‘ആരെയും വെടിവെക്കാൻ അനുവാദമുണ്ടായിരുന്നു’; ഗസ്സയിലെ ക്രൂരതകൾ വെളിപ്പെടുത്തി ഇസ്രായേലി സൈനികർ
|‘എല്ലാ ദിവസവും വീടുകൾ തകർത്തു, പെൺകുട്ടികളെയും പ്രായമായ സ്ത്രീകളെയും വെടിവെച്ച് കൊന്നു’
തെൽ അവീവ്: ഹമാസിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചത്. അത് പിന്നീട് വംശഹത്യാ യുദ്ധമായി മാറുന്നതാണ് ലോകം കണ്ടത്. ഹമാസ് പോരാളികളെ മാത്രമല്ല ഇസ്രായേൽ സൈന്യം ലക്ഷ്യമിട്ടത്. പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയുമെല്ലാം അവർ കൊലപ്പെടുത്തി.
ഗസ്സയിൽ ഫലസ്തീനികളെ യാതൊരു വിവേചനവുമില്ലാതെ ആക്രമിക്കാൻ തങ്ങൾക്ക് അനുവാദമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സൈന്യത്തിന്റെ ഭാഗമായിരുന്ന ആറുപേർ. ഇസ്രായേലിലെയും ഫലസ്തീനിലെയും മാധ്യമപ്രവർത്തകർ നടത്തുന്ന +972 മാഗസിനുമായാണ് ഇവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചത്.
സൈന്യത്തിന് പ്രവേശനം വിലക്കുള്ള സ്ഥലങ്ങളിൽ വരെ അതിക്രമിച്ച് കയറി സാധാരണക്കാരെ കൊലപ്പെടുത്തി. മൃതദേഹങ്ങൾ എല്ലായിടത്തും ചിതറിക്കിടക്കുകയായിരുന്നു. പലപ്പോഴും മൃഗങ്ങൾ ഇവ കടിച്ചുചീന്തുകയാണ് പതിവ്. അന്താരാഷ്ട്ര സഹായ സംഘങ്ങൾ ഈ പ്രദേശങ്ങളിലേക്ക് വരുന്നുണ്ടെന്ന് അറിഞ്ഞാൽ അതിന് മുമ്പ് ബുൾഡോസർ ഉപയോഗിച്ച് ഈ മൃതദേഹങ്ങൾ സൈന്യം സംസ്കരിക്കും. മൃതദേഹങ്ങളുടെ ചിത്രങ്ങൾ പ്രചരിക്കാതിരിക്കാണ് ഇപ്രകാരം ചെയ്തതെന്നും മുൻ സൈനികർ വെളിപ്പെടുത്തുന്നു.
നിരാശയിൽനിന്നും വിരസതയിൽനിന്നുമുള്ള മോചനത്തിനായാണ് പല സൈനികരും സാധാരണക്കാർക്ക് നേരെ വെടിയുണ്ടകൾ പായിച്ചത്. ‘യുദ്ധത്തിൽ പൂർണമായും ഇടപെടാൻ സൈനികർ ആഗ്രഹിക്കുകയാണ്. ഞാൻ വ്യക്തിപരമായി പല വെടിയുണ്ടകളും ലക്ഷ്യമില്ലാതെയാണ് വെടിവെച്ചത്. കടലിലേക്കും നടപ്പാതയിലേക്കും ഉപേക്ഷിച്ച കെട്ടിടങ്ങളിലേക്കുമെല്ലാം വെടിവെച്ചു. ഇതിനെ ‘പതിവ് വെടിവെപ്പ്’ എന്നാണ് വിശേഷിപ്പിക്കാറ്. ഒരാൾക്ക് വിരസത അനുഭവപ്പെട്ടതിനാൽ വെടിവെക്കുകയാണ് എന്നതിന്റെ കോഡ് ഭാഷയാണിത്’ -പേര് വെളിപ്പെടുത്താത്ത സൈനികൻ പറഞ്ഞു.
ജസ്റ്റിസ് ഹൈകോടതിയിൽ നിരവധി ഹരജികൾ സമർപ്പിച്ചിട്ടും 1980 മുതലുള്ള ഇസ്രായേലിന്റെ ഓപൺ ഫയർ മാനദണ്ഡങ്ങൾ സൈന്യം വെളിപ്പെടുത്തിയിട്ടില്ല. രണ്ടാം ഇൻതിഫാദ മുതൽ സൈനികർക്ക് രേഖാമൂലമുള്ള നിയമങ്ങളൊന്നും നൽകിയിട്ടില്ലെന്ന് രാഷ്ട്രീയ സാമൂഹിക ശാസ്ത്രജ്ഞൻ യാഗിൽ ലെവി പറയുന്നു. മാനദണ്ഡങ്ങളിലെ ഈ വ്യക്തതില്ലായ്മ കാരണമാണ് 38,000ത്തിലധികം ഫലസ്തീനികൾ ഗസ്സയിൽ കൊല്ലപ്പെട്ടതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഗസ്സയിൽ എല്ലാവിധ പ്രവർത്തന സ്വാതന്ത്ര്യവും ഉണ്ടായിരുന്നുവെന്ന് ദീർഘകാലം ഗസ്സയിൽ സൈന്യത്തോടൊപ്പം ഉണ്ടായിരുന്ന മറ്റൊരാൾ അഭിമുഖത്തിൽ വെളിപ്പെടുത്തി. ഭീഷണിയുടെ ഒരു തോന്നൽ പോലും ഉണ്ടെങ്കിൽ ഒന്നും വിശദീകരിക്കാതെ വെടിവെക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. സൈന്യത്തിന് നേരെ ഒരാൾ വരുന്നുണ്ടെങ്കിൽ ആകാശത്തേക്ക് വെടിവെക്കാതെ അയാളുടെ ശരീരത്തിലേക്ക് തന്നെ ഉന്നംപിടിക്കാം. അതൊരു പെൺകുട്ടിയാണെങ്കിലും പ്രായമായ സ്ത്രീയാണെങ്കിലും വെടിവെക്കാൻ അനുവാദമുണ്ടായിരുന്നുവെന്നും സൈനികൻ വ്യക്തമാക്കി.
ഗസ്സ സിറ്റിയിലെ അൽ സൈത്തൂൻ സ്കൂളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചപ്പോൾ കൂട്ടവെടിവെപ്പ് നടത്തിയതും സൈനികൻ ഓർത്തെടുത്തു. ‘അകത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ജനങ്ങൾ ഓടിരക്ഷപ്പെടാൻ തുടങ്ങി. ചിലർ കടലിന് നേരെ ഇടത്തോട്ട് ഓടാൻ തുടങ്ങി. പക്ഷെ, കുട്ടികളുൾപ്പെടെ ചിലർ വലത് വശത്തേക്കാണ് ഓടിയത്. വലത് ഭാഗത്തേക്ക് ഓടിയവരെയെല്ലാം കൊലപ്പെടുത്തി. 20ഓളം പേർ ഇതിലുണ്ടായിരുന്നു. മൃതദേഹങ്ങളുടെ കൂമ്പാരം തന്നെയായിരുന്നു അവിടെ’ -സൈനികൻ ഭയാനക നിമിഷങ്ങളുടെ ഓർമകൾ മാഗസിനുമായി പങ്കുവെച്ചു.
ഗസ്സയിൽ 16നും 50നും ഇടയിൽ പ്രായമുള്ള പുരുഷൻമാരെല്ലാം തീവ്രവാദ സംശയമുള്ളവരാണ്. തെരുവിലൂടെ വെറുതെ കറങ്ങിനടക്കുന്നത് നിരോധിച്ചിരുന്നു. ഇങ്ങനെ നടക്കുന്നത് സംശയാസ്പദമാണ്. ആരെങ്കിലും ജനവാതിലിലൂടെ ഞങ്ങളെ നോക്കുകയാണെങ്കിൽ അവരെയും സംശയത്തോടെയാണ് കാണുക. അവരെ വെടിവെച്ചിടും. മറ്റു ഇസ്രായേൽ പ്രതിരോധ സേനാ അംഗങ്ങൾ പ്രദേശത്ത് ഇല്ലെങ്കിൽ അനിയന്ത്രിതമായിട്ടാണ് വെടിവെപ്പ് നടത്തിയിരുന്നതെന്നും റിസർവ് സൈന്യത്തിന്റെ ഭാഗമായിരുന്നയാൾ പറഞ്ഞു.
ഡിസംബറിലെ യഹൂദ ആഘോഷക്കാലത്ത് കരിമരുന്ന് പ്രയോഗം പോലെ എല്ലാ സേനാംഗങ്ങളും ഒരുമിച്ച് വെളിച്ചംവീശുന്ന രീതിയിൽ വെടിയുതിർത്തതായി സൈന്യത്തിൽനിന്ന് പിൻവാങ്ങിയ യുവാൽ ഗ്രീൻ പറഞ്ഞു. ഞങ്ങൾ ആഗ്രഹിച്ചതെല്ലാം നശിപ്പിച്ചു. നശിപ്പിക്കാനുള്ള ആഗ്രഹം കൊണ്ടല്ല ഇത് ചെയ്തത്, ഫലസ്തീനികളുടെ എല്ലാ കാര്യങ്ങളോടുമുള്ള നിസ്സംഗതയായിരുന്നു ഇതിന് പിന്നിൽ. എല്ലാ ദിവസവും വീടുകൾ തകർത്തു. അവ തകർക്കുന്നതിന് മുമ്പും ശേഷവുമുള്ള ഫോട്ടോകൾ ഞാൻ എടുത്തിട്ടില്ല. എന്നാൽ, ആ പ്രദേശങ്ങൾ എത്ര മനോഹരമായിരുന്നുവെന്ന് എനിക്കറിയാം. ഇപ്പോഴത് മണൽപ്പരപ്പായി മാറിയിരിക്കുന്നു’ -യുവാൽ ഗ്രീൻ കൂട്ടിച്ചേർത്തു.
ആശുപത്രികൾ, ക്ലിനിക്കുകൾ, സ്കൂൾ, മത കേന്ദ്രങ്ങൾ, അന്താരാഷ്ട്ര സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവ ആക്രമിക്കാൻ ഉന്നതാധികാരികളുടെ അനുമതി ആവശ്യമായിരുന്നു. പക്ഷെ, ഈ അനുമതി വെറും ഔപചാരികം മാത്രമാണ്. വെടിവെക്കരുതെന്ന് ആരും നിർദേശിച്ചിട്ടില്ല. ആദ്യം ഷൂട്ട് ചെയ്യുക, ചോദ്യങ്ങൾ പിന്നീട് ചോദിക്കുക എന്നതായിരുന്നു രീതിയെന്നും ഒരു സൈനികൻ വെളിപ്പെടുത്തി.