ഹമാസിന്റെ മിന്നലാക്രമണം; ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടത് സ്വയം സ്ഥാപിച്ച മൈനുകൾ പൊട്ടിത്തെറിച്ച്
|അതിർത്തിയിലെ കെട്ടിടങ്ങൾ തകർത്ത് ബഫർ സോണാക്കി മാറ്റുകയാണ് ഇസ്രായേൽ ലക്ഷ്യം
തിങ്കളാഴ്ച ഗസ്സയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 24 സൈനികരെയാണ് ഇസ്രായേലിന് നഷ്ടമായത്. ഒക്ടോബർ ഏഴിന് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടികളായിരുന്നു ഈ സംഭവങ്ങൾ. സെൻട്രൽ ഗസ്സയിലെ കിബ്ബട്ട്സ് കിസുഫിമിന് സമീപം ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗോഡിന്റെ ഗ്രനേഡ് ആക്രമണത്തിൽ 20 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ അതിർത്തിയിൽനിന്ന് 600 മീറ്റർ അകലെ ഫലസ്തീനികളുടെ വീടുകളും കെട്ടിടങ്ങളും പൊളിച്ച് സൈന്യം ബഫർ സോൺ ഒരുക്കുന്നതിനിടെയായിരുന്നു ആക്രമണം.
പ്രദേശത്തെ കെട്ടിടങ്ങൾ മൈൻ വെച്ച് തകർക്കാനുള്ള ഇസ്രായേൽ സൈനികരുടെ ഓപറേഷനിടെയായിരുന്നു ഹമാസിന്റെ മിന്നലാക്രമണം. മൈനുകൾ സ്ഥാപിച്ച കെട്ടിടത്തിനുള്ളിലാണ് അപ്രതീക്ഷിതമായി ഹമാസിന്റെ റോക്കറ്റ് നിയന്ത്രിത ഗ്രനേഡ് വന്നു പതിച്ചത്. തൊട്ടടുത്ത നിമിഷം കെട്ടിടം തീഗോളമായി മാറി. സ്ഫോടനത്തിന്റെ ആഘാതത്തിൽ മൈൻ സ്ഥാപിച്ച സമീപത്തെ മറ്റൊരു കെട്ടിടവും തകർന്നു തരിപ്പണമായി.
കെട്ടിടത്തിന് പുറത്ത് നിലയുറപ്പിച്ച ടാങ്കിനു നേരെ മറ്റൊരു ഗ്രനേഡും പ്രയോഗിക്കപ്പെട്ടു. ടാങ്ക് കമാൻഡറും മറ്റൊരു സൈനികനുമാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിന്റെ വീഡിയോകൾ ഹമാസ് പുറത്തുവിട്ടിരുന്നു.
മിസൈലും റോക്കറ്റും തൊടുത്ത് തങ്ങളുടെ സൈനികർക്ക് നേരെ ഹമാസ് അപ്രതീക്ഷിത ആക്രമണം നടത്തി ഞെട്ടിച്ചുവെന്നാണ് ആക്രമണത്തെ കുറിച്ച് ഐ.ഡി.എഫ് വക്താവ് ഡാനിയേൽ ഹഗാരി പ്രതികരിച്ചത്. ഇസ്രായേൽ എഞ്ചിനീയറിങ് യൂണിറ്റിന് കാവൽ നിൽക്കുന്ന ടാങ്കിന് നേരെയായിരുന്നു ആക്രമണം. സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുകയും കെട്ടിടങ്ങൾ തകരുകയും അതിനുള്ളിലെ ഭൂരിഭാഗം സൈനികരും കൊല്ലപ്പെടുകയുമായിരുന്നുവെന്ന് ഡാനിയേൽ ഹഗാരി പറഞ്ഞു. കരുതൽ സേനയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്.
സൈനികരുടെ മരണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെർസോഗ്, സുരക്ഷാ മന്ത്രി യോവ് ഗാലന്റ്, പൊലീസ് മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ, പ്രതിപക്ഷ നേതാക്കളായ യെയർ ലാപിഡ്, നഫ്താലി ബെന്നറ്റ് എന്നിവരെല്ലാം പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.
അതിർത്തിയിലെ കെട്ടിടങ്ങൾ തകർത്ത് ബഫർ സോണാക്കുകയാണ് ഇസ്രായേൽ. ഗസ്സയുമായുള്ള 36 മൈൽ ദൂരം വരുന്ന അതിർത്തി പ്രദേശം വിജനമാക്കി മാറ്റി തങ്ങളുടെ രാജ്യത്തെ സുരക്ഷിതമാക്കുകയാണ് ഇസ്രായേൽ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒക്ടോബർ ഏഴിന് സമാനമായ ആക്രമണങ്ങളെ പ്രതിരോധിക്കുകയും ലക്ഷ്യമാണ്.
ഒക്ടോബർ ഏഴിന് ശേഷം തെക്കൻ ഇസ്രായേലിൽനിന്ന് പതിനായിരക്കണക്കിന് പേരാണ് ഒഴിഞ്ഞുപോയത്. ഇവിടെനിന്ന് താമസം മാറിയവരെ തിരിച്ചെത്തിക്കുക എന്നത് ഇസ്രായേലിന്റെ യുദ്ധ ലക്ഷ്യങ്ങളിലൊന്നാണ്. ബഫർ സോൺ എന്ന ആശയം ഇസ്രായേലിൽ വളരെയധികം ശക്തിപ്രാപിച്ചിട്ടുണ്ട്. എന്നാൽ, ഗസ്സയുടെ വിസ്തൃതി കുറക്കുന്ന ഈ നടപടിക്കെതിരെ അമേരിക്കയടക്കം രംഗത്ത് വന്നിട്ടുണ്ട്.