World
Israeli strikes kill 700 no sign of ceasefire Hezbollah Commander Killed
World

ലബനാനിൽ വെടിനിർത്തൽ ആഹ്വാനം തള്ളി ഇസ്രായേൽ; ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു; 700 കടന്ന് മരണസംഖ്യ

Web Desk
|
27 Sep 2024 10:26 AM GMT

ഇസ്രായേൽ വ്യോമാക്രമണം രൂക്ഷമായ സാഹചര്യത്തിൽ ലെബനനിലുള്ള തങ്ങളുടെ പൗരന്മാരോട് എത്രയും വേ​ഗം രാജ്യം വിടാൻ ജപ്പാൻ ഭരണകൂടം ആവശ്യപ്പെട്ടു.

ബെയ്റൂത്ത്: ലബനാൻ അതിർത്തിയിൽ 21 ദിവസം വെടിനിർത്തലിനുള്ള സംയുക്ത അന്താരാഷ്ട്ര ആഹ്വാനം തള്ളി ഇസ്രായേൽ. യുഎസ്, ഫ്രാൻസ്, സൗദി, ജർമനി, ഖത്തർ, യുഎഇ, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമാണ് കഴിഞ്ഞദിവസം വെടിനിർത്തലിന് ആഹ്വാനം ചെയ്തത്. എന്നാൽ ഇത് തള്ളിയ ഇസ്രായേൽ ലബനനിൽ ആക്രമണം കടുപ്പിക്കുകയും ചെയ്തു. ഏറ്റവുമൊടുവിലെ റിപ്പോർട്ടുകൾ പ്രകാരം ലബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. അന്താരാഷ്ട്ര നിർദേശം നിരസിച്ചതിനു പിന്നാലെ യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യാനൊരുങ്ങുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

ഇതിനിടെ, ഹിസ്ബുല്ലയുടെ ഒരു കമാൻഡറും കൂടി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എയർ കമാൻഡറായ ഹുസൈൻ സുറൂറാണ് കൊല്ലപ്പെട്ടത്. ബെയ്റൂത്തിലെ തെക്കൻ പ്രാന്തപ്രദേശത്തു നടന്ന ആക്രമണത്തിലാണ് സുറൂറിന് പരിക്കേറ്റത്. തുടർന്ന് മരിക്കുകയായിരുന്നു. കഴി‍ഞ്ഞദിവസം ബെയ്റൂത്തിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ ഹിസ്ബുല്ലയുടെ മറ്റൊരു കമാൻഡർ ഇബ്രാഹിം ഖുബൈസിയും കൊല്ലപ്പെട്ടിരുന്നു.

ഹിസ്ബുല്ലയുടെ ഏരിയൽ യൂണിറ്റിൻ്റെ തലവനായിരുന്നു സുറൂർ. 1980കളിലാണ് അദ്ദേഹം ഹിസ്ബുല്ലയിൽ ചേർന്നത്. സീനിയർ ഹിസ്ബുല്ല കമാൻഡർമാരെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ തുടർച്ചയായ ആക്രമണങ്ങൾക്കിടെയാണ് സുറൂരിൻ്റെ കൊലപാതകം. ഈ വർഷം ജൂലൈയിൽ ഹിസ്ബുല്ലയുടെ ഏറ്റവും മുതിർന്ന കമാൻഡർമാരിലൊരാളായ ഫുവാദ് ഷുക്ക്റും കഴിഞ്ഞയാഴ്ച ഓപ്പറേഷൻസ് കമാൻഡർ ഇബ്രാഹിം അഖീലും കൊല്ലപ്പെട്ടിരുന്നു.

ഇതിനിടെ, വടക്കുകിഴക്കൻ ഇസ്രായേലി നഗരമായ ടിബീരിയസിനു നേരെ രണ്ട് റൗണ്ട് മിസൈൽ വി​ക്ഷേപിച്ചതായി ഹിസ്ബുല്ല അറിയിച്ചു. ലബനൻ ഗ്രാമങ്ങൾക്കും സാധാരണക്കാർക്കും നേരെയുള്ള ഇസ്രായേലിൻ്റെ ക്രൂരമായ ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഇതെന്ന് ഹിസ്ബുല്ല പറഞ്ഞു. ടിബീരിയസിനെതിരായ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

അതേസമയം, സിറിയ-ലെബനൻ അതിർത്തിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് സിറിയൻ സൈനികർ ഒറ്റരാത്രികൊണ്ട് കൊല്ലപ്പെട്ടതായും ഒരാൾക്ക് പരിക്കേറ്റതായും സിറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഹിസ്ബുല്ലയ്ക്ക് ആയുധങ്ങൾ കൈമാറുന്നത് തടയാൻ നടത്തിയ ആക്രമണമാണിതെന്നായിരുന്നു ഇസ്രായേൽ വാദം.

കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം ഉടൻ ലഭിക്കുമെന്ന് ലെബനൻ സാമൂഹികകാര്യ മന്ത്രി പറഞ്ഞു. 150,000 ദുരിതബാധിത കുടുംബങ്ങൾക്ക് ഒക്ടോബർ 15നകം നഷ്ടപരിഹാരം ലഭിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, മെത്തകൾ, കവറുകൾ, തലയിണകൾ, പുതപ്പുകൾ അടക്കം അഭയകേന്ദ്രങ്ങളിൽ ആവശ്യമായ സാധനങ്ങൾ സംഭാവനകൾ നൽകാനും അഭ്യർഥിച്ചു.

ഇസ്രായേൽ വ്യോമാക്രമണം രൂക്ഷമായ സാഹചര്യത്തിൽ ലെബനനിലുള്ള തങ്ങളുടെ പൗരന്മാരോട് എത്രയും വേ​ഗം രാജ്യം വിടാൻ ജപ്പാൻ ഭരണകൂടം ആവശ്യപ്പെട്ടു. “ഞങ്ങൾ നിലവിൽ ലബനനിൽ താമസിക്കുന്ന ജാപ്പനീസ് പൗരന്മാരുടെ സുരക്ഷ വിലയിരുത്തി. എത്രയും വേ​ഗം രാജ്യം വിടാൻ അവരോട് നിർദേശിക്കുന്നു”- ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിമാസ ഹയാഷി വെള്ളിയാഴ്ച പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ നാട്ടിലെത്തിക്കാൻ ജപ്പാൻ സർക്കാർ ജോർദാനിലേക്ക് സൈനിക വിമാനം അയയ്ക്കാനും പദ്ധതിയിടുന്നുണ്ട്.

ലബനനിൽ ഇസ്രായേലിന്റെ ആക്രമണം തുടർന്നാൽ അവിടെ താമസിക്കുന്ന 11,000 പൗരന്മാരെ ഉടൻ ഒഴിപ്പിക്കാൻ ഫിലിപ്പീൻസും പദ്ധതിയിടുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആയിരക്കണക്കിന് ആളുകളെ കടൽ വഴി ഒഴിപ്പിക്കുമെന്ന് വിദേശകാര്യ അണ്ടർസെക്രട്ടറി എഡ്വാർഡോ ഡി വേഗ പറഞ്ഞു. ലബനിനു നേരെയുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലബനാനിലേക്കും ഇസ്രായേലിലേക്കുമുള്ള സർവീസുകൾ വിവിധ വിമാന കമ്പനികൾ റദ്ദാക്കിയിരുന്നു.

ഹിസ്ബുല്ല നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രായേൽ ആവർത്തിച്ച് പറയു​മ്പോഴും ഇരകളിൽ ഭൂരിഭാ​ഗവും സാധാരണക്കാരാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കൊല്ലപ്പെടുന്ന സിവിലിയൻമാരുടെ എണ്ണം കൂടുകയാണ്. ലബനാനിൽ ആയിരങ്ങളാണ് വീടുകൾവിട്ട് സ്കൂളുകളിലെ ക്യാമ്പുകളിൽ അഭയം തേടിയത്. വീടുകൾ ഒഴിഞ്ഞുപോകാനുള്ള ഇസ്രായേലിന്റെ ഭീഷണിയെ തുടർന്ന് ആയിരക്കണക്കിന് കുടുംബങ്ങളാണ് ലബനന്റെ വിവിധയിടങ്ങളിൽനിന്ന് മറ്റിടങ്ങളിലേക്ക് പലായനം ചെയ്തത്.

Similar Posts