സ: ഗസ്സയിൽ ഖുർആൻ തീയിലേക്ക് വലിച്ചെറിയുന്നതിന്റെ വീഡിയോ പങ്കുവെച്ച് ഇസ്രായേലി സൈനികൻ. വീഡിയോ വലിയ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായി.
ഇസ്രായേലി സൈനികൻ തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നത്. മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ സൈനിക വേഷത്തിൽ തോക്കും പിടിച്ചുനിൽക്കുന്ന സൈനികനെ കാണാം. തുടർന്ന് തന്റെ കൈവശമുള്ള ഖുർആൻ ഇയാൾ തീയിലേക്ക് വലിച്ചെറിയുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഇസ്രായേലി ആർമി റേഡിയോ റിപ്പോർട്ട് ചെയ്തു. സൈനികന്റെ പെരുമാറ്റം ഇസ്രായേൽ പ്രതിരോധ സേനയുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഇസ്രായേലി സൈന്യം പ്രസ്താവനയിൽ അറിയിച്ചു. ഐ.ഡി.എഫ് എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ട്. കൂടാതെ ഇത്തരം പെരുമാറ്റരീതികളെ അപലപിക്കുകയും ചെയ്യുന്നു. സംഭവത്തെക്കുറിച്ച് ഐ.ഡി.എഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
സൈനികന്റെ നടപടിക്കെതിരെ വലിയ വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയരുന്നത്. അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പലരും ആവശ്യപ്പെട്ടു. ഇതാണ് ജനാധിപത്യ പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയോടെ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിലെ പെരുമാറ്റവും ധാർമ്മികതയുമെന്ന് ഒരാൾ ‘എക്സിൽ’ കുറിച്ചു.
‘ഗസ്സയിൽ ഇസ്രായേൽ സൈനികൻ മുസ്‍ലിംകളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആൻ കത്തിക്കുന്നത് വീഡിയോയിൽ കാണാം. വീഡിയോയുടെ ആധികാരികത ഇസ്രായേലി അധിനിവേശ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. മനുഷ്യത്വത്തോടുള്ള അധിനിവേശത്തിൻ്റെ നഗ്നമായ അനാദരവിൻ്റെ, വിശ്വാസങ്ങളെ ആക്രമിക്കുന്നതിൻ്റെ മറ്റൊരു ഉദാഹരണമാണിത്’ -മറ്റൊരാൾ കുറിച്ചു.
ഗസ്സയിലെ അഖ്സ യൂനിവേഴ്സിറ്റിയിലെ ലൈബ്രറിക്ക് ഇസ്രായേലി സൈനികൻ തീയിടുന്ന ചിത്രവും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേൽ സൈന്യം വലിയ രീതിയിലുള്ള അതിക്രമങ്ങളാണ് ഗസ്സയിൽ തുടരുന്നത്. വിശ്വാസ ലംഘനങ്ങൾ നടത്തുകയും നിരവധി പള്ളികൾ ആക്രമിച്ച് തകർക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പുണ്യകേന്ദ്രമായ മസ്ജിദുൽ അഖ്സയിലേക്കുള്ള പ്രവേശനം തടയുകയും ചെയ്തു. ഇവിടേക്ക് വരുന്ന വിശ്വാസികൾക്ക് നേരെ വലിയ ആക്രമണമാണ് അഴിച്ചുവിടുന്നത്.
ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേൽ അധിനിവേശ സേന നടത്തുന്ന ആക്രമണത്തിൽ നൂറുകണക്കിന് പള്ളികൾ പൂർണ്ണമായും തകർന്നതായി ഗസ്സയിലെ എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫേഴ്സ് മന്ത്രാലയം അറിയിച്ചിരുന്നു. 604 പള്ളികൾ തകർന്നു. 200 എണ്ണം ഭാഗികമായി നശിച്ചു. കൂടാതെ മൂന്ന് ചർച്ചുകളും ഇസ്രായേൽ സൈന്യം തകർത്തു.
ഇത് കൂടാതെ കുറഞ്ഞത് 60 സെമിത്തേരികളെങ്കിലും നശിപ്പിച്ചു. ബുൾഡോസറുകൾ ഉപയോഗിച്ച് ശവക്കുഴികൾ മാന്തുകയും 1000-ലധികം ഫലസ്തീൻ രക്തസാക്ഷികളുടെ മൃതദേഹങ്ങൾ മോഷ്ടിക്കുകയും ചെയ്തു.
മന്ത്രാലയത്തിന് കീഴിലുള്ള 15 കെട്ടിടങ്ങളും ഇസ്രായേൽ ആക്രമണത്തിൽ തകർന്നു. മന്ത്രാലയത്തിന്റെ ആസ്ഥാനം, ഗസ്സ സിറ്റിയിലെ ഹോളി ഖുർആൻ റേഡിയോയുടെ പ്രധാന ഓഫിസ്, ഖാൻ യൂനിസിലെ എൻഡോവ്‌മെന്റ് മാനേജ്‌മെന്റ് ഓഫിസ്, രേഖകളുടെയും കയ്യെഴുത്തു പ്രതികളുടെയും ശേഖരം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ഇസ്രായേൽ ആക്രമണത്തിൽ 91 മന്ത്രാലയ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി പ്രസ്താവനയിൽ വ്യക്തമാക്കി. ഗസ്സയിലെ നിരവധി ചരിത്ര സ്മാരകങ്ങളും പൈതൃക സ്ഥലങ്ങളും ഇസ്രായേൽ തകർത്തതായി വിവിധ എൻ.ജി.ഒകൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
ഗസ്സയിലെ ഇസ്രായേലിന്റെ ആസൂത്രിത വംശഹത്യ യുദ്ധം 232 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതുവരെ 35,857 പേരാണ് കൊല്ലപ്പെട്ടത്. 80,293 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് കഴിഞ്ഞദിവസം അന്താരാഷ്ട്ര നീതിന്യായ കോടതി ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. കോടതി ഉത്തരവ് അംഗീകരിക്കണമെന്ന് സ്പെയിൻ, ബെൽജിയം, കുവൈത്ത്, ഒമാൻ, പാകിസ്താൻ, മലേഷ്യ, മാലദ്വീപ് തുടങ്ങി നിരവധി രാജ്യങ്ങൾ ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇത്‍ വകവെക്കാതെ കനത്ത ആക്രമണമാണ് ഇസ്രായേൽ തുടരുന്നത്. റഫയിലടക്കം ആക്രമണം കനപ്പിച്ചിട്ടുണ്ട്.
കൂടാതെ വടക്കൻ ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിന് നേരെയുള്ള ആക്രമണം വലിയ ദുരിതമാണ് തീർക്കുന്നത്. നിരവധി ജനങ്ങൾ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. 17 ദിവസമായി ഇവിടേക്ക് വെള്ളവും ഭക്ഷണവും എത്തിയിട്ട്. ജനം കൊടും പട്ടിണിയിലൂടെയാണ് കടന്നുപോകുന്നത്.